
സ്‌ട്രോക്കിനു ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന നടനും മിമിക്രി ആർട്ടിസ്റ്റുമായ ഉല്ലാസ് പന്തളത്തിന് ഒരു ലക്ഷം രൂപ നൽകി ജ്വല്ലറി ഉടമ. തങ്ങളുടെ ഭാഗത്തുനിന്നും ചെറിയൊരു സംഭാവന എന്നു പറഞ്ഞാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഉല്ലാസിന് കൈമാറിയത്. വൈറ്റ് ഗോൾഡിന്റെ തിരുവല്ലയിലെ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴാണ് നടന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പുറം ലോകം അറിയുന്നത്.
നടക്കാൻ ബുദ്ധിമുട്ടുന്ന ഉല്ലാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്‌റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. തൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താരത്തിന്റെ ഭാര്യയും മക്കളും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ലക്ഷ്മി നക്ഷത്രയുടെ ഇടപെടലാണ് ഉല്ലാസ് പന്തളത്തെ ഒരു പൊതുവേദിയിൽ എത്തിച്ചത്. ജ്വല്ലറിയുടെ ചടങ്ങിൽ ലക്ഷ്മിക്കൊപ്പം ഉല്ലാസ് പന്തളം ഒരു ഗാനം ആലപിക്കുകയും ചെയ്തു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ മിമിക്രി ആർട്ടിസ്റ്റും നടനുമാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഉല്ലാസ് പന്തളത്തിന്റെതായി പുറത്തുവന്ന വീഡിയോയിൽ ഇടത് കൈയ്ക്ക് ഉള്ള സ്വാധീനക്കുറവും സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്നതും ആരാധകരെ ആശങ്കയിലാക്കുകയാണ്.