
“ഇനി മുതൽ എന്നെ ഉലക നായകനെന്ന് വിളിക്കരുത്. ‘ഏതു വ്യക്തിക്കും മീതെയാണ് സിനിമ എന്ന കല. കലാരൂപത്തിന്റെ ഒരു വിദ്യാർഥി മാത്രമാണ് ഞാന്.” തന്റെ സ്ഥാനപ്പേരുകൾ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് നടൻ കമൽഹാസൻ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യൻ സിനിമയ്ക്ക് ഒരു പാഠപുസ്തകം പോലെ ഉപയോഗപ്പെടുത്താൻ പാകത്തിന് തന്റെ ജീവിതത്തെ പകുത്തു നൽകിയ കലാകാരൻ, നായകനായും, പ്രതിനായകനായും, നിർമ്മാതാവായും, സംവിധായകനായും, എഴുത്തുകാരനായും, പാട്ടുകാരനായും, ചലച്ചിത്രത്തിന്റെ വിവിധ കോണുകളിൽ ഏറ്റവും മനോഹരമായി തന്റെ കയ്യൊപ്പ് പതിപ്പിച്ച ‘ദശാവതാരം’. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ കലാകാരന്മാരിലൊരാൾ, പ്രേക്ഷകരും സിനിമാ ലോകവും ഇനിയും അയാളിൽ നിന്നേറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് പറയുമ്പോൾ അത്ഭുതപ്പെടാനുമില്ല. അങ്ങനെയൊരു വ്യക്തിയിൽ നിന്നും ‘കലാരൂപത്തിന്റെ ഒരു വിദ്യാർഥി മാത്രമാണ്’ താനെന്ന് കേൾക്കുമ്പോൾ അമ്പരന്നു പോകാതിരിക്കുന്നതെങ്ങനെ. ഇന്ത്യൻ സിനിമയുടെ വിപ്ലവ നായകൻ കമൽഹാസന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്നങ്ങോട്ട് കണ്ടത് ഇന്ത്യൻ സിനിമയിലെ “കമലിനിസമാണ്”. നർത്തനവും, പ്രണയവും, വിരഹവും പ്രമേയമാക്കിയ സിനിമകൾ, വൃദ്ധനും, കുഞ്ഞനും, നിശ്ശബ്ദനായ പരീക്ഷണ സിനിമകൾ, മാസ് ആക്ഷൻ സിനിമകളുമായി വാണിജ്യ മൂല്യമുള്ള ചിത്രങ്ങൾ , അങ്ങനെ കാലഘട്ടങ്ങളോടും മാറ്റങ്ങളോടും ചേർന്ന് നിൽക്കുവാനും, തലമുറകളുടെ വ്യത്യാസങ്ങളെ ചേർത്തു പിടിക്കുവാനും അയാളിലെ കലാകാരൻ എന്നും ശ്രദ്ധിച്ചിരുന്നു. എങ്കിലും തന്റെ നിലപാടുകളും നിരീക്ഷണങ്ങളും ശക്തമായ പ്രമേയങ്ങളാക്കി അവതരിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു.
