
സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെയും നടി സായ് പല്ലവിയുടെയും പ്രകടനങ്ങളെയും ആത്മാർത്ഥതയെയും പുകഴ്ത്തി നടൻ മമ്മൂട്ടി. വരാനിരിക്കുന്ന ‘ഓം: ഓപ്പറേഷൻ മോൾ’ എന്ന ചിത്രത്തിന്റെ കൊച്ചിയിൽ നടന്ന പ്രൊമോഷണൽ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം സിനിമയെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചും വാചാലനായത്. ചിത്രത്തിൽ അഭിനയിക്കാനുണ്ടായ അനുഭവങ്ങളും താരം വേദിയിൽ പങ്കുവെച്ചു.
അസുഖബാധിതനായി വിശ്രമവേളയിലായിരുന്നപ്പോഴാണ് രാജ്കുമാർ പെരിയസാമി ഈ ചിത്രവുമായി തന്നെ സമീപിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു. ആ സമയത്ത് അഭിനയിക്കാവുന്ന അവസ്ഥയിലല്ലായിരുന്നുവെന്നും ബുദ്ധിമുട്ടാകുമെന്ന് താൻ അറിയിച്ചെങ്കിലും, സാറിന് എപ്പോഴാണോ സൗകര്യം അപ്പോഴാകാമെന്നായിരുന്നു സംവിധായകന്റെ മറുപടി. അഞ്ചെട്ടുമാസത്തിന് ശേഷമാണ് ഷൂട്ടിങ് തുടങ്ങിയതെന്നും, അത്രത്തോളം തന്നെ ഈ സിനിമയ്ക്ക് ആവശ്യമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിൽ ഇൻസ്പെക്ടർ ബൽറാം എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നതെന്ന് തമാശരൂപേണ മമ്മൂട്ടി പരാമർശിച്ചു. ഭയപ്പെടുത്തലും ഇടിയും ഫൈറ്റും വെടിയുമൊക്കെയുള്ള ചിത്രത്തിൽ ‘പൂച്ചയായിരുന്ന് പുലിയെപ്പോലെ ചാടുക’ എന്ന രീതിയിലാണ് സായ് പല്ലവിയുടെ പ്രകടനം. ‘രാമായണം’ വൈകിയിരുന്നില്ലെങ്കിൽ സായ് പല്ലവിയുടെ ആദ്യ ആക്ഷൻ ചിത്രം ‘ഓം’ ആയേനെ. വിജയശാന്തിക്ക് ശേഷം തെന്നിന്ത്യയിൽ ശക്തയായൊരു ആക്ഷൻ ഹീറോയിനായി സായ് പല്ലവിയെ ഈ ചിത്രത്തിലൂടെ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴിലെ യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവെച്ചു. വളരെ ആവേശത്തോടെയാണ് എല്ലാവരും സെറ്റിൽ പ്രവർത്തിച്ചതെന്നും, സംവിധായകന്റെ സ്നേഹവും സമർപ്പണവുമാണ് ചിത്രീകരണ ദിവസങ്ങളിൽ തങ്ങളെ ഒപ്പിച്ചുനിർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഓം’ രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം ‘എ.ഒ.ടി’ക്കൊപ്പമാണ് ഇത്തവണ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ
‘ചിത്രത്തിലേക്ക് വിളിക്കുമ്പോൾ, അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. സാറിന് എപ്പോഴാണോ സൗകര്യം അപ്പോഴെടുക്കാം എന്ന് സംവിധായകൻ പറഞ്ഞു. അഞ്ചെട്ടുമാസം കഴിഞ്ഞപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. അത്രത്തോളം എന്നെ ആവശ്യമുള്ള സംവിധായകനും പടവുമാണെന്ന് എനിക്ക് തോന്നി. ഷൂട്ടിങ്ങിന് പത്തുനാൽപ്പത്ത് ദിവസം മതിയെന്ന് പറഞ്ഞെങ്കിലും അതിൽക്കൂടുതൽ ദിവസങ്ങൾ എടുത്തു.
രാവിലെ എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോകാൻ രസമുള്ള പടമായിരുന്നു ഇത്. മദ്രാസിലായിരുന്നതുകൊണ്ട് വീട്ടിൽനിന്ന് പോയി വരാം. സംവിധായകൻ പാവം മനുഷ്യനാണ്. വലിയ ആവേശവും ആഗ്രഹവുമുണ്ട്. സിനിമ അയാൾക്ക് കാണാപ്പാഠമാണ്. ഒട്ടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. ചില കാര്യങ്ങൾ ഡീൽ ചെയ്യുന്നതുകണ്ടാൽ രാഷ്ട്രീയക്കാർക്ക് പറ്റുന്ന പരിപാടിയാണെന്ന് തോന്നും. അത്രയും ദിവസം ഞാൻ സിനിമയിൽനിന്നതുപോലും അയാൾ ഒറ്റയാൾ കാരണമാണ്, നോ പറയാൻ പറ്റില്ല. അത്രത്തോളം സ്വീറ്റാണ്.
തമിഴിലെ യങ് സ്റ്റാഴ്സിന്റെ കൂടെ ഞാൻ അഭിനയിച്ചിട്ടേയില്ല. രജനീകാന്ത് ലൈനിൽ കഴിഞ്ഞിട്ട് പിന്നെ ഒരുപാട് കാലം കഴിഞ്ഞിട്ടാണ് തമിഴിൽ വന്നത്. എല്ലാവരും ഭയങ്കര വൈബായിരുന്നു.
ഓമി’ൽ സായ് പല്ലവി ഇൻസ്പെക്ടർ ബൽറാം ആയാണ് അഭിനയിക്കുന്നത്. പേടിപ്പിക്കലും ഇടിയും ഫൈറ്റും വെടിയും ഡയലോഗും. പൂച്ചയായിരുന്നിട്ട് പുലിയെപ്പോലെ ചാടും എന്ന് പറഞ്ഞിട്ടില്ലേ? അതുമാതിരിയാണ്. ‘രാമായണ’ വന്നില്ലായിരുന്നെങ്കിൽ ‘ഓം’ ആയിരുന്നേനെ സായ് പല്ലവിയുടെ ആദ്യത്തെ ആക്ഷൻ പടം. ഫൈറ്റ് കാണുമ്പോൾ, കരാട്ടെയോ മറ്റോ പഠിച്ചതാണെന്ന് തോന്നും. വിജയശാന്തിക്കൊക്കെ ശേഷം ആക്ഷൻ ഹീറോയിനായി കാണാം.