മരിച്ചുവെന്ന് വ്യാജപ്രചാരണം,താന്‍ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കി എരഞ്ഞോളി മൂസ

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചുവെന്ന രീതിയില്‍ ഉള്ള വ്യാജപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതേ തുടര്‍ന്ന് താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും വ്യക്തമാക്കി മൂസ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ എരഞ്ഞോളി മൂസ. ജീവനോടെ തന്നെ പറയുകയാണ്. എന്നെക്കുറിച്ച് ഒരു വാര്‍ത്ത ഇങ്ങനെ നല്ല രീതിയില്‍ പ്രചരിക്കുന്നുണ്ട്. അത് ഇല്ലാത്ത വാര്‍ത്തയാണ്. ആ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെ ഇതും പ്രചരിപ്പിക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും സഹരിക്കണം.’ അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

‘ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി’ എന്നു തുടങ്ങുന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മൂസ തന്നെ രംഗത്തെത്തിയത്.

എരഞ്ഞോളി മൂസ മരിച്ചുവെന്നു സമൂഹമാധ്യമത്തിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്തു. പൊതുജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തി പരത്തിയെന്ന കേരള പൊലിസ് ആക്ട് പ്രകാരമാണ് കേസ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് എരഞ്ഞോളി മൂസ മരിച്ചതായി സമൂഹ മാധ്യമങ്ങള്‍ വഴി ഇയാള്‍ വ്യാജവാര്‍ത്ത നല്‍കിയത്.