
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വീണാ നായർ നിർമ്മാണ രംഗത്ത് കൂടുതൽ സജീവമാകുന്നു. താരം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കഥാ പൂജ ശ്രീ മൂകാംബികാ ക്ഷേത്രത്തിൽ വച്ച് നടന്നു. വീണ നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രചന നിർവ്വഹിച്ചു സംവിധാനം ചെയ്യുന്നത് ഉണ്ണി ദാസ് കൂടത്തിലാണ്. തനിക്ക് എന്നും പിന്തുണ നൽകിയ പ്രേക്ഷകരുടെ പ്രാർത്ഥനയും അനുഗ്രഹവും പുതിയ സംരംഭത്തിനും ഉണ്ടാകണമെന്ന് സോഷ്യൽ മീഡിയയിലൂടെ വീണ അഭ്യർത്ഥിച്ചു.
അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തേക്കും ചുവടുവെച്ച വീണ, തന്റെ ആദ്യ സംരംഭത്തിന് ശേഷമാണ് പുതിയ പ്രൊജക്റ്റുമായി രംഗത്തെത്തുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് താരം അറിയിച്ചു. വ്യക്തിജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെയും വേർപിരിയലിനെയും അതിജീവിച്ച്, മകന്റെ വളർച്ചയ്ക്കൊപ്പം കരിയറിലും പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ് വീണയിപ്പോൾ.
”വീണ നായർ പ്രൊഡക്ഷൻസ് – പ്രൊഡക്ഷൻ നമ്പർ 2 … ശ്രീ മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ വീണ നായർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ദേവിയുടെ അനുഗ്രഹസാന്നിധ്യത്തിൽ തിരക്കഥാ പൂജ നടത്തി ഈ പുതിയ യാത്രയ്ക്ക് ശുഭാരംഭം കുറിച്ചിരിക്കുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
രചനയും സംവിധാനവും: ഉണ്ണി ദാസ് കൂടത്തിൽ
നിർമ്മാണം: വീണ നായർ
ബാനർ: വീണ നായർ പ്രൊഡക്ഷൻസ്
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്. ഈ പുതിയ സംരംഭത്തിനും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു. ഈശ്വരനോടും എന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും എന്റെ ഈ യാത്രയിൽ കൂടെ നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ പുതിയൊരു യാത്രയിലേക്ക്…”, വീണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ വർഷമാണ് ആയിരുന്നു വീണയും മുൻ ഭർത്താവ് ആർജെ അമനും തമ്മിൽ വിവാഹ മോചിതരായത്. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. എന്നാൽ മകന്റെ കാര്യങ്ങളെല്ലാം ഇപ്പോഴും ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വീണ പറഞ്ഞിട്ടുണ്ട്.