പൃഥ്വിരാജ് വാക്ക് പാലിച്ചു.. പ്രേക്ഷകര്‍ക്കൊരു ദൃശ്യാനുഭവമായി 9

','

' ); } ?>

സിനിമ എപ്പോഴാണ് ഒരനുഭവമാകുന്നത്…? പ്രേക്ഷകനും സിനിമയും തമ്മില്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. ജനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും വാമിഖയും അലോകും മലയാളത്തിന് സംഭാവന ചെയ്തിരിക്കുന്നത് അത്തരമൊരനുഭവമാണ്. വളരെ കൃത്യമായ ഒരു പിന്തുണയോടെ പൃഥ്വിരാജ് എന്ന നിര്‍മ്മാതാവിനെ കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ് 9 എന്ന ചിത്രം.

മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെടാത്ത വ്യത്യസ്ഥമായ ഒരു പ്രമേയത്തില്‍ തന്റെ പക്വതയാര്‍ന്ന സംവിധാനത്തിലൂടെ ജനൂസ് മുഹമ്മദ് നല്ലൊരു സൈന്റിഫിക് ത്രില്ലര്‍ തന്നെയാണ് ഒരുക്കിയിരിക്കുകയാണ്. 9 ദിവസം കൊണ്ട് സംഭവിക്കുന്ന ഒരു ആഗോള സംഭവത്തെ വളരെ മനോഹരമായി വൃത്തിയോടെ ചിത്രം പാക്ക് ചെയ്തിട്ടുണ്ട്. ഈ നീറ്റ് പാക്കേജിങ്ങ് തന്നെയാണ് ഒറ്റ നോട്ടത്തില്‍ പ്രേക്ഷകന് നല്ലൊരു ദൃശ്യാനുഭവം നല്‍കാന്‍ സഹായിച്ചത്. ഒപ്പം ചിത്രത്തിലെ സോണി പിക്‌ചേഴ്‌സ് എന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡിയോയുടെ പങ്കാളിത്തം 9ന് സ്വന്തമായ ഒരു നിലവാരവും നല്‍കിയിട്ടുണ്ട്.

ഏറെ ചടുലമായ ഒരു ത്രില്ലിങ്ങ് ഫസ്റ്റ് ഹാഫോടെയാണ് 9 ന്റെ ആരംഭം. കഥയുടെ ചരടിലേക്ക് അടുക്കുംതോറും പ്രേക്ഷകനെ ചിത്രത്തിലേക്കടുപ്പിക്കാന്‍ അത് വളരെ അധികം സഹായിച്ചിട്ടുണ്ട്. രണ്ടാം ഭാഗം ആദ്യം അല്പം ഇഴഞ്ഞെങ്കിലും പിന്നീടുള്ള സ്വാഭാവികമായ തുടര്‍ച്ചയിലൂടെ പ്രേക്ഷകനെ കഥയിലേക്ക് തന്നെ തിരിച്ച് കൊണ്ടുവരാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

രണ്ടാം പകുതിയിലെ ചില രംഗങ്ങളില്‍ എസ്ര എന്ന ചിത്രവുമായി പ്രേക്ഷകന് സാദൃശ്യം തോന്നുമെങ്കിലും സൂക്ഷ്മതയോടെ ചിത്രത്തെ നോക്കിക്കാണുന്നതിലൂടെ ചിത്രത്തിന്റെ പശ്ചാത്തലവും പ്രേക്ഷകനുമായുള്ള കണക്ഷനും വ്യത്യസ്തമാണെന്ന് പിന്നീട് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കൂടാതെ നല്ലൊരു അവസാനവും ഈ ചിന്തയെ മറികടത്തുന്നു. മലയാള സിനിമയിലേക്ക് ഒരു പുതിയ സിനിമ സമ്മാനിക്കുമെന്ന പൃഥ്വിയുടെ വാഗ്ദാനം 90 ശതമാനവും അദ്ദേഹത്തിന് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് പൃഥ്വിയോടൊപ്പവും ചില സമയങ്ങളില്‍ മുന്നിട്ടും നില്‍ക്കാന്‍ ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വാമിക ഖബ്ബിക്ക് സാധിച്ചിട്ടുണ്ട്. ഒടിയന് ശേഷം നടന്‍ പ്രകാശ് രാജിന്റെ ഒരു നല്ല മലയാള കഥാപാത്രത്തെയും ചിത്രത്തില്‍ കാണാം. ആഡം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലോക് എന്ന കൊച്ചുമിടുക്കന്‍ തന്നെയാണ് അഭിനയം കൊണ്ട് ചിത്രത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

ഷമീര്‍ മൊഹമ്മദിന്റെ ചിത്രസംയോജനം ചിത്രത്തിന് നല്‍കിയ തുടര്‍ച്ചയും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഫ്രെയിംസ് സമ്മാനിച്ച അഭിനന്ദന്‍ രാമാനുജന്റെ ഛായാഗ്രഹണവും ഏറെ പ്രശംസനീയാര്‍ഹമാണ്. ഒപ്പം ഷാന്‍ റഹ്മാന്റെ അനുയോജ്യമായ സംഗീതത്തിന്റെ കൃത്യമായ ഇടപെടലുകളും ചിത്രത്തിന് നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു.

മനുഷ്യര്‍ക്കതീതമായ പല കാര്യങ്ങളിലും അവസാന വാക്ക് കല്‍പ്പിക്കുന്നത് മനുഷ്യത്വം എന്ന പ്രതിഭാസം തന്നെയാണ്. എല്ലാവരുടെയും മനസ്സിലുള്ള ഈ പ്രതിഭാസത്തെ തിരിച്ചറിയാന്‍ 9 എന്ന ചിത്രം ഒരുപാട് സഹായിക്കട്ടെ..