ഒരു ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചതെങ്കിലും, ഒരു നിരീശ്വര വാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വര വാദ കാഴ്ചപ്പാട് ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അൻപേ ശിവം, ദശാവതാരം എന്നിവ അതിന് ഉദാഹരണമാണ്. “ദശാവതാരത്തിൽ “ദൈവം ഇല്ല എന്ന് ഞാൻ പറയുന്നില്ല, ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ” എന്നദ്ദേഹം പറയുമ്പോൾ എത്രപേർ ശരിയായ അർഥം ചികഞ്ഞ് അതിലേക്കാഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് അറിയില്ല. എന്നിട്ടും ചിത്രം വിജയിക്കുകയും , പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. തന്റെ 18 ആമത്തെ വയസ്സിൽ കമൽ കുറിച്ച “മഴൈ” എന്ൻ കവിത, അന്നത്തെ തമിഴ് സാമൂഹ്യ ലോകത്തെ മാത്രമല്ല, വിഡ്ഡിത്തത്തിന്റെ ഏറ്റവും വലിയ മുഖങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു സമൂഹത്തെ തന്നെ പരിഹസിക്കുന്നതായിരുന്നു. ചാരിത്ര്യ ശുദ്ധിയുള്ള സ്ത്രീകൾ ആകാശത്തേക്ക് നോക്കി പാടിയാൽ മഴ പെയ്യുമെന്ന പൊള്ളയായ ധാരണയെ ധിക്കരിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. മറ്റുള്ളവർ സുമുഖനെന്ന് അഭിപ്രായപ്പെട്ടപ്പോൾ അത് സ്നേഹം കൊണ്ടാണെന്ന് അയാൾ എളിമ കാണിച്ചു. വിവാഹമെന്ന പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നില്ലെന്നും, രണ്ടു പ്രവിശ്യവും തന്നതിൽ തോറ്റുപോയെന്നും, സദാചാര സാമൂഹിക ചിന്തകളിൽ കുടുങ്ങി കിടക്കുന്ന മനുഷ്യരെ നോക്കി വിളിച്ച് പറഞ്ഞു. പ്രണയിനിയെ സുഹൃത്തെന്ന് വിളിച്ച അവതാരകനെ തിരുത്തി കൊണ്ട്, അവളെന്റെ കാമുകിയായിരുന്നെന്ന് തറപ്പിച്ച് പറഞ്ഞു.
1960-ൽ എ. ഭീംസിംഗ് സംവിധാനം ചെയ്ത ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലെ ചിന്നസാമി എന്ന കുട്ടിയിലൂടെയാണ് നാലു വയസ്സുകാരനായ കമൽഹാസൻ വെള്ളിത്തിരയിലെത്തുന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊണ്ട് ആരംഭിച്ച ആ യാത്ര, പിൽക്കാലത്ത് ലോക സിനിമയ്ക്ക് തന്നെ മാതൃകയായ ഒരു മഹാനടന്റെയും സിനിമാപ്രേമിയുടെയും വളർച്ചയാണ് അടയാളപ്പെടുത്തിയത്. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കും മുതിർന്ന വേഷങ്ങളിലേക്കുമുള്ള അദ്ദേഹത്തിന്റെ വളർച്ച യാദൃച്ഛികമായിരുന്നില്ല; ഡാൻസ് അസിസ്റ്റന്റായും തിരക്കഥാകൃത്തായും സംവിധാന സഹായിയായുമെല്ലാം സിനിമയുടെ പിന്നാമ്പുറങ്ങളിൽ അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു അത്.
കെ. ബാലചന്ദർ എന്ന ഗുരുനാഥനുമായുള്ള കണ്ടുമുട്ടലാണ് കമൽഹാസന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ‘അപൂർവ്വ രാഗങ്ങൾ’, ‘മന്മഥ ലീലൈ’, ‘മൂന്ന് മുടിച്ച്’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴ് സിനിമയുടെ മാറുന്ന സൗന്ദര്യശാസ്ത്രത്തിന്റെ മുഖമായി മാറി. എഴുപതുകളിലും എൺപതുകളിലും പ്രണയനായകനായി തിളങ്ങുമ്പോഴും പരമ്പരാഗതമായ വാർപ്പുമാതൃകകളെ തച്ചുടയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഭാരതിരാജയുടെ ’16 വയതിനിലേ’യിലെ ചപ്പാനി എന്ന ഗ്രാമീണ കഥാപാത്രവും ‘സിഗപ്പ് റോജാക്കൾ’ എന്ന ചിത്രത്തിലെ മാനസികവൈകല്യമുള്ള കൊലയാളിയും കമലിന്റെ അഭിനയവൈവിധ്യം വെളിപ്പെടുത്തി.
