
സെർച്ച് വാറന്റില്ലാതെ തന്റെ വസതിയിൽ നാർക്കോട്ടിക്സ് വിഭാഗം പരിശോധന നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി തമിഴ് നടനും ബിഗ് ബോസ് താരവുമായ ബാലാജി മുരുഗദോസ് രംഗത്ത്. 15 അംഗ പോലീസ് സംഘം വീട്ടിലെത്തിയിട്ടും മൂന്ന് പൂച്ചകളെയും ഒരു നായയെയും മാത്രമാണ് കണ്ടെത്താനായതെന്ന് പരിഹസിച്ച താരം, പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിലൂടെ (X) പുറത്തുവിട്ടു.
എന്ത് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ തന്റെ വീട്ടിലെത്തിയതെന്നും തനിക്കെതിരെ പരാതി നൽകിയത് ആരാണെന്നും വ്യക്തമാക്കണമെന്ന് ബാലാജി ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. രക്തപരിശോധനയ്ക്ക് താൻ തയ്യാറാണെന്നും എന്നാൽ പോലീസ് വകുപ്പിന്റെ ഈ നടപടിയിൽ ലജ്ജിക്കുന്നുവെന്നും താരം എക്സിൽ കുറിച്ചു.
യാതൊരു പരിശോധനാ വാറന്റുമില്ലാതെയാണ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും, തനിക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ സ്വമേധയാ അവരെ വീടിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്താൻ അനുവദിക്കുകയായിരുന്നുവെന്ന് ബാലാജി വ്യക്തമാക്കി. എന്നാൽ, ഇത്തരമൊരു നടപടിയിലേക്ക് നയിച്ച സാഹചര്യം പോലീസ് വിശദീകരിക്കണമെന്ന നിലപാടിലാണ് താരം.
‘ബിഗ് ബോസ് തമിഴ്’ നാലാം സീസണിൽ ഫസ്റ്റ് റണ്ണറപ്പായതോടെയാണ് ബാലാജി മുരുഗദോസ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായത്. തുടർന്ന് 2022-ൽ ‘ബിഗ് ബോസ് അൾട്ടിമേറ്റ്’ ആദ്യ സീസണിൽ വിജയിയാവുകയും ചെയ്തു. സംവിധായകൻ ജെ. സതീഷ് കുമാർ ഒരുക്കിയ ‘ഫയർ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ വില്ലൻ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
ബാലാജിയുടെ വാക്കുകൾ
“ആരാണ് പരാതി നൽകിയതെന്ന് എനിക്ക് അറിയണം. ആരാണ് പരാതി നൽകിയത്, എന്തിനാണ് പരാതി നൽകിയത്? പലതവണ ചോദിച്ചിട്ടും അവർ ഇക്കാര്യം വെളിപ്പെടുത്തിയില്ല. രക്തപരിശോധനയ്ക്ക് ഞാൻ തയ്യാറാണ്. എന്നാൽ നിങ്ങളുടെ പോലീസ് വകുപ്പിനെ ഓർത്ത് ലജ്ജിക്കുന്നു. 15 പോലീസുകാരാണ് എന്റെ വീട്ടിലെത്തിയത്. അവർക്ക് അവിടെ കണ്ടെത്താനായത് മൂന്ന് പൂച്ചകളെയും ഒരു നായയെയും മാത്രമാണ്. എന്ത് അടിസ്ഥാനത്തിലാണ് അവർ എത്തിയതെന്ന് എനിക്ക് അറിയണം.
യാതൊരു പരിശോധനാ വാറന്റുമില്ലാതെയാണ് ഉദ്യോഗസ്ഥർ എന്റെ വീട്ടിലെത്തിയത്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, എനിക്ക് ഒന്നും മറച്ചുവയ്ക്കാനുമില്ല. സ്വമേധയാ ആണ് ഉദ്യോഗസ്ഥരെ വീട്ടിൽ പ്രവേശിച്ച് പരിശോധന നടത്താൻ ഞാൻ അനുവദിച്ചത്. എന്നാൽ, ഇത്തരമൊരു നടപടിയിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് പോലീസ് വ്യക്തമാക്കണം.”