
‘ഡൊറോത്തി’ എന്ന ചിത്രത്തിൽ സാരി ധരിച്ച അനുഭവത്തെക്കുറിച്ചും പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടൻ സനന്ത്. സാരിയുടുത്തപ്പോൾ സ്ത്രീത്വത്തെയും ഒരു സ്ത്രീയായിരിക്കുന്നതിനെയും പൂർണ്ണമായി ഉൾക്കൊള്ളാനായെന്നും സ്വയം പൂർണ്ണനായതുപോലെ തോന്നിയെന്നും സനന്ത് വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിൽ സാധിക്കാത്ത ഈ അനുഭവത്തിന് പിന്നാലെ അമ്മ, സഹോദരി, മുത്തശ്ശി, സുഹൃത്തുക്കൾ എന്നിവരുടെ മുഖങ്ങളാണ് മനസ്സിലേക്ക് വന്നതെന്നും താരം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സുബ്ബു എന്ന കഥാപാത്രത്തെയാണ് സനന്ത് അവതരിപ്പിച്ചത്. ആദ്യ പകുതിയിൽ പുരുഷനായും രണ്ടാം പകുതിയിൽ ട്രാൻസ് വുമണായും താരം നടത്തിയ വേഷപ്പകർച്ചയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. ചിത്രം കണ്ടതിന് ശേഷം അമ്മയുടെയും സഹോദരിയുടെയും കണ്ണ് നിറഞ്ഞുവെന്നും താൻ അമ്പരന്നുപോയെന്നും സനന്ത് കൂട്ടിച്ചേർത്തു.
മറ്റ് സിനിമകളേക്കാൾ കൂടുതൽ അംഗീകാരം ‘ഡൊറോത്തി’ക്ക് ശേഷം ലഭിച്ചതായി തോന്നിയിട്ടില്ലെങ്കിലും, പ്രേക്ഷകർ തന്നെ അവരിലൊരാളായി ചേർത്തുപിടിച്ചതായി അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഒരു നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നതിന്റെ പ്രതിഫലമായാണ് ഇപ്പോഴത്തെ സ്വീകാര്യതയെ കാണുന്നത്. ആളുകൾ നേരിട്ട് വന്ന് കെട്ടിപ്പിടിച്ചും വിളിച്ച് കരഞ്ഞുകൊണ്ടുമൊക്കെ വൈകാരികമായാണ് ചിത്രത്തോട് പ്രതികരിക്കുന്നതെന്നും സനന്ത് വ്യക്തമാക്കി.
സനന്തിന്റെ വാക്കുകൾ
“സാരിയുടുത്തപ്പോൾ അത് നല്ലതായിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ അതിനെ പൂർണമായും ഉൾക്കൊള്ളുകയായിരുന്നു. സ്ത്രീത്വത്തെയും ഒരു സ്ത്രീയായിരിക്കുന്നതിനെയും ഞാൻ ആവേശത്തോടെ സ്വീകരിച്ചതായിട്ടാണ് എനിക്ക് തോന്നിയത്.
റിയാലിറ്റിയിലേക്ക് വരുമ്പോൾ എനിക്ക് ചെയ്യാൻ പറ്റാത്തൊരു കാര്യമായിരുന്നു അത്. അതുകൊണ്ടുതന്നെ സാരിയുടുത്തപ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വന്നത് അമ്മയും സഹോദരിയും മുത്തശ്ശിയും എന്റെ സുഹൃത്തുക്കളൊക്കെയാണ്. അങ്ങനെ ഒരുപാട് പേരുടെ മുഖം മനസ്സിലേക്ക് വന്നിരുന്നു. എനിക്ക് ഞാൻ കംപ്ലീറ്റായ പോലെയാണ് തോന്നിയത്, എനിക്കറിയില്ല അതെങ്ങനെ വാക്കുകളിലൂടെ വിവരിച്ച് തരണമെന്ന്. എല്ലാവരും അതിനെപ്പറ്റി എന്നോട് ചോദിക്കുന്നുണ്ട്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ ഞാൻ അമ്പരന്നുപോയി എന്ന് പറയാം. എല്ലാവരും കരഞ്ഞപോലെ എന്റെ അമ്മയുടെയും സഹോദരിയുടെയുമൊക്കെ കണ്ണ് നിറഞ്ഞിരുന്നു.
എനിക്ക് എപ്പോഴും സിനിമ മേഖലയിൽ നിന്ന് അംഗീകാരം കിട്ടിയിട്ടുണ്ട്. ‘ഡൊറോത്തി’ക്ക് ശേഷം മറ്റ് ചിത്രങ്ങളേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയതായി എനിക്ക് തോന്നിയിട്ടില്ല. അതേസമയം, പ്രേക്ഷകർ എന്നെ ഒരു ആക്ടർ എന്ന നിലയിൽ നോട്ടീസ് ചെയ്തിരുന്നുവെങ്കിലും അവരിലൊരാളായി എന്നെ അംഗീകരിച്ചതായി തോന്നിയിരുന്നില്ല. അവർ നോട്ടീസ് ചെയ്തതിന്റെ റിവാർഡായിട്ടാണ് ഇപ്പോൾ അവരിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തെ ഞാൻ കാണുന്നത്.
‘ഡൊറോത്തി’യുടെ റെസ്പോൺസ് ഫിസിക്കലാണ്. അതായത് ആളുകൾ വന്ന് കെട്ടിപ്പിടിച്ചിട്ടൊക്കെയാണ് അവരത് പ്രകടിപ്പിക്കുന്നത്. ആളുകൾ വിളിച്ച് സംസാരിക്കുമ്പോൾ കരയാറൊക്കെയുണ്ട്. നേരിട്ട് വന്ന് സംസാരിക്കാറുമുണ്ട്.”