കേവലം തമിഴ് സിനിമയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ആ സാന്നിധ്യം. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമെല്ലാം അദ്ദേഹം തൻ്റെ മുദ്ര പതിപ്പിച്ചു. മലയാളത്തിൽ ഐ.വി. ശശി സംവിധാനം ചെയ്ത ‘ഈറ്റ’, ‘ആരോഹണം’, ‘വയനാടൻ തമ്പാൻ’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ ഇന്നും സിനിമാപ്രേമികൾ ഓർക്കുന്നു. തെലുങ്കിൽ കെ. വിശ്വനാഥ് സംവിധാനം ചെയ്ത ‘സാagara സംഗമം’, ‘സ്വാതി മുത്യം’ എന്നീ ചിത്രങ്ങൾ കമൽഹാസൻ എന്ന കലാകാരന്റെ നൃത്ത-അഭിനയ വൈഭവങ്ങളുടെ പരകോടിയായിരുന്നു. ക്ലാസിക്കൽ നർത്തകനായും ബുദ്ധിമാന്ദ്യമുള്ള യുവാവായും അദ്ദേഹം പകർന്നാടിയ രംഗങ്ങൾ ഭാരതീയ സിനിമയിലെ തന്നെ നാഴികക്കല്ലുകളാണ്. ഹിന്ദിയിൽ ‘ഏക് ദുജെ കേ ലിയേ’, ‘സാദ്മ’ തുടങ്ങിയ സിനിമകളിലൂടെ ഉത്തരേന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു.
സിനിമയെ സാങ്കേതികമായും പ്രമേയപരമായും നവീകരിക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്നു കമൽഹാസൻ. 1980-കളിൽ പുറത്തിറങ്ങിയ ‘രാജ പാർവൈ’ എന്ന ചിത്രം കാഴ്ചപരിമിതിയുള്ള ഒരു സംഗീതജ്ഞന്റെ കഥ പറഞ്ഞപ്പോൾ, ശബ്ദമില്ലാത്ത ആംഗ്യഭാഷയിലൂടെ മാത്രം കഥ പറഞ്ഞ ‘പുഷ്പക്’ ഒരു നിശബ്ദ സിനിമയുടെ ആധുനിക സാധ്യതകൾ തുറന്നുകാട്ടി. തമിഴിലെ ആദ്യ സിങ്ക് സൗണ്ട് സിനിമയായ ‘കുറുതിപ്പുനൽ’, അനിമേഷനും ലൈവ് ആക്ഷനും സമന്വയിപ്പിച്ച ‘ആളവന്ധാൻ’, ഒരൊറ്റ ഷോട്ടിൽ ചിത്രീകരിക്കാൻ ശ്രമിച്ച ‘വിരുമാണ്ടി’, ഒൻപത് ആംഗിളുകളിൽ ലൈവ് എഡിറ്റിംഗ് നടത്തിയ ‘ഹേ റാം’ എന്നിവയെല്ലാം സാങ്കേതികവിദ്യയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശത്തിന് തെളിവുകളാണ്. ‘ദശാവതാരം’ എന്ന സിനിമയിൽ പത്ത് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് മേക്കപ്പ് സാങ്കേതികവിദ്യയുടെയും വേഷപ്പകർച്ചയുടെയും പുതിയൊരു ലോകം തന്നെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു നൽകി.
സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും കമൽഹാസൻ ഉയർത്തിയ രാഷ്ട്രീയ-സാമൂഹിക ചിന്തകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഹേ റാം’ (2000) എന്ന സിനിമ ഇന്ത്യയിലെ മതമൗലികവാദത്തെയും ഗാന്ധിയൻ ആശയങ്ങളെയും പുനർവിചിന്തനം ചെയ്ത ഒന്നായിരുന്നു. രാമനാഥൻ എന്ന കഥാപാത്രത്തിലൂടെ തീവ്രദേശീയതയിൽ നിന്ന് അഹിംസയിലേക്കുള്ള ഒരു വ്യക്തിയുടെ മാനസിക പരിവർത്തനമാണ് അദ്ദേഹം വരച്ചുകാട്ടിയത്. ‘അൻബേ ശിവം’ (2003) എന്ന ചിത്രം സ്നേഹമാണ് ദൈവമെന്ന കമ്യൂണിസ്റ്റ്-ഹ്യൂമനിസ്റ്റ് ആശയത്തെ ലളിതമായും മനോഹരമായും അവതരിപ്പിച്ചു. അതേസമയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘വിശ്വരൂപം’ (2013) പല തരത്തിലുള്ള വിവാദങ്ങളിൽപ്പെടുകയും റിലീസ് തടയപ്പെടുകയും ചെയ്തപ്പോൾ, സിനിമ ഉപേക്ഷിച്ചു രാജ്യം വിടുമെന്ന് പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം പോലും അദ്ദേഹത്തിനുണ്ടായി.
