“സാമ്പത്തിക കാര്യങ്ങളിൽ എനിക്കൊരു നട്ടെല്ലുണ്ടായിരുന്നു”: സിനിമാ ജീവിതത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും മനസ്സുതുറന്ന് സൈജു കുറുപ്പ്

','

' ); } ?>

സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് താൻ ഒട്ടും ചിന്തിച്ചിരുന്നില്ലെന്ന് നടൻ സൈജു കുറുപ്പ്. തന്റെ ആദ്യ സിനിമയിൽ പ്രതിഫലമായി ലഭിച്ചത് 25,000 രൂപയായിരുന്നുവെന്നും, ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു തുക തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചിത്രമായ ‘പ്രേംപാറ്റ’യുടെ പ്രൊമോഷന്റെ ഭാഗമായി ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് സിനിമയിൽ പരിചയക്കാരോ പശ്ചാത്തലമോ ഇല്ലാതിരുന്നതിനാൽ അഭിനയം ഒരു ലക്ഷ്യമായി മുന്നിലുണ്ടായിരുന്നില്ലെന്ന് സൈജു കുറുപ്പ് പറഞ്ഞു. ഒരു സാധാരണ പ്രേക്ഷകനെപ്പോലെ സിനിമ കാണുമ്പോൾ നായക കഥാപാത്രവുമായി സ്വയം ഉപമിക്കുക മാത്രമാണ് ചെയ്തിരുന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പ് എയർട്ടെല്ലിൽ ജോലി ചെയ്തിരുന്ന തനിക്ക് പ്രതിമാസം 25,000 രൂപ ശമ്പളം ലഭിച്ചിരുന്നു. എങ്കിലും സിനിമയിലെ തുടക്കക്കാരൻ എന്ന നിലയിൽ അന്ന് ലഭിച്ച പ്രതിഫലം തൃപ്തികരമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.

‘ആട് 2’ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷമാണ് പ്രതിഫലം ലക്ഷങ്ങളിലേക്കും പിന്നീട് ഏഴക്ക സംഖ്യയിലേക്കും ഉയരാൻ തുടങ്ങിയത്. സിനിമയിൽ സജീവമാകുന്നതിന് മുമ്പുതന്നെ ജോലിയിലൂടെ ഉണ്ടാക്കിയ സമ്പാദ്യവും സ്ഥിരനിക്ഷേപങ്ങളും (FD) സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് വീഴാതെ തന്നെ സംരക്ഷിച്ചുവെന്നും, ഇത്തരം കരുതൽ ശേഖരങ്ങളാണ് തന്റെ ജീവിതത്തിലെ വലിയ നട്ടെല്ലായി മാറിയതെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

സൈജുവിന്റെ വാക്കുകൾ

“സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല. കാരണം ഞാൻ ബോംബെയിൽ ആയിരുന്നില്ല. ബോംബെ നമുക്ക് അത്യാവശ്യം നല്ല ദൂരമായിരുന്നു. അവിടെ അപ്പോൾ പരിചയക്കാരേ ഇല്ല. സിനിമയിൽ ഒരു രീതിയിലുമുള്ള പരിചയക്കാരേ ഇല്ല. ഇവിടെയും എനിക്കങ്ങനെ പരിചയക്കാർ ഇല്ല. അഭിനയത്തെപ്പറ്റി അതുകൊണ്ട് ഞാൻ ചിന്തിച്ചിട്ടേയില്ല.

ഒരു സാധാരണ പ്രേക്ഷകനെപ്പോലെ, സിനിമ കാണുമ്പോൾ നമ്മളെപ്പോഴും ഹീറോയുടെ കൂടെ ആണല്ലോ സഞ്ചരിക്കുന്നത്. അപ്പോൾ നമ്മൾ നമ്മളെത്തന്നെ അവിടെ സങ്കല്പിക്കുമല്ലോ. അതെല്ലാ പ്രേക്ഷകരും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. അതുപോലെ ചെയ്തിട്ടുണ്ട്. അല്ലാതെ, ഒരിക്കലും സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.

ആദ്യത്തെ സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് കിട്ടിയത് 25,000 രൂപയാണ്. ശരിക്കും അന്ന് അതൊരു വലിയ തുക ആയിരുന്നിരിക്കണം സിനിമയെ സംബന്ധിച്ച്. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു വലിയ തുക ആയിരുന്നില്ല, കാരണം എന്താണെന്നു വച്ചാൽ, 25,000 രൂപ എനിക്ക് പ്രതിമാസം ശമ്പളം തന്നെയുണ്ട്. ഞാൻ എയർട്ടെല്ലിൽ ജോലി ചെയ്യുമ്പോൾ.

പക്ഷേ സിനിമയിൽ ഒരു തുടക്കക്കാരൻ എന്ന നിലയിൽ അതൊരു വലിയ ശമ്പളം തന്നെയായിരുന്നു. ആട് 2 വിന് ശേഷമാണ് ലക്ഷങ്ങളൊക്കെ ഞാൻ വാങ്ങിക്കാൻ തുടങ്ങിയത്. അതിന് ശേഷമാണ് ഒരു ഏഴക്ക ശമ്പളം എനിക്ക് കിട്ടി തുടങ്ങിയത്. അതിന് മുൻപ് വരെ 9 പോലും കിട്ടിയിട്ടില്ല.

പിന്നെ എന്റെ കയ്യിൽ കാശില്ല എന്നുള്ളത് എവിടെയും വെളിപ്പെടുത്തേണ്ടി വന്നിട്ടില്ല. അത് നമ്മൾ മാത്രമല്ലേ അറിയുന്നുള്ളൂ. പിന്നെ ഞാനങ്ങനെ ധൂർത്തടിക്കുന്ന ആളല്ല. എനിക്കെന്റെ സേവിങ്സ് ജോലി ചെയ്യുമ്പോൾ തന്നെയുണ്ടായിരുന്നു.

ഇപ്പോൾ എഫ്ഡി എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ആൾക്കാർ ചിരിക്കുമായിരിക്കും. പക്ഷേ എഫ്ഡി എനിക്ക് അന്നുണ്ടായിരുന്നു. ഇന്നുമുണ്ട്. അതെന്റെ ഒരു നട്ടെല്ല് ആണ്.”