‘വിവാഹമോചനത്തിനു കാരണം ഐശ്വര്യയുടെ മദ്യപാനം’; .പൊട്ടിത്തെറിച്ച് നടൻ അർജുൻ സർജ്ജ

','

' ); } ?>

മൂത്ത മകളും നടിയുമായ ഐശ്വര്യ അർജുനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ കർശന നിയമനടപടികളുമായി തെന്നിന്ത്യൻ നടൻ അർജുൻ സർജ. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിയതായി താരം വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ കർശന പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇളയ മകൾ അഞ്ജനയുടെ വിവാഹത്തിന് പിന്നാലെ, ഐശ്വര്യയുടെ വ്യക്തിജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഊഹാപോഹങ്ങളാണ് താരത്തെ പരസ്യപ്രതികരണത്തിന് പ്രേരിപ്പിച്ചത്. ഐശ്വര്യയുടെ ഭർത്താവും നടനുമായ ഉമാപതി വിവാഹച്ചടങ്ങുകളിലും കുടുംബചിത്രങ്ങളിലും ഇല്ലാതിരുന്നത് ചൂണ്ടിക്കാട്ടി ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ ചില യൂട്യൂബ് ചാനലുകളിലും ഓൺലൈൻ ഇടങ്ങളിലും ചർച്ചകൾ സജീവമായിരുന്നു. ഐശ്വര്യയുടെ മദ്യപാനമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള ഹീനമായ ആരോപണങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

മൗനത്തെ കുറ്റസമ്മതമായോ നുണകൾ ആവർത്തിക്കാനുള്ള അനുവാദമായോ ആരും കണക്കാക്കരുതെന്ന് അർജുൻ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. തെളിവുകളില്ലാതെ ഒരു സ്ത്രീയെ മദ്യപാനി എന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും അംഗീകരിക്കാനാവാത്തതുമാണ്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും തീരുമാനങ്ങളെടുക്കാനും ഏതൊരു സ്ത്രീക്കും അവകാശമുണ്ടെന്നും, വ്യക്തിജീവിതത്തിലെ കാര്യങ്ങൾ താല്പര്യമുണ്ടെങ്കിൽ ഉചിതമായ സമയത്ത് ഐശ്വര്യ തന്നെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുശ്രദ്ധയിലുള്ളവരാണെന്ന കാരണത്താൽ ആർക്കും കഥകൾ മെനഞ്ഞെടുക്കാനോ വ്യക്തിഹത്യ നടത്താനോ അവകാശമില്ല. വാർത്തകൾ വിറ്റഴിക്കാൻ വേണ്ടി മാത്രം മാധ്യമരംഗത്തെ ചിലർ സത്യത്തോട് കൂറില്ലാതെ വ്യക്തിപരമായ അധിക്ഷേപങ്ങളെ പർവ്വതീകരിക്കുന്നത് നിർഭാഗ്യകരമാണ്. ആത്മാഭിമാനവും അന്തസ്സും വിട്ടുവീഴ്ച ചെയ്യാനാവാത്തതാണെന്നും, മകളുടെ അവകാശങ്ങൾക്കൊപ്പം ഒരു അച്ഛനെന്ന നിലയിൽ എപ്പോഴും ഉറച്ചുനിൽക്കുമെന്നും അർജുൻ കൂട്ടിച്ചേർത്തു.

2024-ലാണ് ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതിയും വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബറിൽ വിദേശത്തുവച്ചായിരുന്നു അർജുൻ-നിവേദിത ദമ്പതികളുടെ ഇളയ മകൾ അഞ്ജനയുടെ വിവാഹം.

അർജുൻ സർജ്ജയുടെ പ്രതികരണം.

‘‘ആദ്യമായി, മകൾ അഞ്ജനയുടെ വിവാഹത്തോടനുബന്ധിച്ച് അവൾക്കും ഞങ്ങളുടെ കുടുംബത്തിനും ആശംസകളേകിയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്നേഹവും കരുതലും എന്നും ഞങ്ങൾ ഏറെ വിലമതിക്കുന്ന ഒന്നാണ്; പ്രാർഥനകളിലും മനസ്സിലും ഞങ്ങളെ ചേർത്തുവെച്ച എല്ലാവരോടും എന്നും കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഇങ്ങനെയൊരു വിഷയത്തിൽ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നതല്ല.

