‘കവിതയില്‍ ഇമ്മാതിരി തെറി എഴുതാമോ?’; അച്ചടിപ്പിശക് നല്‍കിയ ‘എട്ടന്റെ പണി’; വിശദീകരണവുമായി ബികെ ഹരിനാരായണന്‍

','

' ); } ?>

ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബുക്ക്ലെറ്റിൽ അച്ചടിപ്പിശക് മൂലം കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്റെ കവിത അശ്ലീലമായതായി പരാതി. മാതൃഭൂമി പ്രസിദ്ധീകരിച്ച ‘അനുരാഗ നദിയേ’ എന്ന പുസ്തകത്തിലെ കവിതയാണ് പ്രസാധനത്തിലെ പിഴവുകൾ കാരണം തെറിയായി മാറിയത്. സംഭവത്തെക്കുറിച്ച് വിശദീകരിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരു മാധ്യമ സുഹൃത്തിന്റെ ആവശ്യപ്രകാരം തന്റെ മുൻപ് പ്രസിദ്ധീകരിച്ച ഒരു കവിതയുടെ ഫോട്ടോ അയച്ചുനൽകുകയായിരുന്നു എന്ന് ബി.കെ. ഹരിനാരായണൻ വ്യക്തമാക്കുന്നു. എന്നാൽ പ്രൂഫ് റീഡിംഗിലെ വീഴ്ച കാരണം കവിതയിലെ വരികൾ മാറിമറിയുകയായിരുന്നു. “മാനസപ്പുറ്റ്” എന്ന വാക്കാണ് അച്ചടിപ്പിശക് മൂലം തെറിയായി മാറിയത്.

താൻ തെറിയെഴുതുമോ എന്ന് ചോദിച്ച് സുഹൃത്തുക്കൾ അയച്ച സ്ക്രീൻഷോട്ടുകൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “ഇങ്ങനെ എങ്കിലും നിന്റെ കവിത നാലാള് വായിക്കുമല്ലോ” എന്ന സുഹൃത്തിന്റെ തമാശരൂപേണയുള്ള പ്രതികരണവും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ബികെ ഹരിനാരായണന്റെ കുറിപ്പിലേക്ക്:

ഒരു ‘തെറി’ക്കഥ?

നീ തെറിയെഴുതുമോ ? കവിതയില്‍ ഇമ്മാതിരി തെറി എഴുതാമോ ? എന്നൊക്കെ ചോദിച്ച് ഇന്നും ഇന്നലെയും പല സുഹൃത്തുക്കളും ഒരു സ്‌ക്രീന്‍ ഷോട്ട് അയച്ച് ചോദിക്കുന്നുണ്ട് . അവര്‍ക്കും ഇനി ചോദിക്കാനുള്ളവര്‍ക്കുമുള്ള ഒരു മറുപടിയാണ് ഈ പോസ്റ്റ് . അവര്‍ക്ക് വേണ്ടി മാത്രമാണേ ??

തെറി പറയാറുണ്ട്. പക്ഷെ ഇത് വരെ കവിതയില്‍ എഴുതേണ്ട സാഹചര്യം ഉണ്ടായിട്ടില്ല . കഴിഞ്ഞ നവംബര്‍ 7 ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുത്തിരുന്നു . അതിനും രണ്ട് ദിവസം മുന്‍പ് നവംബര്‍ 5 ന് , ഷാര്‍ജയില്‍ നിന്ന് ഒരു മാധ്യമ സുഹൃത്ത് മെസേജ് അയച്ച് ചോദിച്ചു.

ഞങ്ങള്‍ പുസ്തകോത്സവുമായി ബന്ധപ്പെട്ട് ഒരു ബുക്ക്ലറ്റ് ഇറക്കുന്നുണ്ട് അതിലേക്ക് ഒരു കുഞ്ഞു കവിത തരാമോ ?

മുന്‍പ് പ്രസിദ്ധീകരിച്ചത് മതിയോ ? എന്ന് ചോദിച്ചപ്പോള്‍ മതി എന്നും പറഞ്ഞു .

മാതൃഭൂമി പ്രസിദ്ധീകരിച്ച ‘അനുരാഗ നദിയേ ‘ എന്ന പുസ്തകത്തില്‍ നിന്ന് ഒരു കവിത പുസ്തകത്തിലെ പേജിന്റെ ഫോട്ടോ എടുത്ത് കൊടുത്തു .

ഒന്ന് രണ്ട് വീഡിയോ ഇന്റര്‍വ്യൂകളില്‍ ഞാന്‍ ചൊല്ലുകയും ചെയ്ത കവിതയാണ് .

അത് മതി എന്ന് പറയുകയും ചെയ്തു . ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് (14/11 ) പ്രസ്തുത സുഹൃത്ത് കവിത പ്രിന്റ് ചെയ്തത് അയക്കുന്നത്.

അപ്പോഴേക്കും പ്യൂപ്പ ചിത്രശലഭമാകുന്നത് പോലെ ,

അച്ചടിപ്പിശകിന്റെയും നിരുത്തരവാദപരമായ പ്രൂഫിന്റെയും സമാധി ദശ കടന്ന് എന്റെ വരി തെറിയായി പരിണമിച്ച് കഴിഞ്ഞിരുന്നു. അവരോട് കാര്യം പറഞ്ഞു . യുദ്ധം ഹോര്‍മൂസിലൂടെ പേപ്പര്‍ വരായ്ക അങ്ങനെ എന്തൊക്കെയോ അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു .

എന്നാലും എന്റെ ഹോര്‍മൂസേ വീട്ടിലെ കര്‍മൂസ് പോലും ചെയ്യാത്ത ഈ ചെയ്ത്ത് എന്നോട് വേണമായിരുന്നോ? റോട്ടീക്കൂടെ അമ്മായിടെ മോന്റെ കല്യാണത്തിന് നടന്ന് പോകുമ്പൊ പുത്തന്‍ ഷര്‍ട്ടില്‍ , പാഞ്ഞ് പോയ BMW കാറ് ചെളി തെറിച്ചപോലെ,ബ്ലിംഗിതമേ ബ്ലിംഗിതമേ എന്ന പാട്ട് BGM ഇട്ട് നില്‍ക്കുക തന്നെ. മറ്റൊരു സുഹൃത്ത് പറഞ്ഞതാണ് ഹൈലൈറ്റ് !’ഇങ്ങനെ എങ്കിലും നിന്റെ കവിത നാലാള് വായിക്കുമല്ലോ !

( അനുരാഗ നദിയിലെ കവിതയുടെ ന്ക്രീന്‍ ഷോട്ട് മാത്രം ഇവിടെ പതിപ്പിക്കുന്നു . ഇതിലെ ‘മാനസപ്പുറ്റ് ‘ എങ്ങനെ തെറി ആയി എന്ന് ഊഹിച്ചെടുക്കുമല്ലോ)

തലക്കെട്ടുകൾ നൽകുക