തിയേറ്ററുകളിൽ മികച്ച കലക്ഷനുമായി മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. സിനിമ കാണുന്നതിനിടയിൽ പലതവണ ഉറങ്ങിപ്പോയെന്നും, രണ്ടാം ഭാഗം കാണാനുള്ള ഒരു ആകാംക്ഷയും ഒന്നാം ഭാഗം സൃഷ്ടിക്കുന്നില്ലെന്നും അവർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
യഷ്, സായി പല്ലവി, ശോഭന എന്നിവരൊഴികെ ചിത്രത്തിലെ മറ്റൊരു താരത്തെയും ആകർഷണീയമായി തോന്നിയില്ലെന്ന് ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. 35 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് സാങ്കേതികമായ മാറ്റങ്ങളല്ലാതെ പുതുമയൊന്നും സിനിമയിലില്ല. രാവണനൊഴികെയുള്ള രാക്ഷസരൂപങ്ങൾ ഒരു ബാലേയിൽ കാണുന്നതുപോലെ വികൃതമായിട്ടാണ് അനുഭവപ്പെട്ടത്. രാവണന്റെ രൂപം മികച്ചതായിരുന്നുവെന്നും, പുഷ്പകവിമാനം, ജടായു, വനങ്ങൾ എന്നിവ ദൃശ്യഭംഗിയുള്ളതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വെട്ടിലും കുത്തിലും അക്രമങ്ങളിലും സിനിമ തുടങ്ങുന്നത് ചെറുചിത്രങ്ങൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഇപ്പോൾ ഒരു ഫാഷനാക്കി മാറ്റിയിരിക്കുകയാണ്. ത്രിഡി ദൃശ്യങ്ങളിൽ ആയുധങ്ങൾ മുഖത്തേക്ക് വരുന്നത് കണ്ട് പലപ്പോഴും ഞെട്ടിപ്പോയി. ദശരഥന്റെ പുത്രകാമേഷ്ടിയും സീതയെ തട്ടിക്കൊണ്ടുപോകുന്നതും വലിച്ചുനീട്ടാതെ ഒതുക്കത്തിൽ കാണിച്ചത് നന്നായി. എന്നാൽ, ഇടയ്ക്ക് മയങ്ങിപ്പോയതിനാൽ മണ്ഡോദരിയുടെ രംഗങ്ങളും മാരീചൻ മാനായി എത്തുന്ന ഭാഗവും പരശുരാമൻ-ശ്രീരാമൻ സംഘട്ടനവുമെല്ലാം കാണാൻ സാധിച്ചില്ലെന്നും അവർ കുറിച്ചു.
അതേസമയം, ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ ആയിരം കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 25 കോടി രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കേരള കലക്ഷൻ. ഒരു ഹിന്ദി ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ റെക്കോർഡാണിത്.
ശാരദക്കുട്ടിയുടെ വാക്കുകൾ
‘‘രാമായണം കണ്ടു. വെട്ടിലും കുത്തിലും അക്രമങ്ങളിലും ആരംഭിക്കൽ ചെറു സിനിമകൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഒരു ഫാഷനാക്കിയിരിക്കുന്നു. ത്രിഡിയിൽ പലപ്പോഴും തലയും കഴുത്തും വെട്ടിച്ചു കൊണ്ടിരുന്നു. കുന്തമൊക്കെ മുഖത്തേക്ക് വരുന്നത് പണ്ടേ കണ്ടതെങ്കിലും ഞെട്ടി ഞെട്ടി വശം കെട്ടു.
രാക്ഷസരൂപങ്ങളിൽ രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ എനിക്കു തോന്നിയുള്ളു. തികച്ചും ഒരു ത്രിഡി ബാലേ. രാവണൻ അന്യായ പഴ്സനാലിറ്റി!
ദശരഥന്റെ പുത്രകാമേഷ്ടിയും രാവണന്റെ സീതയെ തട്ടിക്കൊണ്ടു പോകലും ഒന്നും വിസ്തരിക്കാതെ ഒതുക്കത്തിൽ കാണിച്ചത് നന്നായി. ഇടക്കൊന്നു മയങ്ങിപ്പോയതു കൊണ്ട് മണ്ഡോദരി വന്ന ഭാഗവും മാരീചന്റെ മാൻ രൂപം വന്ന ഭാഗവുമൊക്കെ ശ്രദ്ധിക്കാൻ പറ്റിയില്ല.
പരശുരാമ ശ്രീരാമ സംഘട്ടനവും ഉറക്കത്തിനിടയിലാണ് സംഭവിച്ചത്. 35 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് വ്യത്യസ്തമായി ടെക്നിക്കലി അല്ലാതെ പുതുതായി മാറ്റമൊന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലായി കഴിഞ്ഞിരുന്നു.
യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല. പുഷ്പകവിമാനവും ജടായുവും വനങ്ങളും കാഴ്ചയിൽ അതീവ ഭംഗിയായി. രണ്ടാം ഭാഗം കാണുവാനുള്ള ഒരു തോന്നലും ഉണ്ടാക്കാത്ത ഒന്നാം ഭാഗം.’’