
മലയാള സിനിമാ മേഖലയ്ക്കും നിർമ്മാതാക്കൾക്കും പുതിയ പ്രതീക്ഷയേകിക്കൊണ്ട് ‘എം. ഫ്ളിക്സ്’ (Mflix) എന്ന പേരിൽ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ. മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലുള്ള ഈ സംരംഭം കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
മലയാള സിനിമയ്ക്കും മറ്റ് കലാരംഗങ്ങൾക്കും ഏറെ പ്രയോജനകരമായ രീതിയിൽ മുന്നോട്ടുപോകാൻ എം. ഫ്ളിക്സിന് സാധിക്കട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് ആശംസിച്ചു. വിപണന സാധ്യതകളില്ലാതെ കെട്ടിക്കിടക്കുന്ന ഒട്ടേറെ നല്ല മലയാള ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനും, അതിലൂടെ നിർമ്മാതാക്കൾക്ക് അർഹമായ പ്രയോജനം ഉറപ്പാക്കാനുമാണ് ഈ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. മധുസൂദനൻ മാവേലിക്കര ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി. സിനിമകൾക്ക് പുറമെ വെബ് സീരീസുകൾ, മൈക്രോ ഡ്രാമകൾ, വിവിധ ഇവന്റുകൾ, സ്റ്റേജ് ഷോകൾ എന്നിവയും എം. ഫ്ളിക്സിലൂടെ സംപ്രേക്ഷണം ചെയ്യും.
നവംബർ 24-ന് നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, സംവിധായകരായ ജോസ് തോമസ്, വേണു ബി. നായർ, എം. ഫ്ളിക്സ് സി.ഇ.ഒ റെയ്സ് സിദ്ദിഖ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.