വേദനകളെ അതിജീവിച്ച് വീണ്ടും ചുവടുവെച്ച് പത്മപ്രിയ; കുഞ്ഞിനൊപ്പം തിരിച്ചുവരവ് ആഘോഷിച്ച് പത്മപ്രിയ

','

' ); } ?>

സിനിമാ ചിത്രീകരണത്തിനിടെ കാലിനേറ്റ പരുക്കിൽ നിന്ന് മുക്തയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി പത്മപ്രിയ. വിശ്രമജീവിതത്തിന് ശേഷം കുഞ്ഞിനൊപ്പം സായാഹ്ന നടത്തത്തിനിറങ്ങുന്നതിന്റെയും വാട്ടർ തെറാപ്പി ചെയ്യുന്നതിന്റെയും ട്രെക്കിങ് നടത്തുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളുമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പത്മപ്രിയയ്ക്ക്, ചിത്രീകരണത്തിനിടെ ചാടുന്ന രംഗം പകർത്തുമ്പോൾ കാൽവഴുതി വീണാണ് ലിഗ്മെന്റിന് പരുക്കേറ്റത്. തുടർന്ന് ഒരു മാസത്തോളം താരം പൂർണ്ണ വിശ്രമത്തിലായിരുന്നു. അമ്മയെന്ന ഉത്തരവാദിത്തവും പരുക്കിന്റെ വേദനയും ഒരേസമയം നേരിടേണ്ടി വന്ന പ്രയാസകരമായ നാളുകളെ അതിജീവിച്ചാണ് താരം വീണ്ടും സജീവമാകുന്നത്.

റിക്കവറിയുടെ നാൽപതാം ദിവസം ചെറിയൊരു ട്രെക്കിങ് നടത്തുന്ന വിഡിയോ പങ്കുവെച്ച താരം, ‘ചെറിയൊരു ട്രെക്കിങ് പോലും ഇത്ര വലിയൊരു ദൗത്യമായി തോന്നുമെന്ന് ആര് കരുതി?’ എന്ന് കുറിച്ചു. പരുക്ക് ഭേദമാകാൻ സഹായിക്കുന്ന നീന്തലിനെക്കുറിച്ച് ‘അല്പം വാട്ടർ തെറാപ്പിയും ഒരുപാട് പുഞ്ചിരികളും’ എന്നാണ് പത്മപ്രിയ വിശേഷിപ്പിച്ചത്.

മാതൃത്വത്തിന്റെ മനോഹര നിമിഷങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് ‘എന്റെ കുഞ്ഞു സായാഹ്ന കൂട്ടുകാരൻ’ എന്നും, ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രത്തിന് ‘എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മനുഷ്യർ, ഇത്രയടുത്തെങ്കിലും അകലെ’ എന്നുമാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് തിരികെ നടക്കുന്ന പ്രിയതാരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.