
സ്കൂൾ കാലത്ത് തനിക്ക് നേരിടേണ്ടിവന്ന കടുത്ത ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് മഞ്ജു പിള്ളയുടെ മകളും സോഷ്യൽ മീഡിയ താരവുമായ ദയ സുജിത്ത്. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് ദയയുടെ വെളിപ്പെടുത്തൽ. എട്ടാം ക്ലാസ് വരെ 65-70 കിലോ ഭാരമുണ്ടായിരുന്ന തന്നെ ക്ലാസിലെ കുട്ടികൾ ‘പഞ്ചിങ് ബാഗ്’ പോലെയാണ് ഉപയോഗിച്ചിരുന്നതെന്നും, വണ്ണത്തിന്റെയും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെയും പേരിൽ ‘പാണ്ട’ എന്ന് വിളിച്ച് നിരന്തരം കളിയാക്കിയിരുന്നതായും ദയ വ്യക്തമാക്കി.
താരപുത്രിയാണെന്ന പരിഗണനയൊന്നും കുട്ടിക്കാലത്ത് സഹപാഠികളിൽ നിന്ന് ലഭിച്ചിരുന്നില്ല. സീനിയേഴ്സിന്റെ ഉൾപ്പെടെ കളിയാക്കലുകൾ കേട്ട് വണ്ണം കൂടിയത് തന്റെ മാത്രം തെറ്റാണെന്ന് വിശ്വസിച്ച് അന്ന് എല്ലാം സ്വയം സഹിക്കുകയായിരുന്നു. ഇന്നത്തെ പക്വതയും അറിവും അന്നുണ്ടായിരുന്നുവെങ്കിൽ ഇത്തരം മോശം പെരുമാറ്റങ്ങളെ ശക്തമായി ചോദ്യം ചെയ്യുമായിരുന്നുവെന്നും ദയ കൂട്ടിച്ചേർത്തു.
ദയയുടെ വാക്കുകൾ
”ബുള്ളിയിങ് ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഏറെയും ബുള്ളി ചെയ്യപ്പെട്ടിട്ടുള്ളത്. മഞ്ജു പിള്ളയുടെ മകളാണെന്നതൊന്നും അവർ പരിഗണിക്കില്ല. കാരണം ഞങ്ങൾ എല്ലാവരും കുട്ടികളാണല്ലോ. എട്ടാം ക്ലാസ് വരെ ഞാൻ തടിയുള്ള കുട്ടിയായിരുന്നു. 65-70 കിലോയോളം ഭാരമുണ്ടായിരുന്നു. തിന്ന് തിന്ന് വന്ന തടിയാണ്.
അമ്മൂമ്മയൊക്കെ ചോറ് കുഴച്ച് ഉരുട്ടി എന്നെ കഴിപ്പിക്കുമായിരുന്നു. സീനിയേഴ്സൊക്കെ എന്നെ കാണുമ്പോൾ ആക്കിച്ചിരിക്കും. ഡാർക്ക് സർക്കിളിന്റെ പേരിൽ കളിയാക്കുമായിരുന്നു. പാണ്ട എന്നാണ് അവർ എന്നെ വിളിച്ചിരുന്നത്. ക്യൂട്ട് ആയതുകൊണ്ടാണ് പാണ്ടയെന്ന് വിളിക്കുന്നതെന്നാണ് ആദ്യം കരുതിയത്. പിന്നീട് മനസിലായി വണ്ണമുള്ളതുകൊണ്ടും ഡാർക്ക് സർക്കിൾസ് കൊണ്ടുമാണ് അവർ കളിയാക്കുന്നതെന്ന്. എന്റെ ക്ലാസിലെ കുട്ടികൾ തന്നെ എന്നെ പഞ്ചിങ് ബാഗായി ഉപയോഗിക്കുമായിരുന്നു. അതും ബുള്ളിയിങായിരുന്നു. അതിലൊന്നും ഇപ്പോൾ എനിക്ക് കുഴപ്പമില്ല.
ആരോടും ഞാൻ പരാതി പറയാറില്ലായിരുന്നു. എല്ലാം സഹിക്കുമായിരുന്നു. ഒരിക്കൽ അമ്മയോട് പറഞ്ഞു. ഇനി എന്തെങ്കിലും ഉണ്ടായാൽ അറിയിക്കാൻ അമ്മ പറഞ്ഞു. വണ്ണം വെച്ചിരിക്കുന്നുവെന്നത് എന്റെ തെറ്റല്ലേ എന്ന രീതിയിൽ ആയിരുന്നു എന്റെ ചിന്ത പോയത്. ബുള്ളി ചെയ്തവരുടെ ഭാഗത്ത് തെറ്റുള്ളതായി അന്ന് എനിക്ക് തോന്നിയിരുന്നില്ല. സെൽഫ് ക്രിട്ടിസിസം നിരന്തരം ചെയ്യുമായിരുന്നു. ഇന്നത്തെ അറിവ് അന്നുണ്ടായിരുന്നുവെങ്കിൽ എല്ലാത്തിനും നിരത്തി ഞാൻ കൊടുത്തേനെ.”