
ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങള്‍ തുറന്നുപറഞ്ഞ് നടന് കുഞ്ചാക്കോ ബോബന്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അവരുടെ വേദനകള്‍ നേരില്‍ കണ്ടതിനെത്തുടര്‍ന്ന് തനിക്ക് രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ലെന്ന് താരം വ്യക്തമാക്കി. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ദുരിതബാധിതരായ കുഞ്ഞുങ്ങളുടെ മുഖങ്ങളും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും തന്നെ വല്ലാതെ ഉലച്ചുകളഞ്ഞെന്നും, അഭിനയിക്കുന്നതിനിടെ പലപ്പോഴും കരഞ്ഞുപോയെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കാഴ്ചകള്‍ തന്റെ മനസ്സിനെ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിയറിന്റെ തുടക്കത്തിലെ ചോക്ലേറ്റ് ബോയ് പരിവേഷത്തില്‍ നിന്നും മാറി, അഭിനയപ്രാധാന്യമുള്ള കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടുന്ന താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
അതേസമയം, വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഹെയ്ല്‍ മേരി’യാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ജി.ആര്. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് മാര്ട്ടിന് പ്രക്കാട്ടും ഡോ. നീരജ് രാജനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, അനു സിത്താര, വിനയ് ഫോര്‍ട്ട്, ഹക്കീം ഷാജഹാന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചാക്കോച്ചന്റെ വാക്കുകൾ
”എന്‍ഡോസള്‍ഫാന്‍ ബാധിതരുമായി ബന്ധപ്പെട്ട സിനിമയാണത്. അവരുടെ വേദനകള്‍, കഷ്ടപ്പാടുകള്‍ നേരിട്ടു ഞാന്‍ കണ്ടു. സത്യമായി പറയുകയാണ്. എനിക്ക് രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാനായില്ല. ആ കുഞ്ഞുങ്ങളെ ഓര്മ വരും. ഇപ്പോഴും ആ കാഴ്ചകള്‍ എന്നെ പിന്തുടരുന്നുണ്ട്.”