“അവസാന നിമിഷം ഒഴിവാക്കാനാവാത്ത സാഹചര്യം”; ക്ഷമ ചോദിച്ച് വിജയ് ബാബു

','

' ); } ?>

ആട് 3യുടെ തിരുവനന്തപുരത്തെ പ്രൊമോഷന്‍ അവസാന നിമിഷം റദ്ദാക്കേണ്ടിവന്നതില്‍ വിശദീകരണം നൽകി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ അവസാന നിമിഷം പ്രോഗ്രാമുകള്‍ റദ്ദാക്കേണ്ടി വരികയായിരുന്നെന്ന് വിജയ് ബാബു പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. വിഷയത്തില്‍ അദ്ദേഹം ക്ഷമയും ചോദിച്ചിട്ടുണ്ട്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജിലും മാള്‍ ഓഫ് ട്രാവന്‍കൂളിലും ഇന്നാണ് സിനിമയുടെ താരങ്ങളും അണിയറക്കാരും പങ്കെടുക്കുന്ന പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. ചിത്രത്തിലെ നായകനായ ജയസൂര്യ ഉള്‍പ്പെടെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പരിപാടികളായിരുന്നു ഇവ. മാര്‍ ഇവാനിയോസിലെ വിദ്യാര്‍ഥികളോടും മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വരുന്നവരോടും വരും ദിനങ്ങളില്‍ തങ്ങളില്‍ നിന്ന് ചില സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്നും പറയുന്നുണ്ട്.

ചിത്രം ഈ മാസം 19 ന് തിയറ്ററുകളില്‍ എത്തും. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചിത്രത്തിന്‍റെ റിലീസിനെ ബാധിക്കില്ലെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.