കലാരംഗത്ത് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് നിരവധി ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. 1990-ൽ പത്മശ്രീയും 2014-ൽ പത്മഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സാംസ്കാരിക ബഹുമതിയായ ‘ഷെവലിയർ’ പുരസ്കാരവും (Chevalier de l’Ordre des Arts et des Lettres) അദ്ദേഹത്തെ തേടിയെത്തി. നാല് ദേശീയ ചലച്ചിത്ര അവാർഡുകളാണ് കമൽഹാസൻ കരസ്ഥമാക്കിയത്. ബാലതാരത്തിനുള്ള ആദ്യ ദേശീയ അവാർഡിന് പുറമെ ‘മൂന്റ്രാം പിറൈ’ (1982), ‘നായകൻ’ (1987), ‘ഇന്ത്യൻ’ (1996) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം നേടി. കൂടാതെ, നിർമ്മാതാവെന്ന നിലയിൽ ‘ഹേ റാം’ തമിഴിലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും നേടി. ദക്ഷിണേന്ത്യൻ ഫിലിംഫെയർ അവാർഡുകളിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. തുടർന്ന് പുതിയ തലമുറയ്ക്ക് അവസരം ലഭിക്കുന്നതിനായി ഫിലിംഫെയർ അവാർഡുകളിൽ നിന്ന് തന്ന ഒഴിവാക്കണമെന്ന് അദ്ദേഹം ഔദ്യോഗികമായി അഭ്യർത്ഥിക്കുകയാണുണ്ടായത്.
കമൽഹാസൻ തന്റെ രാഷ്ട്രീയ നിലപാടുകൾ എപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള കലാകാരനാണ്. യുക്തിവാദവും ദളിത് ചിന്തകളും മാനവികതയുമാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ. പെരിയാർ ഈ.വി. രാമസാമിയുടെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട അദ്ദേഹം, ജാതി-മത ചിന്തകൾക്ക് അപ്പുറത്തുള്ള ഒരു സമൂഹത്തെ സ്വപ്നം കാണുന്നു. തൻ്റെ ആരാധക സംഘങ്ങളെ കേവലം വ്യക്തിപൂജയ്ക്കുള്ള വേദികളാക്കാതെ, രക്തദാനവും അവയവദാനവും സാമൂഹിക സേവനങ്ങളും നടത്തുന്ന സാമുദായിക പ്രസ്ഥാനങ്ങളാക്കി (‘കമൽഹാസൻ നർപണി ഇയക്കം’) മാറ്റിയ ആദ്യ ഇന്ത്യൻ നടനാണ് അദ്ദേഹം. 2018-ൽ ‘മക്കൾ നീതി മയ്യം’ (MNM) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുകൊണ്ട് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. അഴിമതിരഹിത ഭരണം, കേന്ദ്രീകൃതമല്ലാത്ത അധികാരം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി എന്നിവയിലൂന്നിയുള്ള രാഷ്ട്രീയമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. സംഘപരിവാർ അജണ്ടകളെയും വംശീയ രാഷ്ട്രീയത്തെയും പരസ്യമായി വിമർശിക്കാൻ അദ്ദേഹം മടിച്ചിട്ടില്ല. ജനങ്ങളുടെ ശബ്ദമാകാനും ചോദ്യങ്ങൾ ചോദിക്കാനും ഭയപ്പെടാത്ത നിലപാടുകളാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.
