
മോഹൻലാൽ എന്ന നടനെവെച്ച് ഒരു സിനിമ ചെയ്ത സംവിധായകന് മറ്റൊരു നടനൊപ്പം പ്രവർത്തിക്കുമ്പോൾ അത്രയും തൃപ്തി ഉണ്ടാകില്ലെന്ന് മണിയൻപിള്ള രാജു പറഞ്ഞു.ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം, മുൻപ് നൽകിയ അഭിമുഖത്തിലെ ഒരു ഭാഗം തുടരും സിനിമയുടെ റിലീസിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
‘മോഹൻലാൽ ഏത് സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയുന്ന ആളാണ്. ആര് അടുത്ത് വന്ന് സംസാരിച്ചാലും രണ്ട് മിനിറ്റുകൊണ്ട് അയാളുമായി ലാൽ കമ്പനിയാകും. അദ്ദേഹം ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്‌താൽ പിന്നെ ആ സംവിധായകൻ വേറൊരു നടനെവെച്ച് സംവിധാനം ചെയ്യുമ്പോൾ സമാധാനവും തൃപ്തിയും ഉണ്ടാകില്ല. അത്രയധികം സഹകരിച്ച് വർക്ക് ചെയുന്ന ആളാണ് മോഹൻലാൽ. സിനിമയ്ക്ക് വേണ്ടി യാത്ര ചെയ്യാനും കഷ്ടപ്പെടാനും ലാൽ തയ്യാറാണ്. ഒരു മടിയും കാണിക്കില്ല; മണിയൻ പിള്ള രാജു പറഞ്ഞു. കുട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ‘തുടരും’ തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്ന നടന്റെ പ്രകടനം തിരികെ കിട്ടിയെന്ന സന്തോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. തിയേറ്ററുകൾ ഹൗസ് ഫുൾ ആകുന്ന കാഴ്ച്ചയാണ്. ചിത്രത്തിന്‍റെ ടിക്കറ്റ് വിൽപ്പനയിൽ ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് മൂന്ന് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലെ റെക്കോർഡുകൾ തുടരും തിരുത്തിയിട്ടുണ്ട്. പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്. അതേസമയം, എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയിൽ നേടിയതായാണ് റിപ്പോർട്ട്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ കുറിച്ചുള്ള ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ചർച്ചയാവുകയും അർദ്ധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ചിത്രത്തിൽ ശോഭനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. വലിയരീതിയിൽ തന്നെ പ്രേക്ഷകർ പുതിയ വാർത്തകൾ ആഘോഷമാക്കാറുമുണ്ട്. തുടരും സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് തന്നത് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളാണെന്ന് ഈ അടുത്ത തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യുമ്പോൾ പലരും ഒരു ഭ്രമത്തിൽ സ്വന്തമായി ലോകം ഉണ്ടാക്കി അത് സിനിമയാക്കുമെന്നും എന്നാൽ തരുൺ മോഹൻലാലിന് വേണ്ടി മാറേണ്ട അദ്ദേഹം നിങ്ങൾക്ക് വേണ്ടി മാറുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നാണ് തരുൺ വ്യക്തമാക്കുന്നത്.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.