
‘സുമതി വളവിന്റെ‘ റീലീസ് സമയത്ത് നേരിട്ട സോഷ്യൽ മീഡിയ അറ്റാക്കുകളിൽ തളരാതെ തന്നെ പിടിച്ചു നിർത്തിയത് പൃഥ്വിരാജ് നൽകിയ മോട്ടിവേഷനാണെന്ന് തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. “ചിത്രം റിലീസായ് ആദ്യ ദിവസം തനിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന അറ്റാക്ക് ഉണ്ടായെന്നും, ആ സമയത്ത് പൃഥ്വിരാജ് അയച്ച മെസ്സേജ് തന്ന കോൺഫിഡൻസ് വളരെ വലുതാണെന്നും” അഭിലാഷ് പിള്ള പറഞ്ഞു. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിലാഷ് പറഞ്ഞു.
‘സുമതി വളവ് റിലീസായി ആദ്യത്തെ ദിവസം സ്വാഭാവികമായി ഉണ്ടാകുന്ന അറ്റാക്ക് ഉണ്ടായി. അത് ഫാമിലിക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയാണ്. ഈ അറ്റാക്ക് കണ്ടപ്പോൾ സങ്കടമായി ഞാൻ രാജുവേട്ടന് മെസ്സേജ് അയച്ചു. ഞാൻ എന്ത് കാര്യമുണ്ടെങ്കിലും ഷെയർ ചെയ്യുന്നൊരു ആളാണ് രാജുവേട്ടൻ. വല്ലാതെ വിഷമം തോന്നുന്നു സോഷ്യൽ മീഡിയ അറ്റാക്ക് ചെയ്യുന്നുവെന്ന്. പുള്ളി എനിക്ക് ഒരു റീപ്ലേ ഇട്ടു, എന്റെ ലൈഫിൽ വലിയൊരു മോട്ടിവേഷൻ ആണ് അന്ന് പുള്ളി തന്നത്. ശീലം ഇല്ലാത്തതു കൊണ്ടാണ് ശീലം ആകുമ്പോൾ മാറിക്കോളും സങ്കടം, നീ അത് ആലോചിക്കാതെ, നിന്റെ ജോലി നീ ചെയ്തു സിനിമയെ പ്രമോട്ട് ചെയ്യുക പടം ഓടിക്കോളും’ എന്ന് അദ്ദേഹം പറഞ്ഞു.” അഭിലാഷ് പിള്ള പറഞ്ഞു.
“എനിക്ക് വലിയ കോൺഫിൻസ് ആണ് ആ മെസ്സേജ്. അടുത്ത ദിവസം തൊട്ട് പ്രമോഷൻ തിയേറ്റർ വിസിറ്റ് എല്ലാം ഇറങ്ങി. സിനിമ ഒരു ഹിറ്റിലേക്ക് എത്തിയപ്പോൾ ഞാൻ അദ്ദേഹത്തിന് വീണ്ടും മെസ്സേജ് അയച്ചു. താങ്ക്സ് പറഞ്ഞുകൊണ്ട്. എന്തിനാണ് എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങൾ അന്ന് എന്തോ തിരക്കിൽ ഇരുന്ന് അയച്ച സാധാ മെസ്സേജ്, പക്ഷേ എന്നെ സംബന്ധിച്ച് എനിക്ക് അത് ലൈഫിൽ വലിയ മോട്ടിവേഷൻ ആയിരുന്നു ചേട്ടാ എന്ന് പറഞ്ഞു. നേരിട്ട് കണ്ടപ്പോൾ ഞാൻ പറഞ്ഞു അന്ന് ആ മെസ്സേജ് ചേട്ടൻ അയച്ചില്ലായിരുന്നുവെങ്കിൽ ഞാനും അവിടെ തളർന്ന് ഇരുന്നേനെയെന്ന്. പുള്ളി തരുന്ന അഡ്വൈസ് നല്ലതാണ്. പണ്ട് മുതലേ ഇതൊക്കെ ഫേസ് ചെയ്ത് വന്നതല്ലേ. ഇന്നും അതിന് കുറവുണ്ടോ.” അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു അർജുൻ അശോകൻ നായകനായി എത്തിയ സുമതി വളവ്. മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രം കൂടിയായിരുന്നു ഇത്.