ബെന്യാമിന്റെ നോവലായ ‘ആട് ജീവിത’ത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മാര്‍ച്ച് 16ന് അള്‍ജീരിയയില്‍ തുടങ്ങും. നേരത്തെ ജോര്‍ദ്ദാനിലായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നത്. ജോര്‍ദ്ദാനില്‍ ചിത്രീകരണാനുമതി ലഭിക്കാത്തതിനാലാണ് ലൊക്കേഷന്‍ അള്‍ജീരിയയിലേക്ക് മാറ്റിയതെന്നറിയുന്നു.
ആട് ജീവിതത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസിയും പൃഥ്വിരാജും സംഘവും മാര്‍ച്ച് 9ന് അള്‍ജീരിയയിലേക്ക് തിരിക്കും. മാര്‍ച്ച് 16 മുതല്‍ മെയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് അള്‍ജീരിയയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. അള്‍ജീരിയന്‍ ഷെഡ്യൂളിന് ശേഷം ജൂണില്‍ ബംഗളൂരുവില്‍ ആട് ജീവിതത്തിന്റെ പത്ത് ദിവസത്തെ ചിത്രീകരണം നടക്കും.
അമലാ പോളാണ് ആടു ജീവിതത്തില്‍ പൃഥ്വിരാജിന്റെ നായികാവേഷത്തില്‍ എത്തുന്നത്. എ.ആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നതും ആടുജീവിതത്തിലൂടെയാണ്. മുന്‍പേ തന്നെ രണ്ട് ഗാനങ്ങള്‍ സിനിമയ്ക്കുവേണ്ടി പൂര്‍ത്തിയാക്കിയതായി റഹ്മാന്‍ അറിയിച്ചിരുന്നു. കെ.യു മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ആട് ജീവിതത്തിന്റെ തിരക്കഥയും സംവിധായകന്‍ ബ്ലെസി തന്നെ നിര്‍വഹിക്കുന്നു.