
ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീൻ’ നാളെ തിയറ്ററുകളിലെത്താനിരിക്കെ, കൊച്ചിയിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിച്ച് നടി നസ്രിയ നസീം. 12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. തമിഴ് സൂപ്പർതാരം സൂര്യ, നസ്ലിൻ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രത്തെയാണ് നസ്രിയ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ മുൻപ് രണ്ട് മൂന്ന് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും, അതിനാൽ ഈ ചിത്രത്തിലൂടെ ഒരു വലിയ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും നസ്രിയ പറഞ്ഞു. സൂര്യയുടെ അച്ചടക്കവും കഠിനാധ്വാനവും ഏവർക്കും മാതൃകയാണെന്നും അതിലുപരി അദ്ദേഹം വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും നടി കൂട്ടിച്ചേർത്തു. സെറ്റിൽ സൂര്യയുടെ സാന്നിധ്യം എല്ലാവർക്കും വലിയ പ്രചോദനമായിരുന്നുവെന്നും, ഓരോ ദിവസവും അദ്ദേഹത്തിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും നസ്രിയ ഓർത്തെടുത്തു.
സിനിമയിലെ തന്റെ ലുക്കിനെക്കുറിച്ചും രസകരമായ അനുഭവങ്ങൾ നസ്രിയ പങ്കുവെച്ചു. സംവിധായകൻ ജിത്തു മാധവന്റെ പ്രത്യേക താല്പര്യപ്രകാരം മേക്കപ്പ് ഇല്ലാതെ വളരെ സ്വാഭാവികമായ ലുക്കിലാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു ടി-ഷർട്ടും പാന്റും ധരിച്ച് വളരെ പെട്ടെന്ന് തന്നെ സെറ്റിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നുവെന്നും, ലിപ് ബാം പോലും ഉപയോഗിക്കാൻ സംവിധായകൻ സമ്മതിച്ചിരുന്നില്ലെന്നും താരം ചിരിയോടെ വ്യക്തമാക്കി.
നസ്രിയയുടെ വാക്കുകൾ;
“സൂര്യ സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം രണ്ടു മൂന്ന് തവണ നഷ്ടമായ ഒരാളാണ് ഞാൻ. അതുകൊണ്ട് ഇത് ശരിക്കും ഒരു സ്വപ്ന സാക്ഷാത്കാരമാണ്. അദ്ദേഹത്തിന്റെ ഡിസിപ്ലിനെ കുറിച്ചും ഹാർഡ് വർക്കിങ്ങിനെ കുറിച്ചും എല്ലാവരും പറയാറുള്ളതാണ്.
പക്ഷേ, അതിനപ്പുറം അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. ഓരോ ദിവസവും അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. നസ്ലിൻ ശരിക്കും സൂര്യ സാറിനെ നല്ല പോലെ വായ് നോക്കുമായിരുന്നു.
നസ്ലിൻ മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം അത്രയും നല്ല മനുഷ്യനാണ്. സെറ്റിൽ ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു.
ജിത്തുവിന്റെ കോൺസെപ്റ്റിൽ ഈ സിനിമയിൽ എനിക്ക് മേക്കപ്പൊന്നും ഉണ്ടായിരുന്നില്ല. റെഡിയാകാൻ ഏറ്റവും കുറച്ച് സമയം എടുത്തിരുന്നത് എനിക്കായിരുന്നു. ഒരു ടീ- ഷർട്ടും പാന്റും ധരിച്ച് മുടി കെട്ടി ഞാൻ സെറ്റിലേക്ക് പോകും. ചിലപ്പോൾ ജിത്തുവിനോട് കുറച്ച് ലിപ് ബാം ഇട്ടോട്ടെ എന്ന് ചോദിക്കും. അപ്പോൾ വേണ്ട, ‘പച്ച മനിതൻ, പച്ച മനിതൻ’ അങ്ങനെയാണ് വേണ്ടതെന്ന് പറയും.”