‘ആടുജീവിതം’ കഴിഞ്ഞ് തിരിച്ചെത്തി

ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജോര്‍ദ്ദാനില്‍ നിന്ന് മടങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി. ഒന്‍പത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനം കൊച്ചി നെടുമ്പാശേരിയില്‍ എത്തിയത്. മാര്‍ച്ച് 15നാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനിലെത്തിയത്. കൊവിഡ് പ്രതിസന്ധി മൂലം ജോര്‍ദാനില്‍ പെട്ടുപോകുകയിരുന്നു സംഘം. 58 പേരടങ്ങിയ സംഘമാണ് ചിത്രീകരണം കഴിഞ്ഞ് മടങ്ങിയെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജോര്‍ദാനില്‍ നിന്ന് സംഘം പുറപ്പെട്ടത്. നാട്ടിലെത്തുന്നതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്ക് ഇവര്‍ മാറും. 14 ദിവസം നിരീക്ഷണത്തില്‍ തുടരും.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയും ആണ്.ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകന്‍ എ. ആര്‍. റഹ്മാന്‍ ആണ്.

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ‘മൈ ഫാദര്‍ ഈസ് കമിംഗ്…താടിക്കാരന്‍’… മകള്‍ ചോക്ക് കൊണ്ട് അച്ഛന്‍ വരുന്നതിലുള്ള സന്തോഷം എഴുതുന്ന വീഡിയോ ആണ് സുപ്രിയ നേരത്തെ പങ്കുവെച്ചത്. സുപ്രിയയും വീഡിയോയുടെ കമന്റില്‍ പൃഥ്വി ഏട്ടന് സ്വാഗതം പറയുന്നുണ്ടായിരുന്നു. ക്വാറന്റൈന്‍ ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ആസ്വദിക്കാം എന്നാണ് സന്തോഷത്തോടെ സുപ്രിയ പറഞ്ഞത്‌.