
ഇറ്റാലിയൻ സിനിമയുടെ ചരിത്രത്തിലും ആഗോള ചലച്ചിത്ര രംഗത്തും അതുല്യമായ ഒരു യുഗത്തിന് വിരാമമിട്ടുകൊണ്ട്, വിഖ്യാത സംവിധായകൻ ടിന്റോ ബ്രാസ് അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. ‘കാലിഗുല’, ‘സലൂൺ കിറ്റി’ തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട ടിന്റോ ബ്രാസ്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ചലച്ചിത്ര ജീവിതത്തിൽ പരീക്ഷണ ചിത്രങ്ങളിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് ധീരവും വിവാദപരവുമായ ഇറോട്ടിക് ചിത്രങ്ങളിലൂടെ അദ്ദേഹം ആഗോളതലത്തിൽ അറിയപ്പെടാൻ തുടങ്ങി. സിനിമയെ കേവലം വിനോദത്തിനപ്പുറം രാഷ്ട്രീയമായും കലാപരമായും സമീപിച്ച്, സെൻസർഷിപ്പിന്റെയും യാഥാസ്ഥിതികതയുടെയും വേലിക്കെട്ടുകളെ നിരന്തരം വെല്ലുവിളിച്ച ഒരു സംവിധായകന്റെ വിടവാങ്ങലാണ് ഇത്.
വെനീസിലെ ഒരു കലാ കുടുംബത്തിലാണ് ടിന്റോ ബ്രാസ് ജനിച്ചത്. നിയമപഠനത്തിന് ശേഷം 1950-കളുടെ അവസാനത്തോടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് തിരിയുന്നത്. കലയോടും സാഹിത്യത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ സിനിമയുടെ മാന്ത്രിക ലോകത്തേക്ക് നയിക്കുകയായിരുന്നു. പാരീസിലേക്ക് ചേക്കേറിയ അദ്ദേഹം പ്രശസ്തമായ ‘സിനിമാത്തെക് ഫ്രാൻസെസ്’ സ്ഥാപനത്തിൽ ആർക്കൈവിസ്റ്റായി പ്രവർത്തിച്ചു. ലോക സിനിമയുടെ ക്ലാസിക്കുകളും വിവിധ ശൈലികളും സൂക്ഷ്മമായി പഠിക്കാൻ ഈ കാലയളവ് അദ്ദേഹത്തിന് വലിയ അവസരമൊരുക്കി. അവിടെ വെച്ച് ഇറ്റാലിയൻ നിയോറിയലിസ്റ്റ് സംവിധായകൻ റോബർട്ടോ റോസെലിനിയെ പരിചപ്പെടുകയും, അദ്ദേഹത്തിന്റെ 1959-ലെ ‘ജനറൽ ഡെല്ല റോവറെ’ എന്ന സിനിമയിൽ സഹായിയായി പ്രവർത്തിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി. പ്രശസ്തരായ പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചതിലൂടെ സിനിമയുടെ സാങ്കേതിക വശങ്ങളും ആഖ്യാനശൈലിയും അദ്ദേഹം വേഗത്തിൽ സ്വായത്തമാക്കി.
1960-കളിൽ പരീക്ഷണാത്മക സിനിമകളിലൂടെയാണ് ബ്രാസ് ശ്രദ്ധ നേടിയത്. കാലത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്തുനിന്നുകൊണ്ട് വ്യത്യസ്തമായ പ്രമേയങ്ങളും ദൃശ്യഭാഷയും പരീക്ഷിക്കാൻ അദ്ദേഹം ധൈര്യപ്പെട്ടു. 1963-ൽ പുറത്തിറങ്ങിയ ‘ഇൻ കാപോ അൽ മോണ്ടോ’ (പിന്നീട് ‘ചി ലവോറ ഏ പെർദൂതോ’ എന്ന് പുനർനാമകരണം ചെയ്തു) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും, ഇറ്റാലിയൻ സെൻസർ ബോർഡുമായി തർക്കത്തിലായി. എന്നാൽ, അദ്ദേഹത്തിന്റെ കരിയറിലുടനീളം നീണ്ടുനിന്ന സെൻസർഷിപ്പിനോടുള്ള പോരാട്ടങ്ങളുടെ തുടക്കമായിരുന്നു ഇത്. 1960-കളുടെ അവസാനത്തിലും 70-കളുടെ തുടക്കത്തിലും ലണ്ടനിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷയിലുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 1967-ൽ ജീൻ-ലൂയിസ് ട്രിന്റിഗ്നന്റ്, ഇവാ ഓലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഡെഡ്ലി സ്വീറ്റ്’ എന്ന ഇറോട്ടിക് ചിത്രം സംവിധാനം ചെയ്തു. 1969-ൽ ‘അട്രാക്ഷൻ’, 1970-ൽ ‘ഡ്രോപ്പ്ഔട്ട്’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം ഇക്കാലയളവിൽ സംവിധാനം ചെയ്തു. എന്നാൽ, 1970-കളോടെയാണ് അദ്ദേഹം തന്റേതായ തനത് ശൈലി കണ്ടെത്തിയ ഇറോട്ടിക് സിനിമാ മേഖലയിലേക്ക് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധികാരവും പണവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ രാഷ്ട്രീയ മാനത്തോടെ ദൃശ്യവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
