‘എ സ്യൂട്ടബിള്‍ ബോയ്’ മതവികാരം വ്രണപ്പെടുത്തി’, നെറ്റ്ഫ്‌ലിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ‘എ സ്യൂട്ടബിള്‍ ബോയ്’ മിനി വെബ് സീരിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ് പൊലീസ്. വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍, പബ്ലിക് പോളിസീസ് ഡയറക്ടര്‍ അംബിക ഖുറാന ഉള്‍പ്പെടുന്ന നെറ്റ്ഫ്‌ലിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മതനിന്ദ ഉണര്‍ത്തുന്ന രംഗങ്ങള്‍ നീക്കംചെയ്യണമെന്നും സംഭവത്തില്‍ വെബ് സീരീസ് അണിയറക്കാര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി ഗൗരവ് തിവാരി നല്‍കിയ പരാതിയിലാണ് നെറ്റ്ഫ്‌ലിക്‌സിനെയും സീരീസിന്റെ നിര്‍മ്മാതാക്കളെയും പ്രതികളാക്കി കേസ് ഫയല്‍ ചെയ്തത്.

ഇന്ത്യന്‍ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്റെ ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് മീര നായര്‍ വെബ് സീരിസ്ഒരുക്കിയത്.ക്ഷേത്രപരിസരത്ത് വച്ച് കഥാപാത്രങ്ങള്‍ ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടി നെറ്റ്ഫ്ളിക്സിനെതിരെയും ‘എ സ്യൂട്ടബിള്‍ ബോയ്‌ക്കെതിരെയും ട്വിറ്ററിലൂടെ ബഹിഷ്‌കരണാഹ്വാനം നടന്നിരുന്നു. സീരീസ് ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ലൗ ജിഹാദിനെ അനൂകൂലിക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് സീരിസിനെതിരെ ഉയര്‍ന്നത്.നേരത്തെയും സീരിസ് വിവാദങ്ങളില്‍ പെട്ടിരുന്നു.