
‘പുണ്യാളൻ അഗർബത്തീസ്’ രണ്ടാം ഭാഗത്തിൽ തന്റെ കഥാപാത്രം ഇല്ലാതിരുന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടി നൈല ഉഷ. രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാൽ താൻ പിന്മാറുകയായിരുന്നുവെന്നും, വരുന്നില്ലെന്ന് അറിയിച്ചതോടെ അണിയറപ്രവർത്തകർ കഥാപാത്രത്തെ മരിച്ചതായി ചിത്രീകരിക്കുകയായിരുന്നുവെന്നും നൈല പറഞ്ഞു. ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മായൻ: ചാപ്റ്റർ വണ്ണി’ന്റെ കൊച്ചിയിൽ നടന്ന ട്രെയ്ലർ ലോഞ്ചിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
വേദിയിൽ ജയസൂര്യയെ സദസ്സിലിരുത്തിക്കൊണ്ടായിരുന്നു നൈലയുടെ രസകരമായ പ്രതികരണം. എന്തുകൊണ്ടാണ് രണ്ടാം ഭാഗത്തിൽ ഇല്ലാതിരുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, ‘അത് ജയേട്ടനോട് ചോദിക്കൂ, ജയേട്ടൻ പറയും സംവിധായകനോട് ചോദിക്കാൻ’ എന്നായിരുന്നു നൈലയുടെ ആദ്യ മറുപടി. തുടർന്നാണ് തിരക്കഥ ഇഷ്ടപ്പെടാത്തതിനാൽ പിന്മാറിയ കാര്യം നടി വ്യക്തമാക്കിയത്. 2013-ൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘പുണ്യാളൻ അഗർബത്തീസി’ൽ ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോൽക്കാരന്റെ ഭാര്യ ‘അനു’ എന്ന ശ്രദ്ധേയ വേഷമാണ് നൈല ചെയ്തിരുന്നത്. എന്നാൽ 2017-ൽ ഇറങ്ങിയ ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി’ൽ ഈ കഥാപാത്രം മരിച്ചുപോയതായാണ് കാണിച്ചിരുന്നത്.
‘പുണ്യാളൻ അഗർബത്തീസി’ന് ശേഷം നൈല ഉഷയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മായൻ: ചാപ്റ്റർ വൺ’. സിനിമയിലെ തന്റെ ആദ്യ സുഹൃത്താണ് ജയസൂര്യയെന്ന് നൈല ചടങ്ങിൽ പറഞ്ഞു. ‘മായനി’ൽ ‘സിമി’ എന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. മുൻ ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ജോണറാണ് ‘മായന്റേ’തെങ്കിലും, ജയസൂര്യയുടെ ഭാര്യയായുള്ള തന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിന് മാറ്റമില്ലെന്നും, പുണ്യാളനിലേതുപോലെ തന്നെ സ്നേഹവും കരുതലുമുള്ള ഭാര്യയായാണ് ഇതിലും എത്തുന്നതെന്നും നൈല കൂട്ടിച്ചേർത്തു.
ജേസൺ വർഗീസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയസൂര്യ ‘മായനി’ൽ വേഷമിടുന്നത്. വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിക്കുന്ന ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും.
നൈലയുടെ വാക്കുകൾ
“പുണ്യാളൻ അഗർബത്തീസ് 2-ന്റെ തിരക്കഥ ഞാൻ കേട്ടിരുന്നു. പക്ഷേ എനിക്കത് അത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോൾ അവരെന്നെ പടമാക്കിയതാണ്.
സിനിമയിലെ എന്റെ ആദ്യത്തെ സുഹൃത്താണ് ജയസൂര്യ. ‘പുണ്യാളൻ അഗർബത്തീസി’ന് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘മായൻ’. സിമി എന്നാണ് ഇതിലെ എന്റെ കഥാപാത്രത്തിന്റെ പേര്.
പുണ്യാളനിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറാണ് ‘മായന്റേത്’. എങ്കിലും, ഇതിലും ഞങ്ങൾ ഭാര്യയും ഭർത്താവുമായിട്ടാണ് എത്തുന്നത്. ജയസൂര്യയെ ഭർത്താവായി കിട്ടുമ്പോൾ എന്റെ ഭാര്യാ കഥാപാത്രത്തിന് വലിയ മാറ്റമൊന്നും വരാറില്ല. വളരെയധികം സ്നേഹമുള്ള, കാര്യങ്ങൾ മനസിലാക്കുന്ന ഒരാളാണ് സിമിയും. പുണ്യാളനിൽ നിങ്ങൾ എങ്ങനെയാണോ കണ്ടത്, അതേ സ്നേഹത്തോടെ ജയസൂര്യയുടെ കൂടെ നിൽക്കുന്ന ഒരു കഥാപാത്രം തന്നെയാണ് ‘മായനി’ലും എന്റേത്.”