
ഭർത്താവും പ്രമുഖ തെലുങ്ക് സംവിധായകനുമായ കൃഷ്ണ വംശിയുമായി വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ തള്ളി നടി രമ്യ കൃഷ്ണൻ. ഇരുവരും ഇപ്പോഴും വിവാഹബന്ധത്തിൽ തുടരുകയാണെന്നും ജോലിയുടെ സൗകര്യാർത്ഥമാണ് ചെന്നൈയിലും ഹൈദരാബാദിലുമായി താമസിക്കുന്നതെന്നും താരം വ്യക്തമാക്കി. ‘റോ ടോക്സ് വിത്ത് വി.കെ’ എന്ന പോഡ്കാസ്റ്റിലാണ് രമ്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കൃഷ്ണ വംശിയും താനും ഇപ്പോൾ നല്ല സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നതെന്നും, രണ്ടു നഗരങ്ങളിൽ താമസിക്കുന്നത് കൂടുതൽ വ്യക്തിസ്വാതന്ത്ര്യം നൽകുന്നതിനൊപ്പം ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിച്ചതായും രമ്യ പറഞ്ഞു. വിവാഹത്തിന് മുൻപ് ‘ലിവ് ഇൻ’ ബന്ധത്തിൽ കഴിയാമെന്ന് കൃഷ്ണ വംശി നിർദേശിച്ചിരുന്നതായും, അന്ന് അത് സ്വീകരിക്കാമായിരുന്നുവെന്ന് ഇപ്പോൾ ചിരിയോടെ തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ താമസിച്ചിരുന്ന സമയത്ത് ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണത്തിനായി ഓരോ 15 ദിവസം കൂടുമ്പോഴും ചെന്നൈയിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നതാണ് ജീവിതരീതിയിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചത്. താൻ ഷൂട്ടിങ്ങിന് പോകുമ്പോഴെല്ലാം മകന് അസുഖങ്ങൾ വരുന്നത് പതിവായതോടെ, മകൻ ഹൃത്വിക് വംശിയെ ചെന്നൈയിലെ സ്കൂളിൽ ചേർക്കാൻ തീരുമാനിക്കുകയായിരുന്നു.
1998-ൽ കൃഷ്ണ വംശി സംവിധാനം ചെയ്ത ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിൽ രമ്യ നായികയായി അഭിനയിച്ചിരുന്നു. തുടർന്ന് 2003-ലാണ് ഇരുവരും വിവാഹിതരായത്.
രമ്യയുടെ വാക്കുകൾ:
“ഞങ്ങൾ ഇപ്പോഴും വിവാഹബന്ധത്തിലാണ്. സൗകര്യപ്രദമായി, സന്തോഷത്തോടെ രണ്ടു വ്യത്യസ്ത നഗരങ്ങളിൽ കഴിയുന്നു. നൂറു ശതമാനവും ഞങ്ങളുടെ തൊഴിൽമേഖല തന്നെയാണ് ഇതിനു കാരണം. കുടുംബം ഹൈദരാബാദിലായിരുന്ന സമയത്ത് ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണത്തിനായി എനിക്ക് ഇടയ്ക്കിടെ ചെന്നൈയിലേക്ക് പോകേണ്ടിവന്നിരുന്നു. ഓരോ 15 ദിവസം കൂടുമ്പോഴും ചെന്നൈയിലെത്തി ജോലി പൂർത്തിയാക്കി ഹൈദരാബാദിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്.
എന്നാൽ ഞാൻ ഷൂട്ടിന് പോരുമ്പോഴെല്ലാം മകന് എന്തെങ്കിലും അസുഖം വരും. ഒടുവിൽ ഞാൻ ഒരു നിർദേശം വച്ചു. മകനെ ചെന്നൈയിലെ സ്കൂളിൽ ചേർക്കാം. അതു പിന്നീട് ഞങ്ങൾക്കും സഹായകരമായി. എപ്പോഴും വഴക്കിടുന്നതിനുപകരം ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളെപ്പോലെയാണ്.
രണ്ടു നഗരങ്ങളിലായി കഴിയുന്നത് ഞങ്ങൾക്ക് പരസ്പരം കൂടുതൽ വ്യക്തിസ്വാതന്ത്ര്യം നൽകുന്നുണ്ട്. അതുവഴി ഞങ്ങളുടെ ബന്ധം കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്തത്. വിവാഹത്തിന് മുൻപ് കൃഷ്ണ വംശി എന്നോട് ഒരു നിർദേശം മുന്നോട്ടുവച്ചിരുന്നു. വിവാഹിതരാകാതെ നമുക്ക് ‘ലിവ് ഇൻ’ ആയിക്കൂടെ എന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്. ആ നിർദേശം അന്ന് അംഗീകരിക്കണമായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട് (പൊട്ടിച്ചിരിക്കുന്നു).”