മനുഷ്യന്റെ ആവിഷ്കാരത്തിന് ലൈംഗികത (eroticism) ഒരു പ്രധാന ഘടകമാണെന്ന് വിശ്വസിച്ചതിനാലാണ് താൻ ഇത്തരം സിനിമകൾ ചെയ്തത് എന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരാസക്തിയെയും പ്രണയത്തെയും വെറുമൊരു കാഴ്ച എന്നതിലുപരി മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളിലേക്കുള്ള ജാലകമായി അദ്ദേഹം അവതരിപ്പിച്ചു. 1976-ൽ നാസി കാലഘട്ടത്തിലെ ബെർലിൻ പശ്ചാത്തലമാക്കി ഒരുക്കിയ ‘സലൂൺ കിറ്റി’ എന്ന ഇറോട്ടിക് വാർ ഡ്രാമയിലൂടെയാണ് അദ്ദേഹത്തിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നത്. ഫാസിസത്തിന്റെ ക്രൂരതയും ലൈംഗികതയുടെ ദുരുപയോഗവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്ത ഈ ചിത്രം വലിയ കോലാഹലങ്ങൾ സൃഷ്ടിക്കുകയും ഒപ്പം അദ്ദേഹത്തിന് മികച്ച നിരൂപക പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. എങ്കിലും, അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും അതേസമയം ഏറ്റവും വിവാദപരവുമായ ചിത്രം 1979-ൽ പുറത്തിറങ്ങിയ ‘കാലിഗുല’ ആയിരുന്നു. മാൽക്കം മക്ഡൊവൽ, ഹെലൻ മിറൻ, ജോൺ ഗീൽഗുഡ്, പീറ്റർ ഒടൂൾ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം റോമൻ ചക്രവർത്തി കാലിഗുലയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. പെന്റ്ഹൗസ് മാഗസിൻ സ്ഥാപകൻ ബോബ് ഗച്ചിയോണി നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഗോർ വിഡാലിന്റേതായിരുന്നു. ചിത്രീകരണത്തിനിടെ സംവിധായകനും നിർമാതാവും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് ചിത്രം പൂർത്തിയാക്കുന്നതിൽ ബ്രാസിന് നിയന്ത്രണം നഷ്ടപ്പെടുകയുണ്ടായി. അഭിനേതാക്കൾ അഭിനയിച്ചു കഴിഞ്ഞതിന് ശേഷം നിർമാതാവ് ബ്രാസിന്റെ അനുമതിയില്ലാതെ അശ്ലീല രംഗങ്ങൾ ചിത്രീകരിച്ച് സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബ്രാസും തിരക്കഥാകൃത്ത് ഗോർ വിഡാരിയും ചിത്രത്തിൽ നിന്ന് പിന്മാറുകയും തങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തന്റെ യഥാർത്ഥ കാഴ്ചപ്പാടിൽ നിന്ന് സിനിമ വഴിമാറിപ്പോയെങ്കിലും, ആഗോളതലത്തിൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും ഒരു കൾട്ട് ക്ലാസിക്കായി മാറുകയും ചെയ്തു. ഇത്തരം വലിയ വിവാദങ്ങൾക്കിടയിലും അദ്ദേഹം താൻ വിശ്വസിച്ച പാതയിൽ നിന്ന് പിൻവാങ്ങിയില്ല. ലൈംഗികതയും മനുഷ്യബന്ധങ്ങളും പ്രമേയമാക്കിയുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത് അദ്ദേഹം തുടർന്നു. 1983-ൽ ജാപ്പനീസ് എഴുത്തുകാരൻ ജുൻഇച്ചിറോ തനിസാക്കിയുടെ നോവലിനെ ആസ്പദമാക്കി ‘ദി കീ’ എന്ന ചിത്രം ഒരുക്കി. മനുഷ്യന്റെ ആഗ്രഹങ്ങളെയും ഭ്രമങ്ങളെയും അതിതീവ്രമായി അവതരിപ്പിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ കലാപരമായ മികവിന് മറ്റൊരു ഉദാഹരണമായി. ‘ബ്ലാക്ക് എയ്ഞ്ചൽ’ (2002), ‘ഫാലോ’ (2003) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അവസാനകാലത്തെ പ്രമുഖ ചിത്രങ്ങൾ. വാർദ്ധക്യത്തിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കുറഞ്ഞിരുന്നില്ല. റോമിന്റെ പ്രാന്തപ്രദേശമായ ഇസോല ഫാർനീസിലായിരുന്നു അദ്ദേഹം അവസാനകാലത്ത് താമസിച്ചിരുന്നത്. 2017-ലാണ് അദ്ദേഹം കാറ്ററിന വാർസിയെ വിവാഹം കഴിച്ചത്. ബോണിഫാസിയോയും ബിയാട്രീസും മക്കളാണ്. കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം നയിക്കുമ്പോഴും സിനിമ ലോകം അദ്ദേഹത്തെ എപ്പോഴും ഓർമ്മിച്ചുകൊണ്ടിരുന്നു. ഇറ്റാലിയൻ സിനിമയിലെ ഒരു ധീരനായ വിപ്ലവകാരിയായിരുന്നു ടിന്റോ ബ്രാസ്.
സമൂഹം കൽപിച്ചു നൽകിയ ധാർമ്മികതയുടെ അതിരുകളെ ചോദ്യം ചെയ്യാനും, മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ യാതൊരു കാപട്യവുമില്ലാതെ സെല്ലുലോയ്ഡിൽ പകർത്താനും അദ്ദേഹം കാണിച്ച ധൈര്യം എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും നിശിതമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും, ചലച്ചിത്ര മാധ്യമത്തെ തന്റെ ആശയപ്രകടനത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. ടിന്റോ ബ്രാസിന്റെ വിയോഗത്തോടെ ലോക സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് അതിരുകളില്ലാത്ത സർഗാത്മകതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമുണ്ടായിരുന്ന ഒരു ഇതിഹാസ സംവിധായകനെയാണ്. അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകൾ സിനിമാ ചരിത്രത്തിൽ എന്നും സജീവമായി നിലനിൽക്കും.