
തരുൺമൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും’. ചിത്രത്തിനെകുറിച്ചുള്ള ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പേരിനെക്കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകൻ തരുൺമൂർത്തി.സിനിമയുടെ പേരിന് യൂനീക്നസ് വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. ഒരു സിനിമയുടെ പേരാണ് പ്രേക്ഷകരുടെ മനസ്സിൽ പതിയേണ്ടത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് തുടരും എന്ന ടൈറ്റിൽ കിട്ടുന്നത്. സിനിമയ്ക്ക് വിന്റേജ് എന്നൊരു സജഷനും ലഭിച്ചിരുന്നു. അനാവശ്യമായി ഒരു വിന്റേജ് റഫറൻസിന്റെ ആവശ്യമുണ്ടോ എന്ന ചിന്ത മൂലമാണ് ആ പേര് ഉപേക്ഷിച്ചത് എന്ന് തരുൺ പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
ഇരുപതു വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ വരുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എൽ 360 എന്ന താത്കാലിക ടൈറ്റിലുമായാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്.
‘സിനിമയുടെ പേരിന് ഒരു യൂനീക്നസ് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പേരാണ് പ്രേക്ഷകരുടെ ഉള്ളിൽ ആദ്യം പതിയേണ്ടത്. പേരില്ലാതെയാണ് ഞാൻ ഷൂട്ട് ആദ്യം തുടങ്ങിയത്. ഷൂട്ടിങ്ങിനിടയിലാണ് തുടരും എന്ന പേര് കിട്ടുന്നത്. ഈ സമയം സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് ഒരു ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അപ്പോഴാണ് മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് ഹേമ കമ്മിറ്റി ഉൾപ്പടെയുള്ള സംഭവങ്ങളുണ്ടാകുന്നത്. അപ്പോഴും സിനിമയുടെ ടൈറ്റിൽ പുറത്തുവിടാൻ ആരാധാകർ പറയുന്നുണ്ട്. എന്റെ മനസ്സിലാണെങ്കിൽ തുടരും എന്ന ടൈറ്റിലാണ് ഉള്ളത്. എങ്ങനെ ഞാൻ ആ ടൈറ്റിൽ പുറത്തുവിടും. അങ്ങനെ ആ പ്രശ്നങ്ങൾ അവസാനിക്കും വരെ കാത്തിരുന്നു,’ എന്ന് തരുൺ മൂർത്തി പറഞ്ഞു.’തുടരും എന്ന പേര് സിനിമയുമായി ചേർന്ന് നിൽക്കുന്നതാണ്. എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും ഒരാളുടെ ലൈഫ് തുടരും എന്ന് പറയുന്ന ഫോർമാറ്റിലാണ് തുടരും എന്ന ടൈറ്റിൽ നൽകിയത്. ലാസ്റ്റ് ഷെഡ്യൂൾ ആയപ്പോൾ ഈ പേര് വേണോ എന്ന സംശയത്തിലായി. അതുപോലെ ഈ സിനിമയ്ക്ക് വിന്റേജ് എന്നൊരു സജഷൻ വന്നിരുന്നു. അനാവശ്യമായി ഒരു വിന്റേജ് റഫറൻസിന്റെ ആവശ്യമുണ്ടോ, മോഹൻലാൽ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മൾ പറയുന്നത് പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല ഈ സിനിമ ചെയ്തിരിക്കുന്നത്. വിന്റേജ് എന്ന പേരിൽ ഉറപ്പിച്ചാലോ എന്ന് ഞാൻ ആലോചിച്ചിരുന്നു. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോൾ എന്തിനാ മോനെ തുടരും എന്ന ഇത്രയും മനോഹരമായ വാക്ക് ഉള്ളപ്പോൾ മറ്റൊരു പേര്. എന്തുകൊണ്ടാണ് ആ പേരിൽ ഇതുവരെ ഒരു സിനിമ വന്നിട്ടില്ലാത്തത് എന്നാണ് ഞാൻ ആലോചിക്കുന്നത് എന്നാണ് ലാലേട്ടൻ പറഞ്ഞത്. തുടരും നല്ല പേരാണ് അതിൽ മുന്നോട്ടു പോകൂ എന്ന് പറഞ്ഞപ്പോൾ ആ പേര് ഉറപ്പിക്കുകയായിരുന്നു,’ എന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും.മോഹന്‍ലാലിന്‍റെ അവസാന റിലീസ് ആയിരുന്ന എമ്പുരാന് അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് അറിയിക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്‍പേ എമ്പുരാന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലടക്കം റെക്കോര്‍ഡ് പ്രതികരണമാണ് എമ്പുരാന്‍ നേടിയത്. അത് കൊണ്ട് തന്നെ തുടരുമിന്റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ എമ്പുരാന്‍റേതുമായി താരതമ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. ഏറെ ശ്രദ്ധയോടെയാണ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന താരത്തേക്കാള്‍ അദ്ദേഹത്തിലെ നടനില്‍ ശ്രദ്ധ കൊടുക്കുന്ന ചിത്രമാണ് തുടരും. “ദൃശ്യം”പോലൊരു സിനിമയായിരിക്കും തുടരുമെന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞെങ്കിലും സംവിധായകൻ തരുൺമൂർത്തി അത് തിരുത്തി കൊണ്ട് രംഗത്തു വന്നിരുന്നു. തുടരും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് തരുൺമൂർത്തി പറഞ്ഞത്.