‘എനിക്കത് ട്രോമയാണ്, ധനുഷ് സാർ പെടുത്തിയത് പോലെയാണ് തോന്നിയത്’; ‘റൗഡി ബേബി’യെക്കുറിച്ച് സായ് പല്ലവി

','

' ); } ?>

തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ‘മാരി 2’ വിലെ ‘റൗഡി ബേബി’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണ അനുഭവം തനിക്ക് വലിയ മാനസിക സമ്മർദ്ദമാണ് (ട്രോമ) നൽകിയതെന്ന് നടി സായ് പല്ലവി. ആദ്യം ലളിതമായ നൃത്തച്ചുവടുകളാകും ഉണ്ടാവുക എന്ന് ധനുഷ് ഉറപ്പുനൽകിയിരുന്നെങ്കിലും, പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ സെറ്റിൽ വെച്ച് ചുവടുകൾ പെട്ടെന്ന് മാറ്റിയത് തന്നെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും താരം വെളിപ്പെടുത്തി.

ബിഹൈൻഡ് വുഡ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവി മനസ്സ് തുറന്നത്. ധനുഷ് സാർ തന്നെ വന്ന് പെടുത്തിയതുപോലെയാണ് അന്ന് തോന്നിയതെന്ന് താരം ചിരിയോടെ ഓർക്കുന്നു. തുടക്കത്തിൽ മൂന്നാല് തവണ റിഹേഴ്സൽ ചെയ്ത ചുവടുകൾ സെറ്റിലെത്തിയപ്പോൾ ശരിയാകുന്നില്ലെന്ന് പറഞ്ഞ് പ്രഭുദേവ മാസ്റ്റർ അപ്പോൾത്തന്നെ മാറ്റുകയായിരുന്നു. ലളിതമായ സ്റ്റെപ്പുകൾ മതിയെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും, അവർ പുതിയ ചുവടുകൾ ചിട്ടപ്പെടുത്തുന്നത് ഒളിഞ്ഞുനോക്കാൻ ശ്രമിക്കുമ്പോൾ തന്നെ കാണാതെ ദൂരെ മാറിനിന്നാണ് അവർ കൊറിയോഗ്രാഫി ചെയ്തിരുന്നതെന്നും സായ് പല്ലവി പറഞ്ഞു.

രണ്ട് മൂന്ന് ടേക്കുകൾ കഴിഞ്ഞപ്പോൾ തന്നെ തന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഓരോ ടേക്ക് കഴിയുമ്പോഴും ഇനി വയ്യെന്ന് താൻ പറയുമായിരുന്നു. എന്നാൽ ആ നൃത്തച്ചുവടുകൾ ചെയ്യാൻ തന്നേക്കാൾ കൂടുതൽ കഷ്ടപ്പെട്ടത് ധനുഷായിരുന്നുവെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. നൃത്തത്തിനിടെ തന്നെ തള്ളിനീക്കുന്ന രംഗങ്ങളിൽ വസ്ത്രത്തിലെ സീക്വൻസുകൾ ധനുഷിന്റെ കയ്യിൽ തട്ടി മുറിയുമായിരുന്നുവെന്നും, നാലഞ്ച് തവണ ടേക്കുകൾ എടുത്ത ശേഷമാണ് ആ ഭാഗം പൂർത്തിയാക്കാനായതെന്നും താരം പറഞ്ഞു.

അതേസമയം, ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സായ് പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ഓം’ ആണ്. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന ശക്തമായ പൊലീസ് കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.