‘ഈ പ്രായത്തിൽ കോളജ് വിദ്യാർത്ഥിയായി അഭിനയിക്കാൻ ആദ്യം മടിച്ചിരുന്നു; മറ്റൊരു നടനെ തേടാൻ പറഞ്ഞു’: ‘ശ്രീ ശ്രീ’യെക്കുറിച്ച് ദുൽഖർ

','

' ); } ?>

പുതിയ തെലുങ്ക് ചിത്രമായ ‘ശ്രീ ശ്രീ’യിൽ കോളജ് വിദ്യാർത്ഥിയായി അഭിനയിക്കാൻ ആദ്യം തനിക്ക് താല്പര്യമില്ലായിരുന്നെന്ന് നടൻ ദുൽഖർ സൽമാൻ. ഈ പ്രായത്തിൽ വീണ്ടും കോളജ് വിദ്യാർത്ഥിയായി എത്തുമ്പോൾ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നതായും, കഥാപാത്രത്തിന്റെ പ്രായത്തിന് ചേരുന്ന മറ്റേതെങ്കിലും നടനെ വിളിക്കാൻ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നതായും താരം വെളിപ്പെടുത്തി. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്.

ഒടുവിൽ ആ വേഷം ചെയ്യാൻ തീരുമാനിച്ചപ്പോൾ രൂപമാറ്റത്തിനായി കഠിനമായി പ്രയത്നിക്കേണ്ടി വന്നെന്നും ദുൽഖർ പറഞ്ഞു. സിനിമയിൽ വളരെ കുറഞ്ഞ സമയം മാത്രമുള്ള രംഗമാണെങ്കിൽ പോലും, കൃത്യമായ വർക്കൗട്ടുകളിലൂടെ ശരീരഭാരം കുറച്ചാണ് ആ ലുക്കിലേക്ക് എത്തിയത്. ശാരീരികമായി അതിന് സാധിച്ചില്ലായിരുന്നെങ്കിൽ കംപ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ ‘ഡീ-ഏജിങ്’ ചെയ്യാൻ ആവശ്യപ്പെടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രവി നെലകുടിതി സംവിധാനം ചെയ്യുന്ന ‘ശ്രീ ശ്രീ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കോളജ് യൂണിഫോം ധരിച്ചുനിൽക്കുന്ന ദുൽഖറിനെയും നായിക പൂജ ഹെഗ്‌ഡെയെയുമാണ് അവതരിപ്പിച്ചിരുന്നത്. ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും. അതേസമയം, ദുൽഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’ റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിൽ തന്നെ 27 കോടിയിലധികം രൂപ കലക്ഷൻ നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.

ദുൽഖറിന്റെ വാക്കുകൾ

“ഈ റോള്‍ ആദ്യം ചെയ്യണ്ട എന്ന് വിചാരിച്ചതായിരുന്നു. കാരണം, ഈ പ്രായത്തില്‍, വീണ്ടും ഒരിക്കല്‍ കൂടി കോളജ് സ്റ്റുഡന്റായി എത്തുമ്പോള്‍ ആളുകള്‍ക്ക് അത് അം​ഗീകരിക്കാൻ പറ്റില്ലെന്ന് തോന്നി. എന്നേക്കാള്‍ ചെറുപ്പമായിട്ടുള്ള ഏതെങ്കിലും നടനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് അത് ചെയ്യേണ്ടി വരികയായിരുന്നു. വളരെ കുറച്ച് സമയം മാത്രമുള്ള സീക്വന്‍സാണ്. പക്ഷേ, ആ രൂപത്തിലേക്ക് എത്താന്‍ കുറച്ചധികം കഷ്ടപ്പെട്ടു. വര്‍ക്കൗട്ടൊക്കെ ചെയ്ത് ശരീരഭാരം കുറച്ചിട്ടാണ് ആ റോള്‍ ചെയ്തത്. എന്നെക്കൊണ്ട് പറ്റുമോ എന്ന ശ്രമം നടത്തി. പറ്റില്ല എന്ന് തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷേ, കംപ്യൂട്ടറിന്റെ സഹായത്തില്‍ ഡീ ഏജ് ചെയ്യാന്‍ ആവശ്യപ്പെട്ടേനെ.”