സിനിമയിലെ അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങളും പുതിയ പ്രോജക്ടുകളും നോക്കിയാൽ, ഒട്ടും കുറയാത്ത ആവേശത്തോടെയും ഊർജ്ജത്തോടെയുമാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്ന് കാണാം. 2022-ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ എന്ന ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ സൃഷ്ടിച്ച തരംഗം കമൽഹാസൻ എന്ന മാസ് താരത്തിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു. തുടർന്ന് 2024-ൽ ശങ്കർ സംവിധാനം ചെയ്ത ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലും അശ്വിൻ നാഗ് സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി 2898 AD’യിലെ സുപ്രീം യാസ്കിൻ എന്ന വില്ലൻ കഥാപാത്രത്തിലും അദ്ദേഹം തന്റെ സ്വാധീനം ഉറപ്പിച്ചു.
തുടർന്ന് മണിരത്നവുമായി മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിച്ച ‘തഗ് ലൈഫ്’ (Thug Life) എന്ന ബിഗ് ബജറ്റ് ചിത്രവും ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറുകയുണ്ടായി. ഇതിന് പുറമെ എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘സന്ദിയാർ’ (Sandiyar – KH237) എന്ന ആക്ഷൻ ഡ്രാമയുടെയും ഒടുവിലത്തെ പ്രഖ്യാപനങ്ങളും ഫസ്റ്റ് ലുക്കുകളും ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും നിർമ്മാണത്തിലും വരും തലമുറയിലെ സംവിധായകർക്ക് നൽകുന്ന പിന്തുണയിലും അദ്ദേഹം ഇന്നും മുൻപന്തിയിലാണ്.
കമലഹാസന്റെ വ്യക്തി ജീവിതവും ഒരു സിനിമകഥപോലെ സംഭവബഹുലമായിരുന്നു. മാധ്യമങ്ങൾ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികൾ നേരിട്ട ഒരു കുടുംബ ജീവിതം 1970 – കളിൽ കമലഹാസന്റെ കൂടെ ധാരാളം സിനിമകളിൽ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം 2008 ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയിൽ സംവിധായകൻ രഞ്ജിത്ത് പറയാൻ ശ്രമിച്ചിട്ടുണ്ട്. 1978 ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ നർത്തകിയായിരുന്ന വാണി ഗണപതിയെ അദ്ദേഹം വിവാഹം ചെയ്തു . കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വർഷത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. അതിനു ശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു. രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാൻ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസൻ ഒരു അഭിനേത്രിയാണ്. 2002 ൽ ഇവർ വിവാഹ മോചനത്തിന് തയ്യാറായി. കമലഹാസന്റെ സഹപ്രവർത്തകയും, അഭിനേത്രിയുമായ സിമ്രനുമായുള്ള ബന്ധമാണ് ഈ വേർപിരിയലിനു കാരണം. പിന്നീട് കമലഹാസൻ മുൻ അഭിനേത്രിയും, തന്റെ തന്നെ പല ചിത്രങ്ങളിലും സഹപ്രവർത്തകയുമായിരുന്ന ഗൗതമിയോടൊപ്പം ജീവിക്കുകയുണ്ടായി. അവരും പിന്നീട് വേർപിരിഞ്ഞു.
എന്താണ് സിനിമ എന്ന് ചോദിച്ചാൽ മറുപടി “എന്റെ ഗ്രാമം” എന്നാണ്. എന്റെ ഗ്രാമത്തിന്റെ പുരോഗമനത്തിനായി ഞാനിനിയുമേറെ ചെയ്യാനുണ്ടെന്ന ഭാവം. ആടി തിമിർത്തത്തിലൊക്കെയും പൂർണതയെത്താത്തതിന്റെ അതൃപ്തി. ഒരായുസ്സ് മുഴുവൻ അഭിനയത്തിന്റെ വിവിധ തലങ്ങളിലേക്ക് പകർന്നു നൽകിയ കലാകാരൻ. ഞാൻ മനസ്സ് വെച്ചാൽ മുതൽവരാകും എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾ. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനു വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാ ലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. സത്യഭാമ സർവ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു. പൂർണാതെയിൽ നിന്ന് കൊണ്ട് അപൂർണനാണെന്ന തിരിച്ചറിവിൽ അയാളെന്നും നിവർന്നു നിൽക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ദശാവതാരത്തിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.