“ഏഴാം അറിവ്’ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, അതിലെ പ്രകടനത്തിൽ ഞാനിന്നും തൃപ്തയല്ല”; ശ്രുതി ഹാസൻ

','

' ); } ?>

സൂര്യ നായകനായ ‘ഏഴാം അറിവ്’ എന്ന ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടി ശ്രുതി ഹാസൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ പോരായ്മ കൊണ്ടല്ല, മറിച്ച് അക്കാലത്ത് തനിക്ക് വേണ്ടത്ര തയ്യാറെടുപ്പുകളോ അച്ചടക്കമോ ഇല്ലാതിരുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും സ്വന്തം പ്രകടനത്തിൽ തൃപ്തയല്ലെന്നും ശ്രുതി പറഞ്ഞു.

ആ സിനിമയെ ഗൗരവത്തോടെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും കൂടുതൽ നന്നായി ചെയ്യാമായിരുന്നുവെന്ന് തോന്നാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും പിന്നീട് ആരാധകർക്കിടയിൽ കൾട്ട് സ്റ്റാറ്റസ് നേടിയ ചിത്രമാണ് ഏഴാം അറിവ്. ബയോളജിക്കൽ ആക്രമണം തടയുന്നതിനായി ബോധിധർമ്മന്റെ വേരുകൾ തേടിയിറങ്ങുന്ന ശുഭ ശ്രീനിവാസൻ എന്ന ജെനെറ്റിക്സ് വിദ്യാർത്ഥിയുടെ വേഷമാണ് ശ്രുതി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ സൂര്യ ചിത്രമായ ‘സീനി’ൽ ഏഴാം അറിവ് റഫറൻസ് ഉണ്ടായിരുന്നതും തിയേറ്ററുകളിൽ വലിയ കയ്യടി നേടിയിരുന്നു. അതേസമയം, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാംശലോ ഒക താര’യാണ് ശ്രുതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഈ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശ്രുതിയുടെ വാക്കുകൾ

”ആ സിനിമ ചെയ്തിരുന്നില്ലെങ്കില്‍ എന്ന് തോന്നാറുണ്ട്. ഞാനിത് പരസ്യമായി പറയാനാഗ്രഹിക്കുകയാണ്. സിനിമയല്ല കാരണം. പക്ഷെ, ഞാന്‍ വേണ്ടത്ര തയ്യാറായിരുന്നില്ല. അച്ചടക്കമുണ്ടായിരുന്നില്ല. അതിനോടുള്ള എന്റെ സമീപനം ശരിയായിരുന്നില്ല. ഞാന്‍ തന്നെ എന്റെ പ്രകടനത്തില്‍ തൃപ്തയല്ല. കുറേക്കൂടി നന്നായി ചെയ്യാനായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. ഞാനത് ഗൗരവ്വത്തോടെയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും, എനിക്കത് ഉള്‍ക്കൊള്ളാനായിരുന്നില്ല.”