“ഞങ്ങൾക്കുവേണ്ടി കരിയർ ഉപേക്ഷിക്കരുതായിരുന്നു, മക്കളായ രേവതിയും കീർത്തിയും പറഞ്ഞു”; മേനക

','

' ); } ?>

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകാനൊരുങ്ങി എൺപതുകളിലെ പ്രിയനായിക മേനക സുരേഷ്. മക്കളായ രേവതിയുടെയും കീർത്തിയുടെയും പിന്തുണയും സംവിധായകൻ സഞ്ജീവ് ശിവന്റെ നിർബന്ധവുമാണ് തന്നെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിച്ചതെന്ന് നടി വ്യക്തമാക്കി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ തിരിച്ചുവരവിനെക്കുറിച്ച് മനസ്സുതുറന്നത്.

സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തിയുമാണ് പുതിയ ചിത്രത്തിലേക്ക് മേനകയെ ക്ഷണിച്ചത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും മികച്ചൊരു കഥാപാത്രമുണ്ടെന്നും ഈ ചിത്രത്തിൽ അഭിനയിച്ചേ മതിയാകൂ എന്നും പറഞ്ഞ് ഇരുവരും നിർബന്ധിക്കുകയായിരുന്നു. ഒരുതരം സ്നേഹഭീഷണിയിലൂടെയാണ് അവർ തന്നെ സമ്മതിപ്പിച്ചതെന്ന് മേനക പറയുന്നു. ഭർത്താവ് ജി. സുരേഷ് കുമാറും കഥാപാത്രം മികച്ചതാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. തിരുവനന്തപുരത്ത് ഒപ്പമുള്ള അമ്മയുടെ കാര്യങ്ങൾ നോക്കിക്കൊള്ളാമെന്ന് മൂത്തമകൾ രേവതി ഉറപ്പുനൽകിയതോടെയാണ് അഭിനയിക്കാൻ തീരുമാനിച്ചത്.

കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇരുപത്തിനാലാം വയസ്സിൽ അഭിനയം നിർത്തിയതിനെച്ചൊല്ലി മക്കൾ തന്നെ വഴക്കുപറയാറുണ്ടെന്നും മേനക വെളിപ്പെടുത്തി. തങ്ങൾക്കുവേണ്ടി കരിയർ ഉപേക്ഷിക്കരുതായിരുന്നു എന്നാണ് രേവതിയുടെയും കീർത്തിയുടെയും പക്ഷം. എന്നാൽ, നർത്തകിയാകാനായിരുന്നു തന്റെ ആഗ്രഹമെന്നും നടിയാകണമെന്ന് സ്വപ്നം കാണാത്തതുകൊണ്ട് സിനിമ വിട്ടപ്പോൾ സങ്കടം തോന്നിയിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

നിർമാതാവ് ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മേനക, 2011-ൽ ‘ലിവിങ് ടുഗദർ’ എന്ന ചിത്രത്തിലൂടെ ചെറിയൊരു തിരിച്ചുവരവ് നടത്തിയിരുന്നു. പുതിയ ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

മേനകയുടെ വാക്കുകൾ

“മക്കളായ രേവതിയും കീർത്തിയും എന്നെ വഴക്കുപറയും. ‘എന്തിനാണ് ഇരുപത്തിനാലാമത്തെ വയസിൽ അഭിനയം നിർത്തിയത് ?. ഇത്രയും കഴിവുള്ള നടിക്ക് കരിയറിൽ വലിയൊരു സ്ഥാനത്ത് എത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ലേ ?.

ഞങ്ങൾക്കുവേണ്ടി മാറി നിൽക്കരുതായിരുന്നു’- എന്നൊക്കെ അവർ ചോദിക്കും. അത് അവരുടെ തലമുറയുടെ കാഴ്ചപ്പാടാണ്. നടിയാകണമെന്ന് ഞാൻ സ്വപ്നം കണ്ടിട്ടില്ല. നർത്തകിയാകണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ അഭിനയം നിർത്തിയപ്പോൾ എനിക്ക് സങ്കടം തോന്നിയിരുന്നില്ല.

ഇത്തവണ എന്നെ ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്ന് പറയാം. സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തിയും എന്റെ സുഹൃത്തുക്കളാണ്. ഒരിക്കൽ കണ്ടപ്പോൾ സഞ്ജീവ് പറഞ്ഞു, ‘ചേച്ചി അഭിനയിക്കണം. ഞാൻ ഒഴിഞ്ഞുമാറി. കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു. ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും എനിക്ക് നല്ലൊരു കഥാപാത്രമുണ്ടെന്നും കഥ പറയാൻ വീട്ടിലേക്ക് വരുമെന്നും പറഞ്ഞു.

ഞാൻ ശരിക്കും ഞെട്ടി. എന്റെ കഥാപാത്രമോ എന്ന് ചോദിച്ചപ്പോൾ, ‘ഞങ്ങൾ തീരുമാനിച്ചു. ഈ സിനിമയിൽ ചേച്ചിയുണ്ട്’ എന്നായിരുന്നു അവരുടെ മറുപടി.എന്റെ അമ്മ ഇപ്പോൾ എനിക്കൊപ്പം തിരുവനന്തപുരത്തുണ്ട്. ‘അമ്മൂമ്മയെ ഞാൻ നോക്കിക്കൊള്ളാം. അമ്മ പോയി അഭിനയിക്ക്’ എന്നാണ് രേവതി പറഞ്ഞത്. ‘പപ്പി, നല്ല കഥാപാത്രമാണ്. നിനക്ക് പറ്റും’ എന്ന് സുരേഷേട്ടനും പറഞ്ഞു. അങ്ങനെയാണ് ഞാൻ അഭിനയിക്കാൻ തീരുമാനിക്കുന്നത്.”