
അമൽ നീരദ് സംവിധാനം ചെയ്ത ‘ബാച്ചിലർ പാർട്ടി D’EUX’ എന്ന ചിത്രത്തിലെ ലഹരി ഉപയോഗ രംഗങ്ങൾക്കും ദ്വയാർത്ഥ പ്രയോഗങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരനും നടനുമായ ജോസഫ് അന്നംകുട്ടി ജോസ്. സിനിമയിൽ ലഹരി ഉപയോഗം ചിത്രീകരിച്ചിരിക്കുന്ന രീതി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, “കുളം വൃത്തിയാക്കിയില്ലെങ്കിലും അതിൽ വിഷം കലർത്തരുത്” എന്ന ശക്തമായ ഭാഷയിലാണ് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നതിനിടയിലാണ് സിനിമകളിലെ ഇത്തരം രംഗങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ് ചോദ്യങ്ങളുയർത്തിയത്. സിനിമയിൽ നന്മ വാരിവിതറണമെന്നല്ല താൻ പറയുന്നതെന്നും, എന്നാൽ “വൃത്തികേട് കാണിച്ചാലും അതിനൊരു വൃത്തി വേണ്ടേ” എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. നിറയെ ദ്വയാർത്ഥ സംഭാഷണങ്ങളും അമിതമായ മദ്യപാന-ലഹരി രംഗങ്ങളുമാണ് ചിത്രത്തിലുള്ളതെന്നും, ‘ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX’ എന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ജോസഫ് അന്നംകുട്ടി ജോസിന്റെ പ്രതികരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. സിനിമകൾ സമൂഹത്തെയും പ്രത്യേകിച്ച് അക്രമവാസനയുള്ളവരെയും സ്വാധീനിക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ചിത്രത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരും രംഗത്തെത്തി. സെൻസർ ബോർഡിന്റെ ‘എ’ (A) സർട്ടിഫിക്കറ്റുള്ള ചിത്രമാണെന്ന് അറിഞ്ഞിട്ടും, ടീസറും ട്രെയിലറും കാണാതെയാണോ തിയേറ്ററിൽ പോയതെന്നാണ് വിമർശകർ തിരിച്ചുചോദിക്കുന്നത്.
ജോസഫ് അന്നംകുട്ടി ജോസിന്റെ വാക്കുകൾ:
കുറേ ഡബിൾ മീനിങ് ഡയലോഗ്സ്, ഒരു ലോഡ് വലി, കുടി, സ്റ്റഫ് സീനുകൾ. നന്മ വാരിവിതറണം എന്നല്ല പറയുന്നത്. വൃത്തികേട് കാണിച്ചാലും ഒരു വൃത്തിക്കൊക്കെ കാണിക്കണ്ടേ? സലിം കുമാർ പറഞ്ഞതുപോലെ അടി ഇടി വെടി അതാണല്ലോ സിനിമ. ആയിരം ഓപ്പറേഷൻ തൂഫാന് അര DEUX! കുളം ക്ലീൻ ആക്കിയില്ലേലും കുളത്തിൽ വിഷം ചേർക്കല്ലേ?