മലയാളത്തിലെ ആദ്യ നായകന് ജോഡി, എം ജി ആറിനും, ശിവാജി ഗണേശനും നായിക; 70കളെ ധന്യമാക്കിയ സരോജ

','

' ); } ?>

മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തിന് അടിത്തറ പാകിയ അഭിനേത്രികളിൽ അഗ്രഗണ്യയും, തമിഴ്-മലയാള ചലച്ചിത്രലോകത്ത് തന്റെതായ കയ്യൊപ്പ് ചാർത്തിയ ലെജൻഡറി നടിയുമായ ബി.എസ്. സരോജയുടെ ജന്മദിനമാണിന്ന്. കാലഘട്ടങ്ങളുടെ മാറ്റങ്ങൾക്കപ്പുറം മലയാളിയുടെ ചലച്ചിത്ര സ്മരണകളിൽ ഇന്നും മായാതെ നിൽക്കുന്ന ആ പഴയകാല നക്ഷത്രത്തിന് ജന്മദിനാശംസകൾ നേരുമ്പോൾ, അതൊരു ചരിത്രനായികയോടുള്ള ആദരവ് കൂടിയായി മാറുന്നു. മലയാളത്തിലെ ആദ്യ നായകനായ തിക്കുറിശ്ശിയുടെയും, മലയാള സിനിമയിലെ ആദ്യ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ജോൺസന്റെയും ഒക്കെ കാലഘട്ടത്തിൽ വെള്ളിത്തിരയിൽ തിളങ്ങിനിന്ന സരോജ, വെറുമൊരു നടിയെന്നതിലുപരി ഇന്ത്യൻ സിനിമയുടെ ആദ്യകാല പരിണാമങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്നും നിലനിൽക്കുന്ന ചരിത്രമാണ്. എവർഗ്രീൻ നായികയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

സേലത്തിന്റെ മണ്ണിൽ ജനിച്ചു വളർന്ന് ചെന്നൈയുടെ തിളക്കമുള്ള സ്റ്റുഡിയോ ലോകത്തേക്ക് കാലെടുത്തുവെച്ച ആ പഴയ ബാലികയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്ന അദ്ഭുതങ്ങൾ നിറഞ്ഞതാണ്. മലയാള സിനിമയിൽ ആദ്യമായി വില്ലൻ വേഷം അവതരിപ്പിച്ച ജോൺ വിക്ടർ (ജോൺസൺ) എന്ന അഭിനേതാവിന്റെയും അമ്മിണിയുടെയും മകളായി ജനിച്ച സരോജയുടെ സിനിമാപ്രവേശം തികച്ചും യാദൃച്ഛികമായിരുന്നു. കുട്ടിക്കാലത്ത് സംഗീതത്തിൽ പ്രാവീണ്യം തെളിയിച്ച സരോജയെ ഒരു ബന്ധുവാണ് ജെമിനി സ്റ്റുഡിയോയിൽ കോറസ് പാടാനായി എത്തിക്കുന്നത്. അന്ന് വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ കൊച്ചുപെൺകുട്ടിയുടെ സൗന്ദര്യവും പ്രതിഭയും ജെമിനി സ്റ്റുഡിയോ അധികൃതരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അങ്ങനെ മാസം 45 രൂപ ശമ്പളത്തിൽ അവർ ജെമിനി സ്റ്റുഡിയോയിൽ അംഗമായി. അന്നത്തെ കാലത്ത് അഭിനേതാക്കളെല്ലാം നിർമ്മാണക്കമ്പനികളുടെ ശമ്പളക്കാരായി ജോലി ചെയ്തിരുന്ന ഒരു രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എങ്കിലും നാലു വർഷത്തോളം കാത്തിരുന്ന ശേഷമാണ് സരോജയ്ക്ക് ആദ്യമായി അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ജെമിനി സ്റ്റുഡിയോ നിർമ്മിച്ച ‘നാട്യറാണി’ എന്ന ചിത്രത്തിലെ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് പ്രശസ്ത നടിയായ വൈജയന്തിമാലയുടെ അമ്മ വസുന്ധരയായിരുന്നു. എന്നാൽ ചിത്രീകരണം പാതിവഴിയിൽ എത്തിയപ്പോൾ ഏതൊക്കെയോ കാരണങ്ങളാൽ അവർ പിന്മാറുകയായിരുന്നു. തുടർന്ന് കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ആ വേഷത്തിലേക്ക് സരോജയെ നിയോഗിക്കുകയായിരുന്നു. അങ്ങനെ സരോജ എന്ന അഭിനേത്രിയുടെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായി.

