
രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ എത്തിയ ‘രാമായണം’ സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി നിർമാതാക്കൾ. ദൃശ്യങ്ങൾ നിയമവിരുദ്ധമായി ചിത്രീകരിക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നതും തടയാൻ ക്രിമിനൽ, സിവിൽ നടപടികൾ ആരംഭിച്ചതായി അണിയറപ്രവർത്തകർ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കി. ഇതിനകം സിനിമയുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളവർ അവ അടിയന്തരമായി നീക്കം ചെയ്യണമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ മുൻകൂട്ടി അറിയിപ്പില്ലാതെ കോടതിയലക്ഷ്യ നടപടികൾ അടക്കം സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഇത്തരം നിയമലംഘനങ്ങൾ വെറുമൊരു പകർപ്പവകാശ ലംഘനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമായി പരിഗണിക്കപ്പെടുമെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. ബോംബെ ഹൈക്കോടതിയുടെ പ്രസക്തമായ വിധി ആധാരമാക്കിയാണ് കമ്പനി ഈ നോട്ടീസ് പുറപ്പെടുവിച്ചത്. 1957-ലെ പകർപ്പവകാശ നിയമം, 1952-ലെ സിനിമാട്ടോഗ്രാഫ് നിയമം, 2023-ലെ ഭാരതീയ ന്യായ സംഹിത (BNS), 2000-ലെ ഐ.ടി നിയമം എന്നിവ പ്രകാരം വ്യാജ പതിപ്പുകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും വലിയ തുക പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം വമ്പൻ ആഗോള റിലീസോടെയാണ് തരംഗമാകുന്നത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും വേഷമിടുന്ന ചിത്രത്തിൽ യഷ് (രാവണൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രൻ), രാകുൽ പ്രീത് സിങ് (ശൂർപ്പണഖ) തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ഓസ്കാർ ജേതാക്കളായ സംഗീത സംവിധായകർ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.