“മാസ് എൻട്രികളും പഞ്ച് ഡയലോഗുകളും പരീക്ഷിച്ചു, ഒന്നും വിജയിച്ചില്ല”; ദുൽഖർ സൽമാൻ

','

' ); } ?>

വില്ലന്മാരെ ഇടിച്ചുവീഴ്ത്തുന്ന മാസ് ഇൻട്രൊഡക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും താൻ പലതവണ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അത്തരം ചിത്രങ്ങളൊന്നും വിജയം കണ്ടിട്ടില്ലെന്ന് നടൻ ദുൽഖർ സൽമാൻ. ചെന്നൈയിൽ നടന്ന പുതിയ തെലുങ്ക് ചിത്രമായ ‘ആകാശംലോ ഒക്ക താര’യുടെ പ്രമോഷൻ പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ലോ ആംഗിൾ ഷോട്ടുകളും മാസ് എൻട്രികളും പരീക്ഷിച്ചെങ്കിലും പ്രേക്ഷകർക്ക് തന്നെ ആ രീതിയിൽ സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ ഇനിയൊരിക്കൽ കൂടി അത്തരം ഒരു മാസ് രംഗം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുൽഖർ വ്യക്തമാക്കി. ഒപ്പം, പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ കഴിയുന്ന ‘ബോയ് നെക്സ്റ്റ് ഡോർ’ കഥാപാത്രങ്ങളെയാണ് താൻ കൂടുതലും തിരഞ്ഞെടുക്കാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിൽ തന്റേതായ ഇടം കണ്ടെത്തിയ ദുൽഖർ സൽമാന്റെ പുതിയ ചിത്രം ‘ആകാശംലോ ഒക്ക താര’ നവംബർ 20-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നുള്ള പെൺകുട്ടി ബഹിരാകാശ സഞ്ചാരിയാകാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ദുൽഖറിന്റെ വാക്കുകൾ

“ഞാൻ അത്തരത്തിലുള്ള ഇൻട്രോകളെല്ലാം പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമകളൊന്നും ഓടിയില്ല. അത്തരം ഇൻട്രോ, ലോ ആംഗിൾ ഷോട്ട്, പഞ്ച് ഡയലോഗ് എല്ലാം ഞാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്. പക്ഷേ, പ്രേക്ഷകർക്ക് എന്നെ അങ്ങനെ കാണാൻ സാധിക്കുന്നില്ലെന്ന് തോന്നുന്നു. അതിനു കഴിയുന്ന ഒരു സിനിമ സംഭവിക്കാത്തതുകൊണ്ടായിരിക്കാം. എങ്കിലും ഇനിയൊരിക്കൽ കൂടി അത്തരത്തിലുള്ള ഒരു ഇൻട്രൊഡക്ഷൻ ചെയ്യണമെന്നാണ് ആഗ്രഹം.

എന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് അടുത്തറിയുന്ന ആളുകളെപ്പോലെയുള്ളവരാണ്. ഇന്ത്യയിലെ ഏതു സ്റ്റേറ്റിലായിരുന്നാലും നമുക്ക് അറിയാവുന്ന ഒരാളായി തോന്നുന്ന കഥാപാത്രങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ‘ബോയ് നെക്സ്റ്റ് ഡോർ’ എന്നു പറയുന്ന, പ്രേക്ഷകർക്ക് എളുപ്പം റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ് ഞാൻ ചെയ്യുന്നത്.”