
ദുൽഖർ സൽമാൻ നായകനായെത്തിയ ‘ആകാശംലോ ഒക താര’ എന്ന ചിത്രത്തിലെ മണൽക്കാറ്റ് രംഗം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് ചിത്രീകരിച്ചതെന്ന് ഛായാഗ്രാഹകൻ സുജിത് സാരംഗ്. നിരവധി പ്രൊപ്പല്ലറുകളും പൊടിയും ഉപയോഗിച്ച് കൃത്രിമമായി മണൽക്കാറ്റ് സൃഷ്ടിച്ചപ്പോൾ, കനത്ത പൊടിക്കാറ്റിനിടയിലും ദുൽഖർ സൽമാൻ രംഗം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യം ഗുജറാത്തിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്ന മണൽക്കാറ്റ് രംഗം, അവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് ലൊക്കേഷൻ മാറ്റിയത്. ചിത്രത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം ഗുജറാത്തിൽ പൂർത്തിയാക്കിയ ശേഷമാണ് ഈ രംഗവും തുടർന്നുള്ള റെയിൽവേ സ്റ്റേഷൻ രംഗവും രാമോജി ഫിലിം സിറ്റിയിലേക്ക് മാറ്റിയത്. ക്യാമറയ്ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കിയ കനത്ത പൊടിക്കിടയിലും കണ്ണിൽ പൊടി വീണിട്ടും ദുൽഖർ സഹകരിച്ച രീതിയെ സുജിത് സാരംഗ് പ്രത്യേകം പ്രശംസിച്ചു. പിന്നീട് വിഎഫ്എക്സ് ടീമിന്റെ സഹായത്തോടെയാണ് ഈ രംഗങ്ങൾക്ക് അന്തിമ രൂപം നൽകിയത്.
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാത്വിക വീരവല്ലിയാണ് നായിക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ‘ഡിയർ കോമ്രേഡ്’, ‘ധ്രുവങ്ങൾ പതിനാറ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത് സാരംഗ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെച്ചത്.
സുജിത്തിന്റെ വാക്കുകൾ
“ഞങ്ങൾ ഗുജറാത്തിലാണ് ഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ ഭൂഘടന പരിശോധിച്ചപ്പോൾ, അവിടെ മണൽക്കാറ്റ് ചിത്രീകരിക്കുന്നത് പ്രായേഗികമല്ലെന്ന് മനസ്സിലായി. മറ്റു ഭാഗങ്ങളെല്ലാം ഗുജറാത്തിൽതന്നെ പൂർത്തിയാക്കിയശേഷം മണൽക്കാറ്റിന്റെ രംഗം റാമോജി ഫിലിം സിറ്റിയിൽ കൊണ്ടുവന്ന് ചിത്രീകരിച്ചതാണ്. കാറ്റിനു വേണ്ടി നിരവധി പ്രൊപ്പല്ലറുകളും ഡസ്റ്റും പൊടിയും ഉപയോഗിച്ചു. അതിന് ഡിക്യു സാറിനെ ഭയങ്കരമായിട്ട് അഭിനന്ദിക്കേണ്ടതുണ്ട്. അത്രയും പൊടിയായിരുന്നു ചുറ്റും. ഞങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. കണ്ണിൽ പൊടിയടിച്ചിട്ടും അദ്ദേഹം അടിപൊളിയായിട്ട് ആ രംഗം ചെയ്തു. ആ ഭാഗവും ശേഷമുള്ള റെയിൽവേ സ്റ്റേഷനും രാമോജി ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തശേഷം വിഎഫ്എക്സ് ടീം അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു,”