
അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘ഭീഷ്മ പർവ’ത്തിലെ കഥാപാത്രങ്ങളെല്ലാം മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. ചിത്രത്തിൽ താൻ അവതരിപ്പിച്ച പീറ്റർ അഞ്ഞൂട്ടി എന്ന കഥാപാത്രം മഹാഭാരതത്തിലെ ദുര്യോധനന്റെ മാതൃകയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ഷൈൻ വെളിപ്പെടുത്തി. പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി ഡ്യൂ’വിന്റെ പ്രൊമോഷന്റെ ഭാഗമായി കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സിനിമയുടെ കഥ പറയുന്ന സമയത്തുതന്നെ അമൽ നീരദ് ഈ കാര്യങ്ങൾ തന്നോട് വ്യക്തമാക്കിയിരുന്നുവെന്ന് ഷൈൻ പറയുന്നു. അഞ്ഞൂട്ടി കുടുംബത്തിലെ അടുത്ത കിരീടാവകാശിയാകേണ്ടിയിരുന്നയാളാണ് പീറ്റർ. എന്നാൽ മറ്റൊരു കുടുംബത്തിൽ നിന്നുള്ള ആൾ (മൈക്കിളപ്പൻ) വരുന്നതോടെ പീറ്ററിന് ആ സ്ഥാനം നഷ്ടപ്പെടുന്നു. മഹാഭാരതത്തിലെ ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും ഓർമ്മിപ്പിക്കും വിധം, മിണ്ടാതെ ഇരിക്കുന്ന അച്ഛനും കാഴ്ചശക്തിയില്ലാത്ത അമ്മയുമാണ് (മാല പാർവതി അവതരിപ്പിച്ച കഥാപാത്രം) ചിത്രത്തിൽ പീറ്ററിനുള്ളത്.
സിനിമയുടെ ക്ലൈമാക്സിലെ പീറ്ററിന്റെ മരണരംഗവും മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് ഷൈൻ ചൂണ്ടിക്കാട്ടി. മഹാഭാരതത്തിൽ ഗദായുദ്ധത്തിനൊടുവിൽ ഭീമൻ തുടയ്ക്കടിച്ചാണ് ദുര്യോധനനെ വധിക്കുന്നത്. സമാനമായി, ഭീഷ്മ പർവത്തിലും ഒരു പോരാട്ടത്തിന് ശേഷം പീറ്ററിന്റെ തുടയിലൂടെ കാർ കയറ്റിയാണ് കൊലപ്പെടുത്തുന്നതെന്ന് ഷൈൻ ഓർത്തെടുത്തു.
2022-ൽ പുറത്തിറങ്ങിയ ഭീഷ്മ പർവത്തിൽ മമ്മൂട്ടി മൈക്കിളപ്പനായി തകർത്താടിയപ്പോൾ, പ്രതിനായക സ്വഭാവമുള്ള പീറ്റർ അഞ്ഞൂട്ടിയായി ഷൈൻ ടോം ചാക്കോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയ മൊയ്തു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ഷൈനിന്റെ വാക്കുകൾ
“അമൽ എന്റെ അടുത്ത് ആദ്യം കഥ പറഞ്ഞപ്പോൾ തന്നെ പറഞ്ഞിരുന്നു, എന്റെ കാരക്ടറിനെ ദുര്യോധനൻ ആയിട്ടാണ് സ്കെച്ച് ചെയ്തിരിക്കുന്നത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് അതെല്ലാം. പീറ്റർ ആ കുടുംബത്തിലെ അടുത്ത കിരീടാവകാശിയാണ്. പക്ഷേ ആകാൻ പറ്റുന്നില്ല. വേറൊരു കുടുംബത്തിലെ ആൾ വരുകയാണ്.
അതിൽ മാല പാർവതി അവതരിപ്പിച്ച അമ്മ കഥാപാത്രത്തിന് കണ്ണു കാണില്ല, ഒന്നും മിണ്ടാതെ ഇരിക്കുന്ന അച്ഛൻ. ഭീമനാണല്ലോ എന്നെ കൊല്ലുന്നത്. തുടയ്ക്ക് അടിച്ചല്ലേ ദുര്യോധനനെ ഭീമൻ കൊല്ലുന്നത്. ഇത് തുടയിൽ കാർ കയറ്റുന്നു. അതിന് മുൻപൊരു ഗദാ യുദ്ധം ഉണ്ടല്ലോ. ഇങ്ങനെയൊരു വിവരണം തന്നിരുന്നു”. – ഷൈൻ ടോം ചാക്കോ പറഞ്ഞു.