തമിഴ് സിനിമാരംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്താൻ അവർക്ക് അധികകാലം വേണ്ടിവന്നില്ല. ചെന്നൈയിൽ വെച്ച് യാദൃഷ്‌ടികമായി നടന്ന സരോജയുടെ ഒരു നൃത്തപ്രകടനം കാണാനിടയായ കെ. സുബ്രഹ്മണ്യറാവു എന്ന നിർമാതാവ് ‘വികടയോഗി’ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് അവരെ ക്ഷണിച്ചു. 1947-ൽ പുറത്തിറങ്ങിയ ഈ ചിത്രം തമിഴ്നാട്ടിൽ വലിയ വിജയമായി മാറി. അക്കാലത്തെ മുൻനിര താരങ്ങളായ പി.യു. ചിന്നപ്പയും ടി.ആർ. രാമചന്ദ്രനും ഒപ്പം അഭിനയിച്ച ആ ചിത്രം സരോജയെ തമിഴിലെ അറിയപ്പെടുന്ന നായികയാക്കി മാറ്റി. തുടർന്ന് ‘ധന അമരാവതി’, ‘ദേവമനോഹരി’, ‘കല്യാണി’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അവർ വേഷമിട്ടു. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തങ്ങളിലൊന്നിന് സരോജ സാക്ഷിയായിട്ടുണ്ട്. തമിഴിലെ എക്കാലത്തെയും വലിയ രണ്ട് ഇതിഹാസ താരങ്ങളായ എം.ജി. രാമചന്ദ്രനും ശിവാജി ഗണേശനും ഒന്നിച്ച് അഭിനയിച്ച ഏക ചിത്രമായ ‘കൂണ്ടുക്കിളി’യിൽ (1954) നായികയാകാനുള്ള അപൂർവ്വ ഭാഗ്യവും സരോജയ്ക്ക് ലഭിച്ചു. ഇത് കൂടാതെ നാഗേശ്വര റാവു, എസ്.എസ്. രാജേന്ദ്രൻ, എം.എൻ. നമ്പ്യാർ തുടങ്ങി അക്കാലത്തെ ഒട്ടുതരി പ്രമുഖ നടന്മാരുടെയെല്ലാം നായികയായി അവർ അഭിനയിച്ചു. തമിഴിലും മലയാളത്തിലുമായി എഴുപത്തഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് അവർ തന്റെ സജീവ അഭിനയജീവിതത്തോട് വിടപറഞ്ഞത്.

തമിഴ് സിനിമാ ലോകത്ത് ഉന്നതിയിൽ നിൽക്കുന്ന സമയത്താണ് മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്ന കുഞ്ചാക്കോ സരോജയെ മലയാളത്തിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ മലയാള സിനിമയുടെ ചരിത്രം മാറ്റിമറിച്ച ‘ജീവിതനൗക’ (1951) എന്ന ചിത്രത്തിൽ തിക്കുറിശ്ശിയുടെ നായികയായി സരോജ മലയാളക്കരയിലേക്ക് കടന്നുവന്നു. ആ ചിത്രത്തിലെ ‘ലക്ഷ്മി’ എന്ന കഥാപാത്രം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തോടെ സരോജ മലയാളികളുടെയും പ്രിയപ്പെട്ട നടിയായി മാറി. മലയാള സിനിമയിലെ മെഗാസ്റ്റാർ സത്യന്റെ ആദ്യ ചിത്രമായ ‘ആത്മസഖി’യിൽ (1952) നായികയായി അഭിനേഷിച്ചതും സരോജയായിരുന്നു. അതേ വർഷം തന്നെ ‘അച്ഛൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പ്രേംനസീറിന്റെ നായികയാകാനും അവർക്ക് സാധിച്ചു. എം.ജി.ആർ അഭിനയിച്ച ഏക മലയാള ചിത്രമായ ‘ജനോവ’യിലും (1953) നായിക സരോജ തന്നെയായിരുന്നു. ലോകനീതി, ആശാദീപം, അവൻ വരുന്നു, ആത്മാർപ്പണം, ആത്മശാന്തി, അച്ഛനും മകളും, ലില്ലി, ഉമ്മ, കൃഷ്ണകുചേല, പുതിയ ആകാശം പുതിയ ഭൂമി, കടലമ്മ, റെബേക്ക തുടങ്ങി മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ നിരവധി ക്ലാസിക് ചിത്രങ്ങളിൽ അവർ വേഷമിട്ടു. 1966-ൽ പുറത്തിറങ്ങിയ ‘തറവാട്ടമ്മ’യാണ് മലയാളത്തിൽ അവർ അഭിനയിച്ച അവസാന ചിത്രം. ഏകദേശം പതിനഞ്ച വർഷത്തോളം മലയാള സിനിമയിൽ അവർ തിളങ്ങിനിന്നു.

വ്യക്തിജീവിതത്തിലും കലയോടുള്ള സമർപ്പണം അവർ കാത്തുസൂക്ഷിച്ചു. അഭിനയജീവിതത്തിനിടയിൽ പ്രശസ്ത സംവിധായകനായ രാമണ്ണയെ അവർ വിവാഹം കഴിച്ചു. അവർ ഒന്നിച്ചുകൂണ്ടുക്കിളി അടക്കം നിരവധി ചിത്രങ്ങൾ മലയാളത്തിലും തമിഴിലുമായി ശ്രദ്ധിക്കപ്പെട്ടു. പിൽക്കാലത്ത് രാമണ്ണ അന്തരിച്ചെങ്കിലും, കലയോടുള്ള അവരുടെ കുടുംബത്തിന്റെ സ്നേഹം മക്കളിലൂടെയും തുടർന്നു. സൗണ്ട് എൻജിനീയറായ അവരുടെ മകൻ ഗണേശ് രാമണ്ണ ഒരു പ്രശസ്ത സംഗീതസംവിധായകനാണ്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. സിനിമയ്ക്കപ്പുറം ലളിതമായ ജീവിതരീതിയും കലാമൂല്യമുള്ള നിലപാടുകളും കൊണ്ട് മലയാളികളുടെ മനസ്സിൽ എന്നും ഒരു പ്രത്യേക സ്ഥാനമുള്ള നടിയാണ് ബി.എസ്. സരോജ. ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിലും മലയാള സിനിമയുടെ വേരുകൾ തേടുമ്പോൾ അവിടെ ബി.എസ്. സരോജ എന്ന പേര് സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടിട്ടുണ്ടാകും. മലയാളത്തിലെയും തമിഴിലെയും ആദ്യകാല ചലച്ചിത്ര സൗന്ദര്യത്തിന്റെ പ്രതീകവും, തലമുറകൾക്ക് പ്രചോദനവുമായ ഈ അതുല്യ പ്രതിഭയ്ക്ക് ആരോഗ്യവും ദീർഘായുസ്സും ആശംസിക്കുന്നു.