
ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർത്ഥികളായ ഷിജിനും കൊമ്പനും പരസ്യ പിന്തുണയുമായി നടി വിൻസി അലോഷ്യസ് രംഗത്ത്. കഴിഞ്ഞ ആഴ്ചയിലെ ‘ആറ്റം ബോംബ്’ ടാസ്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷിജിനെ പ്രശംസിച്ച താരം, ഇരുവരും തന്റെ പ്രിയപ്പെട്ട മത്സരാർത്ഥികളാണെന്നും വ്യക്തമാക്കി. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിൻസി.
“ഷിജിൻ തൂക്കിയില്ലേ… ഞാൻ ഷിജിന് കട്ട സപ്പോർട്ട് ആണ്. അവൻ അടിപൊളിയാണ്. പിന്നെ കൊമ്പനും അടിപൊളിയാണ്. അവർ രണ്ടുപേരും എന്റെ ഫേവറേറ്റ്സ് ആണ്,” വിൻസി പറഞ്ഞു. അതേസമയം, ഹൗസിനുള്ളിൽ ഇഷ്ടമില്ലാത്ത മത്സരാർത്ഥി ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കാൻ താരം തയ്യാറായില്ല. അങ്ങനെ ഒരാളുണ്ടാകാമെങ്കിലും അത് പറഞ്ഞ് വിവാദങ്ങൾക്ക് തിരികൊളുത്താനോ ‘എയറിൽ കയറാനോ’ താല്പര്യമില്ലെന്നും, നെഗറ്റീവ് കാര്യങ്ങൾ തന്നിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു.
‘ഷിജിൻ തൂക്കിയില്ലേ..ഞാൻ ഷിജിന് കട്ട സപ്പോർട്ട് ആണ്. അവൻ അടിപൊളിയാണ്. പിന്നെ കൊമ്പനും അടിപൊളി ആണ്. അവർ രണ്ടുപേരും എന്റെ ഫേവറേറ്റ്സ് ആണ്. ഇഷ്ടമില്ലാത്ത ആളെ കുറിച്ച് പറയുന്നില്ല. അങ്ങനെ ഒരാളുണ്ടാവും പക്ഷേ ഞാൻ പറയില്ല. അത് പറഞ്ഞിട്ട് എന്നെ എയറിൽ കയറ്റാനല്ലേ. എനിക്ക് ഇഷ്ടമുള്ളവരെ പറഞ്ഞു. നെഗറ്റീവ് ഒന്നും എന്നിൽ നിന്നും കിട്ടില്ല’, വിൻസിയുടെ വാക്കുകൾ.
ഷോ അവസാനിക്കാൻ വെറും 34 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സീസൺ 8 ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സീസൺ ആരംഭിക്കുന്നതിന് മുൻപ് കോമണേഴ്സിനായി സംഘടിപ്പിച്ച ‘അഗ്നിപരീക്ഷ’ എന്ന പ്രീ-ഷോയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ഷിജിൻ പ്രേക്ഷകർക്ക് സുപരിചിതനായത്. തുടക്കത്തിൽ വലിയ പ്രതീക്ഷകളില്ലാതിരുന്ന ഷിജിൻ, പിന്നീട് തന്റെ മികച്ച പ്രകടനത്തിലൂടെ വിമർശകരെ കൊണ്ട് പോലും മാറ്റിപ്പറയിപ്പിച്ച് സീസണിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായി മാറുകയായിരുന്നു.
വിൻസിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. നല്ല പ്രകടനം കണ്ടാൽ ആരായാലും പിന്തുണ നൽകുമെന്നും, ഇതിന്റെ പേരിൽ താരത്തെ പിആർ (PR) ആയി മുദ്രകുത്തരുതെന്നും അഭിപ്രായപ്പെട്ട് നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.