
മലയാള സിനിമയിൽ പൃഥ്വിരാജിനെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും സംവിധാന രംഗത്തേക്ക് കടന്നതിന് ശേഷമാണ് അദ്ദേഹത്തിന് ശത്രുക്കൾ കൂടിയതെന്നും നിർമ്മാതാവ് സജി നന്ത്യാട്ട്. ആര് വിചാരിച്ചാലും പൃഥ്വിരാജിനെ തകർക്കാൻ കഴിയില്ലെന്നും അത്രയധികം കഴിവുള്ള വ്യക്തിയാണ് അദ്ദേഹമെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് വ്യക്തമാക്കി.
പൃഥ്വിരാജും ദിലീപും തമ്മിൽ കേസിന് മുൻപേ ശീതസമരം നിലനിന്നിരുന്നുവെന്ന പ്രചാരണം ഊഹാപോഹം മാത്രമാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു. ദിലീപ് ചെയ്യുന്ന വേഷങ്ങൾ പൃഥ്വിരാജിന് ചേരുന്നതല്ല, തിരിച്ചും അങ്ങനെയാണ്. അവരുടേത് തികച്ചും വ്യത്യസ്തമായ രണ്ട് ലോകങ്ങളാണ്. സാങ്കേതിക വിദഗ്ധർക്കിടയിലുള്ള ചിലരാണ് ഇത്തരം അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത്.
പൃഥ്വിരാജ് സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണെന്നും മറ്റുള്ളവർ പറയുന്നിടത്ത് നിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധാനം ചെയ്യരുതെന്ന് പറയുന്നത് അദ്ദേഹത്തിന് കഴിവില്ലാത്തതുകൊണ്ടല്ല, മറിച്ച് സംവിധാനം ചെയ്തു തുടങ്ങിയതോടെയാണ് എതിരാളികൾ വർദ്ധിച്ചത്. മകനെക്കുറിച്ച് മോശം പറയുന്നത് കേൾക്കുമ്പോൾ ഭവിഷ്യത്തുകൾ നോക്കാതെ മല്ലിക സുകുമാരൻ പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡിൽ മലയാള സിനിമയുടെ അംബാസിഡറായി അറിയപ്പെടുന്ന താരമാണ് പൃഥ്വിരാജെന്നും, പക്ഷേ ഇവിടെ അദ്ദേഹത്തെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് ആരോപിച്ചു. സൈനിക സ്കൂളിൽ പഠിച്ചിട്ടും അദ്ദേഹം മികച്ച രീതിയിൽ മലയാളം സംസാരിക്കുന്നതിന് പിന്നിൽ അച്ഛൻ സുകുമാരന്റെ അക്കാഡമിക് പശ്ചാത്തലവും മല്ലിക സുകുമാരന്റെ കുടുംബ പശ്ചാത്തലവുമുണ്ട്.
പൃഥ്വിരാജുമായി അടുത്ത സൗഹൃദമില്ലെങ്കിലും താൻ നിർമ്മിച്ച ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നും അന്ന് നേരിട്ടറിഞ്ഞ നല്ല അനുഭവങ്ങൾ സജി നന്ത്യാട്ട് പങ്കുവെച്ചു. തന്റെ കോളേജിൽ ഷൂട്ടിംഗ് നടന്നപ്പോൾ വിദ്യാർത്ഥികൾക്ക് ലൊക്കേഷൻ കാണാൻ താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ആ ഉത്തരവാദിത്തം പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു. പുറമേ കാണുന്നതുപോലെയല്ല, ഗൗരവക്കാരനാണെങ്കിലും നല്ല മനസ്സുള്ള വ്യക്തിയാണ് പൃഥ്വിരാജെന്നും ആളുകളെ സുഖിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറില്ലെന്നും നിർമ്മാതാവ് പറഞ്ഞു.
സജിയുടെ വാക്കുകൾ
‘ദിലീപും പൃഥ്വിരാജും തമ്മിൽ കേസിനു മുമ്പ് തന്നെ ശീതസമരം ഉണ്ടെന്നൊക്കെ പറയുന്നുണ്ട്. ഞാനും ഇതൊക്കെ കേട്ടിട്ടുണ്ട്. അത് പക്ഷെ ഊഹാപോഹമാണെന്നാണ് എന്റെ വിശ്വാസം. കാരണം ദിലീപ് ചെയ്യുന്ന ക്യാരക്ടർ പൃഥ്വിരാജിന് പറ്റിയതല്ല. തിരിച്ചും. രണ്ടും രണ്ട് ലോകമാണ്. സാങ്കേതിക വിദഗ്ധരുടെ ഇടയിലുള്ള ചില കുത്തിത്തിരിപ്പുകാർ ഉണ്ടാക്കുന്നതാണ് ഇതെല്ലാം.
