‘എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിച്ചു! 15 ദിവസം ഇങ്ങനെ ചെയ്തു, എന്റെ കാലിന്റെ പരിക്ക് പെട്ടെന്ന് ഭേദമായി’; ചർച്ചയായി നടന്റെ വാക്കുകൾ

','

' ); } ?>

1996-ൽ പുറത്തിറങ്ങിയ ‘ഘതക്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഗുരുതരമായ കാൽ പരിക്കിൽ നിന്ന് മുക്തി നേടാൻ താൻ തുടർച്ചയായി 15 ദിവസം സ്വന്തം മൂത്രം കുടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ പരേഷ് റാവൽ. നടൻ അജയ് ദേവ്‌ഗണിന്റെ പിതാവും പ്രശസ്ത ആക്ഷൻ ഡയറക്ടറുമായ വീരു ദേവ്‌ഗൺ ആണ് തനിക്ക് ഈ വിചിത്രമായ വഴി നിർദ്ദേശിച്ചതെന്നും, കരിയർ അവസാനിക്കുമെന്ന് ഭയന്ന ആ ദിവസങ്ങളിൽ രോഗം വേഗത്തിൽ ഭേദമാക്കാൻ താൻ ഈ ഉപദേശം നടപ്പിലാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഏപ്രിലിൽ ‘ദ് ലല്ലൻടോപ്പ്’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വിവരങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.

സൂര്യനസ്തമിച്ചാൽ ഉടൻ ജോലികൾ നിർത്തണമെന്നും, രാവിലെ എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിക്കുക, മദ്യം, പുകയില, മാംസാഹാരം എന്നിവ ഒഴിവാക്കുക എന്നുമായിരുന്നു വീരു ദേവ്‌ഗൺ തനിക്ക് നൽകിയ നിർദ്ദേശമെന്ന് പരേഷ് റാവൽ ഓർമ്മിക്കുന്നു. തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നിയെങ്കിലും ബിയർ സിപ്പ് ചെയ്യുന്നത് പോലെ പതിയെയാണ് താൻ ഇത് കുടിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ രണ്ടര മാസം വേണ്ടിവരുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ പരിക്ക്, ഈ 15 ദിവസത്തെ രീതിയിലൂടെ ഒന്നര മാസം കൊണ്ട് പൂർണ്ണമായും ഭേദമാവുകയും തനിക്ക് അതിവേഗം ജോലിയിലേക്ക് തിരികെ പോകാൻ സാധിക്കുകയും ചെയ്തതായി നടൻ കൂട്ടിച്ചേർത്തു. അതേസമയം, ഇത്തരം ചികിത്സാ രീതികൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.

പരേഷിന്റെ വാക്കുകൾ

“ഞാനൊന്ന് ആശുപത്രിയിൽ കിടന്ന സമയമാ… അന്നേരം അങ്ങോട്ട് കടന്നുവന്നു നമ്മുടെ വീരു ദേവ്ഗൺ! പ്രശസ്തനായ ആക്ഷൻ ഡയറക്ടർ, അജയ് ദേവ്ഗണിന്റെ അച്ഛൻ. എന്റെ പരിക്കിനെക്കുറിച്ചറിഞ്ഞ് കാണാൻ വന്നതായിരുന്നു അദ്ദേഹം. വന്നപാടെ പുള്ളി എനിക്കൊരു ‘കിടിലൻ’ വഴി ഉപദേശിച്ചു തന്നു!

അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി: ‘രാവിലെ എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിക്കുക! എല്ലാ ആക്ഷൻ ഫൈറ്റർമാരും ഇത് ചെയ്യാറുണ്ട്, യാതൊരു പ്രശ്നവും ഉണ്ടാകില്ല’ എന്നായിരുന്നു ആ ഉപദേശം! അതോടൊപ്പം മദ്യം, പുകയില, മാംസാഹാരം എന്നിവ പൂർണ്ണമായി ഒഴിവാക്കാനും അദ്ദേഹം കർശനമായി ആവശ്യപ്പെട്ടു.

തുടക്കത്തിൽ കേട്ടപ്പോൾ എനിക്ക് അല്പം ബുദ്ധിമുട്ടൊക്കെ തോന്നി. പക്ഷേ, ഈ പരിക്കിൽ നിന്ന് എത്രയും പെട്ടെന്ന് മോചിതനാകാന്‍ ഞാൻ എന്തിനും തയ്യാറായിരുന്നു! പിന്നെ ഞാൻ ആലോചിച്ചു, എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് കൃത്യമായ രീതിയിൽ തന്നെ ചെയ്യണമെന്ന്. അങ്ങനെ പെട്ടെന്ന് ഒറ്റയടിക്ക് വിഴുങ്ങാതെ, ഒരു ബിയർ സിപ്പ് ചെയ്ത് കുടിക്കുന്നത് പോലെ ഞാൻ അത് പതിയെ കുടിച്ചു കുടിച്ചു ശീലമാക്കി!

ഡോക്ടർമാർ സാധാരണ പറഞ്ഞിരുന്നത് ഈ പരിക്കിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ രണ്ടര മാസമെങ്കിലും വേണമെന്നാണ്. എന്നാൽ, ഈ ‘ചികിത്സ’ തുടങ്ങി വെറും 15 ദിവസം കഴിഞ്ഞ് ഞാൻ എക്സ്-റേ എടുത്തു നോക്കിയപ്പോൾ ഡോക്ടർമാർ പോലും അമ്പരന്നുപോയി! അവർ ചോദിച്ചു: ‘ഇത് എങ്ങനെ സംഭവിച്ചു?’ എന്ന്.

രണ്ടര മാസം കൊണ്ട് സുഖപ്പെടുമെന്ന് കരുതിയ പരിക്ക്, വെറും ഒന്നര മാസം കൊണ്ടാണ് ഭേദമായത്! അങ്ങനെ എനിക്ക് ചുരുങ്ങിയ സമയം കൊണ്ട് വീണ്ടും ജോലിയിലേക്ക് തിരികെ പോകാൻ സാധിച്ചു.”