
2008 മുതലുള്ള 18 വര്‍ഷത്തെ ഐപിഎല്‍ കരിയറിന് വിരാമമിട്ട് എംഎസ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, താരത്തെക്കുറിച്ച് നടൻ നിവിൻ പോളി മുൻപ് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ധോനി ആരാധകർക്ക് എങ്ങനെയാണ് പ്രിയപ്പെട്ടവനാകുന്നതെന്ന് നിവിൻ പോളി വ്യക്തമാക്കിയിരുന്നത്.
ചില താരങ്ങൾ നേടുന്ന അർദ്ധസെഞ്ചുറികളിലോ സെഞ്ചുറികളിലോ അല്ല ആരാധകരുടെ സ്നേഹമിരിക്കുന്നതെന്നും, ചില താരങ്ങൾ ആരാധകർക്ക് ഒരു ‘ഇമോഷൻ’ ആണെന്നും നിവിൻ പോളി പറഞ്ഞു. തനിക്ക് ധോനി എപ്പോഴും ഒരു ഇമോഷനായാണ് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണക്കുകൾ നോക്കുകയാണെങ്കിൽ ധോനിയേക്കാൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങൾ ഉണ്ടാകാം; എന്നാൽ വളരെ ചുരുക്കം ചിലർക്ക് മാത്രമേ ഒരു വികാരമായി മാറാൻ സാധിക്കൂ എന്നും, അത്തരക്കാരിൽ ഒരാളാണ് ധോനിയെന്നും നിവിൻ വ്യക്തമാക്കി.
ധോനിയുടെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആണ് നിവിൻ പോളിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.