
മലയാളത്തിലെ റിയലിസ്റ്റിക് ആക്ടേഴ്‌സിന്റെ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടന്‍മാരിലൊരാളാണ് അനൂപ് മേനോന്‍. ‘കോക്ക്‌ടെയില്‍’, ‘ബ്യൂട്ടിഫുള്‍’, ‘ട്രിവാന്‍ഡ്രം ലോ’ഡ്ജ്, ‘ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്’, ‘ഹോട്ടല്‍ കാലിഫോര്‍ണിയ’ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ തിരക്കഥാ വൈഭവവും തെളിയിച്ചു. എന്നാല്‍ ഇപ്പോള്‍ താരം എത്തിയിരിക്കുന്നത് സംവിധായക വേഷത്തിലാണ്. ‘കിങ്ങ് ഫിഷ്’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ഒപ്പം അനൂപ് മേനോന് അദ്ദേഹം ആസംശകളും നേര്‍ന്നു. ചിത്രത്തിന്റെ കഥയും തയ്യാറാക്കിയിരിക്കുന്നത് അനൂപ് തന്നെയാണ്.
ഒരു രാജകുടുംബത്തിലെ അംഗമായ ഭാസ്‌കര വര്‍മ്മയെന്നയാളുടെ ജീവിതത്തെ ചുറ്റിപ്പറ്റി സംഭവിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് കിങ്ങ് ഫിഷ്. ചിത്രത്തില്‍ ഭാസ്‌കര വര്‍മ്മയെ നാട്ടുകാര്‍ സ്‌നേഹ പൂര്‍വ്വം വിളിക്കുന്ന പേരാണ് നെയ് മീന്‍ ഭാസി. ഇതിന്റെ ഇംഗ്ലീഷ് തര്‍ജിമയായ ‘കിങ്ങ് ഫിഷ്’ എന്ന പേരാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഭാസ്‌കര വര്‍മ്മയുടെ അമ്മാവനായ നീലകണ്ടന്‍, സ്വതന്ത്രയായി ജീവിക്കുന്ന കാളിന്ദിയെന്ന സ്ത്രീ എന്നീ വേഷങ്ങളിലാണ് യഥാക്രമം രഞ്ജിത്തും ദുര്‍ഗ്ഗ കൃഷ്ണയുമെത്തുന്നത്.
ടെക്‌സസ് ഫിലിംസിന്റെ ബാനറില്‍ അമിജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ജനുവരി മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്. മുംബൈ, എറണാകുളം, റാന്നി, കൊന്നി, ദുബായ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും രതീഷ് വേക സംഗീതവും നിര്‍വ്വഹിക്കും.
മമ്മൂട്ടി പുറത്ത് വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍..