
ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രം വലിയൊരു വിജയമാണെന്നും അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം കുറിച്ചു. തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“സ്വപ്നം കാണാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ ഉറച്ച മനസ്സും അചഞ്ചലമായ നിശ്ചയദാർഢ്യവും വേണം. ടീം AOTയ്ക്ക് ഇവ രണ്ടും ഉണ്ടായിരുന്നു. അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനങ്ങൾക്കൊപ്പം ‘ആകാശംലോ ഒക താര’ ഒരു വലിയ വിജയമായി മാറുന്നു”
രാജമൗലിയുടെ വാക്കുകൾക്ക് നായകൻ ദുൽഖർ സൽമാനും സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറും നന്ദി അറിയിച്ചു.
പവൻ സാദിനേനി സംവിധാനം ചെയ്ത ചിത്രത്തിന്റെ മലയാളം പ്രീമിയർ ഷോകൾ ഇന്നലെ കേരളത്തിൽ നടന്നിരുന്നു. പ്രീമിയർ ഷോകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനുപിന്നാലെ രാജമൗലിയെപ്പോലൊരു മുൻനിര സംവിധായകന്റെ പ്രശംസ കൂടി എത്തിയത് അണിയറപ്രവർത്തകർക്ക് വലിയ ആവേശമായിട്ടുണ്ട്. ദുൽഖർ സൽമാന്റെ തെലുങ്ക് സിനിമാ കരിയറിലെ മറ്റൊരു പ്രധാന നേട്ടമായാണ് സിനിമാലോകം ഈ ചിത്രത്തെ വിലയിരുത്തുന്നത്.