എന്റെ ഇളയ മകളുടെ വിവാഹസമയത്ത്, മൂത്തമകൾ ഐശ്വര്യ അർജുന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുകയുണ്ടായി. അവളുടെ സ്വകാര്യതയെ പൂർണമായും മാനിച്ചുകൊണ്ട്, അവൾ മാത്രം പറയേണ്ട കാര്യങ്ങളിൽ ഇടപെടരുതെന്ന് ഞാൻ ബോധപൂർവം തീരുമാനിച്ചതായിരുന്നു. സ്വന്തം ഇഷ്ടാനുസരണം ജീവിക്കാനും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും ഏതൊരു സ്ത്രീക്കും അവകാശമുണ്ട്. താല്പര്യമുണ്ടെങ്കിൽ, ഉചിതമായ സമയത്ത് അവൾ തന്നെ അതിനെക്കുറിച്ച് സംസാരിച്ചുകൊള്ളും.

എന്നാൽ, എന്റെ മകളെയും അവളുടെ സ്വഭാവത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തികച്ചും അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ ഒരു അച്ഛനെന്ന നിലയിൽ എനിക്ക് നിശ്ശബ്ദനായിരിക്കാൻ കഴിയില്ല.

അഭിനേതാക്കൾ എന്ന നിലയിൽ, പൊതുജീവിതത്തിൽ പലതരത്തിലുള്ള നിരീക്ഷണങ്ങളും ഊഹാപോഹങ്ങളും സ്വാഭാവികമാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, വെറും അഭ്യൂഹങ്ങളും മനഃപൂർവം പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പൊതുശ്രദ്ധയിലുള്ളവരാണ് എന്നതുകൊണ്ട് ആർക്കും കഥകൾ മെനഞ്ഞെടുക്കാനോ വ്യക്തിഹത്യ നടത്താനോ ഉള്ള അവകാശമില്ല. യാതൊരു തെളിവുമില്ലാതെ, ഒരു സ്ത്രീയെ ‘മദ്യപാനി’ എന്ന് മുദ്രകുത്തുന്നതുൾപ്പെടെയുള്ള ഹീനമായ പരാമർശങ്ങൾ നടത്തുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതുമാണ്.

മൗനമാണ് പലപ്പോഴും ഏറ്റവും മാന്യമായ മറുപടിയെന്നാണ് ഞങ്ങൾ എപ്പോഴും കരുതിയിരുന്നത്. എന്നാൽ ആ മൗനം കുറ്റസമ്മതമായി ആരും തെറ്റിദ്ധരിക്കരുത്; നുണകൾ വീണ്ടും വീണ്ടും പ്രചരിപ്പിക്കാനുള്ള അനുവാദവുമായി അതിനെ കാണരുത്. അതുകൊണ്ടുതന്നെ, ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിക്കൊണ്ട് ഞങ്ങൾ ഇതിനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തനത്തെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ മാധ്യമരംഗത്തെ ചിലരെങ്കിലും സത്യത്തോടോ വിശ്വാസ്യതയോടോ തെല്ലും കൂറില്ലാതെ, വാർത്തകൾ വിറ്റഴിക്കാൻ വേണ്ടി മാത്രം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും പർവ്വതീകരിക്കുന്നത് നിർഭാഗ്യകരമാണ്.

ഇത് എന്റെ മകളുടെ മാത്രം കാര്യമല്ല. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുകയും, വ്യക്തിപരമായ തെരഞ്ഞെടുപ്പുകൾ പരസ്യവിചാരണയ്ക്ക് ഇരയാവുകയും ചെയ്യുന്ന ഓരോ സ്ത്രീയുടെയും പ്രശ്നമാണിത്. കുടുംബത്തിന്റെ പിന്തുണയില്ലാത്ത സ്ത്രീകളെ സംബന്ധിച്ച് ഇത്തരം ആരോപണങ്ങൾ അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. ഒരു സ്ത്രീയും ഇത് ഒറ്റയ്ക്ക് നേരിടേണ്ടി വരരുത്, സ്വന്തം ജീവിതരീതിയെ മറ്റുള്ളവർക്ക് മുന്നിൽ ന്യായീകരിക്കേണ്ട അവസ്ഥയും അവർക്കുണ്ടാകരുത്.

ആത്മാഭിമാനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാനുള്ള എന്റെ മകളുടെ അവകാശത്തിനൊപ്പം ഒരു അച്ഛനെന്ന നിലയിൽ ഞാൻ എപ്പോഴും ഉറച്ചുനിൽക്കും. ഉത്തരവാദപ്പെട്ടവർ ഇനിമുതൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ഇത്തരം വ്യാജവാർത്തകൾ ഇനിയും പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്താൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരും.ആത്മാഭിമാനവും അന്തസ്സും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവാത്തതാണ്. വിശ്വസ്തതയോടെ, അർജുൻ സർജ.’’