ഭാവി സൂപ്പര്‍സ്റ്റാര്‍, ഈ ഇന്‍ഡസ്ട്രി ഇവൻ ഭരിക്കും: നസ്‌ലിനെ പുകഴ്ത്തി അറ്റ്ലി…

','

' ); } ?>

സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സീൻ’ വലിയ പ്രേക്ഷക-വിമർശക പ്രശംസ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തെയും അണിയറപ്രവർത്തകരെയും വാനോളം പുകഴ്ത്തി തമിഴിലെ മുൻനിര സംവിധായകൻ അറ്റ്‌ലി രംഗത്തെത്തി. ഏറെക്കാലത്തിന് ശേഷമാണ് ഇത്രയും പുതുമയുള്ള ആഖ്യാനശൈലിയുള്ള ഒരു പക്കാ വാണിജ്യ ചിത്രം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ ‘ഈശ്വരൻ’ എന്ന വില്ലൻ കഥാപാത്രമായി എത്തിയ മലയാളി താരം നസ്‌ലിന്റെ പ്രകടനത്തെയാണ് അറ്റ്‌ലി പ്രത്യേകം എടുത്തുപറഞ്ഞത്. തീയേറ്ററുകളിൽ അത്ഭുതപ്പെടുത്തുന്ന സ്ക്രീൻ പ്രസൻസും അഭിനയമികവുമാണ് നസ്‌ലിൻ കാഴ്ചവെച്ചതെന്നും സിനിമാലോകം ഭരിക്കാൻ പോകുന്ന ഒരു പുതിയ സൂപ്പർതാരത്തിന്റെ ജനനമാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും അറ്റ്‌ലി അഭിപ്രായപ്പെട്ടു.

നായകൻ സൂര്യയുടെ പ്രകടനം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കണ്ടു ആസ്വദിക്കാവുന്ന ‘പൈസ വസൂർ’ അനുഭവമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംവിധായകൻ ജിത്തു ജോസഫിന്റെ കഥപറച്ചിൽ രീതിയിലെ മികവിനെയും അഭിനന്ദിച്ചു.

വർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തിയ നസ്രിയ നസീമിന്റെ സ്വാഭാവികമായ തമാശകളും പ്രകൃതിദത്തമായ അഭിനയവും സിനിമയ്ക്ക് വലിയ ഊർജ്ജം നൽകിയെന്ന് അറ്റ്‌ലി കൂട്ടിച്ചേർത്തു. ആനന്ദരാജിന്റെ വിനോദപ്രധാനമായ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും സിനിമയുടെ പ്രധാന ആകർഷണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രമൊരുക്കിയ നിർമാതാക്കൾക്കും, നിർമാണ പങ്കാളികളായ സൂര്യക്കും ജ്യോതികയ്ക്കും അറ്റ്‌ലി പ്രത്യേക ആശംസകൾ അറിയിച്ചു. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സമ്പൂർണ വിനോദ ചിത്രമാണ് ‘സീൻ’ എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് അറ്റ്‌ലി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

അറ്റ്ലിയുടെ വാക്കുകൾ

‘‘സീൻ, എന്തൊരു സിനിമ. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും ഫ്രഷും തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്നതുമായ കഥപറച്ചിലുമുള്ള ഗംഭീര കമേഴ്സ്യൽ എന്റർടെയ്നർ കാണുന്നത്! ജിത്തു സാറിന്റെ കഥപറച്ചിലിന്റെ വലിയ ആരാധകനാണ് ഞാൻ. എന്നാൽ ഈ ചിത്രം ശരിക്കും സവിശേഷമാണ്.

സൂര്യ സാർ, എന്തൊരു ഗംഭീര പ്രകടനം! സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാൻ കഴിയുന്ന പൈസ വസൂർ എന്റർടെയ്നർ.

നസ്‌ലൻ, എന്റെ ദൈവമേ! എന്തൊരു അഭിനേതാവാണ്! അതിശയിപ്പിക്കുന്ന വ്യക്തിപ്രഭാവവും സ്ക്രീൻ പ്രസൻസും. ഒരു സൂപ്പർതാരം പിറക്കുകയാണ് സഹോദരാ! തീർച്ചയായും നീ സിനിമാലോകം ഭരിക്കും

പിന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി നസ്രിയ, പാപ്പാ! തമിഴിലേക്കുള്ള എന്തൊരു മനോഹരമായ തിരിച്ചുവരവാണിത്! ഒരു ആയാസവുമില്ലാതെയുള്ള നിന്റെ ഹ്യൂമറും, ചാമും, ആ കുഞ്ഞു കുഞ്ഞു ഭാവങ്ങളുമൊക്കെ വേറെ ലെവൽ ആയിരുന്നു! നിന്നെ ഇനിയും സ്ക്രീനിൽ ഒരുപാട് കാണണം!

ആനന്ദരാജ് സാർ അടിപൊളി എന്റർടെയ്നിങ് ആയിരുന്നു! സുഷിൻ ശ്യാമിന്റെ ഗംഭീര സംഗീതവും, സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരുടെയും മികച്ച പ്രകടനവും എടുത്തുപറയേണ്ടതാണ്!

നിർമാതാക്കൾക്കും ‘ഴഗരം സ്റ്റുഡിയോസി’ലെ മുഴുവൻ ടീമിനും എന്റെ വലിയ അഭിനന്ദനങ്ങൾ. ‌‌സൂര്യ സാറിനും ജ്യോതിക മാഡത്തിനും പ്രത്യേക സ്നേഹവും ആശംസകളും. ശരിക്കും ഫുൾ ഓൺ ഫൺ റൈഡ്.”