പൃഥ്വിരാജിനെ എനിക്ക് ഇഷ്ടമാണ്. പുള്ളി നമ്മൾ പിടിച്ചിടത്ത് നിൽക്കത്തില്ല. അദ്ദേഹം സംവിധാനം ചെയ്യരുതെന്ന് ഞാൻ പറയുന്നത് അദ്ദേഹത്തിന് അത് അറിയാഞ്ഞിട്ടല്ല, പക്ഷെ അത് ചെയ്ത് തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ശത്രുക്കൾ കൂടിയത്. കൂടെയുള്ള സ്തുതിപാഠകർ പറയുന്നത് വിശ്വസിച്ചിട്ട് കാര്യമില്ല. മല്ലിക ചേച്ചി മകനെ കുറിച്ച് ആരെങ്കിലും മോശം പറയുന്നത് കേട്ടാൽ അപ്പോൾ കയറി പ്രതികരിക്കും. അതിൻ്റെ ഭവിഷ്യത്ത് നോക്കില്ല.
ഞാൻ ഇതൊക്കെ പറയുമ്പോൾ പൃഥ്വിരാജിനെ ഇഷ്ടപ്പെടാത്തവർക്ക് ഇതൊന്നും ഇഷ്ടമാകണമെന്നില്ല. സാരമില്ല. പൃഥ്വിരാജിനെതിരെ ഒരു ലോബി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഇപ്പോഴത്തെ തലമുറയിൽ ഒരു ആണത്തമുള്ള നടൻ പൃഥ്വിരാജാണ്. ബോളിവുഡിൽ മലയാളത്തിൻ്റെ അംബാസിഡർ പൃഥ്വിരാജാണ്. ഞങ്ങളുടെ പ്രോഡക്റ്റ് ആണ് പൃഥ്വിരാജ് സുകുമാരൻ എന്ന് അഭിമാനത്തോടെ പറയാൻ മലയാളിക്ക് ഇഷ്ടമാണ്. പക്ഷേ ഇവിടെ അദ്ദേഹത്തെ തകർക്കണം എന്നാണ് ചിലരുടെ പക്ഷം.
നല്ല ലാംഗ്വേജ് അല്ലേ അദ്ദേഹത്തിന്. പൃഥ്വിരാജ് സൈനിക സ്കൂളിലാണ് പഠിച്ചത്. എന്നിട്ടും നന്നായി മലയാളം പറയും. കാരണം അദ്ദേഹത്തിൻ്റെ പിതാവ് അക്കാഡമിക് ആയിരുന്നു. ഡബിൾ എംഎയായിരുന്നു അദ്ദേഹം. എടപ്പാളിൽ കോളേജ് അധ്യാപകനായിരുന്നു. മല്ലിക ചേച്ചിയുടെ കുടുംബം എന്താ മോശമാണോ. കലത്തിലുള്ളതല്ലേ കരണ്ടിയിൽ പെരളത്തുള്ളൂ.
ഞാൻ പൃഥ്വിരാജിൻ്റെ ഫ്രണ്ട് അല്ല. അദ്ദേഹം ഞാൻ നിർമ്മിച്ച ഒരു പടത്തിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹവുമായി ഇടപെട്ടപ്പോൾ കിട്ടിയ പല വലിയ കാര്യങ്ങളുണ്ട്.
ഒരു ഉദാഹരണം പറയാം .എന്റെ കോളേജിൽ ഷൂട്ട് നടക്കുന്ന സമയം. അപ്പോ അവിടെയുള്ള പിള്ളേര് ചോദിച്ചു ഷൂട്ട് കാണാൻ ഞങ്ങളെ അവിടെ കൊണ്ടുപോകുമോയെന്ന്. പൃഥ്വിരാജ് പറഞ്ഞു ഞാൻ ഏറ്റെന്ന്.
അദ്ദേഹം എന്നോട് പറഞ്ഞു സജി ചേട്ടാ പിള്ളേരെ ഒന്ന് സിനിമ ഷൂട്ടിംഗ് കാണാൻ കൊണ്ടുവരണമെന്ന്. ഞാൻ സമ്മതിച്ചു. അദ്ദേഹത്തിൻ്റെ മനസ് അതാണ്. പൃഥ്വിരാജ് കാണുന്നപോലെയല്ല. ഗൗരവക്കാരനാണെങ്കിലും നല്ലൊരു നല്ലൊരു മനസുണ്ട്. പിന്നെ അദ്ദേഹം ആളുകളെ സോപ്പിടില്ല. ചിലരൊക്കെ കെട്ടിപിടിക്കും. ഇതൊക്കെ തട്ടിപ്പല്ലേ.