പ്രഥമ ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന്

','

' ); } ?>

അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം മുതിർന്ന ചലച്ചിത്ര നടൻ പത്മശ്രീ മധുവിന് സമ്മാനിക്കും. ഒരു ലക്ഷത്തി ഒന്ന് രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ നവംബർ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടക്കുന്ന ‘രാകേന്ദു കിരണങ്ങൾ’ എന്ന സ്മൃതി സായാഹ്നത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമർപ്പിക്കും. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ദേശീയ ബാലതരംഗം സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ തുടങ്ങിയവർ പങ്കെടുക്കും.

അനുസ്മരണ സമ്മേളനത്തിന് ശേഷം ബിച്ചു തിരുമലയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ കലാപരിപാടികൾ അരങ്ങേറും. റിഗാറ്റ ഗിരിജയുടെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരവും, മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ്ണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്കർ എന്നിവർ നയിക്കുന്ന ഗാനാഞ്ജലിയും പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയുടെ നടത്തിപ്പിനായി കെ. മുരളീധരൻ (ചെയർമാൻ), അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് (ജനറൽ കൺവീനർ), ടി.എസ്. സുരേഷ് ബാബു (പ്രോഗ്രാം ഡയറക്ടർ), കല്ലിയൂർ ശശി (പ്രോഗ്രാം കോ-ഓർഡിനേറ്റർ), രാകേഷ് ബ്രഹ്മാനന്ദൻ (മ്യൂസിക് കോ-ഓർഡിനേറ്റർ), അജയ് തുണ്ടത്തിൽ (പി.ആർ.ഒ) എന്നിവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.

നാനൂറിലധികം സിനിമകൾക്കായി അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ച ബിച്ചു തിരുമല, ‘അക്കൽദാമ’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ പിറന്ന ‘നീലാകാശവും മേഘങ്ങളും’ എന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഗാനരചനയ്ക്ക് പുറമെ ‘സത്യം’ എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ‘ശക്തി’, ‘ഇഷ്ടപ്രാണേശ്വരി’ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കുകയും ചെയ്തിട്ടുണ്ട്. നാടകഗാനങ്ങൾ, ആകാശവാണി ലളിതഗാനങ്ങൾ, കവിതാ സമാഹാരങ്ങൾ എന്നിവയിലൂടെയും മലയാള സാഹിത്യ-സംഗീത ലോകത്ത് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.