
അച്ഛനായ സന്തോഷം പങ്കുവെച്ച് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. പെൺകുട്ടിയാണ് താരത്തിന് ജനിച്ചിരിക്കുന്നത്. തിയേറ്റർ പശ്ചാത്തലത്തിലുള്ള മനോഹരമായ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് സംഗീത് പ്രതാപ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രിയദർശൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന രംഗങ്ങളുള്ള ഈ വീഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ ആൻസിയുടെ പ്രസവാനുഭവവും അച്ഛനായതിന്റെ സന്തോഷവും പങ്കുവെച്ചുകൊണ്ട് സംഗീത് കുറിച്ച വൈകാരികമായ വരികൾ ഏറെ ശ്രദ്ധേയമാവുകയാണ്. ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്ന ആൻസി, കുഞ്ഞിനെ ഈ ലോകത്തേക്ക് എത്തിക്കാൻ അതിയായ ധൈര്യമാണ് കാണിച്ചതെന്ന് താരം കുറിച്ചു. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതു കണ്ടപ്പോൾ ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയെന്നും, ആ നിമിഷം മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിച്ചുവെന്നും സംഗീത് വ്യക്തമാക്കി. കുഞ്ഞ് ആദ്യശ്വാസമെടുക്കുമ്പോൾ താൻ പുനർജനിക്കുകയായിരുന്നു എന്ന വൈകാരികമായ കുറിപ്പോടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്.
2023 നവംബറിലായിരുന്നു സംഗീതിന്റെയും ആൻസിയുടെയും വിവാഹം. ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ആണ് സംഗീത് നായകനായി ഒടുവിലിറങ്ങിയ ചിത്രം. മമിത ബൈജു നായികയാവുന്ന ‘ഹലോ ഡിയർ’ ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.
സംഗീത് പ്രതാപിന്റെ വാക്കുകൾ
‘കുഞ്ഞേ, നിന്റെ അമ്മ ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്നു. സൂചി കണ്ടാൽപ്പോലും കരയുമായിരുന്നു. എന്നാൽ, ഇന്നലെ രാത്രി നിന്നെ ഈ ലോകത്തേക്ക് എത്തിക്കാൻ, ഞാൻ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും ധൈര്യശാലിയെപ്പോലെയായി അവൾ മാറി.
എന്നെയും എന്റെ തീരുമാനങ്ങളെയും സംശയിച്ചാണ് ഞാൻ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഇന്നലെ എനിക്ക് വലുതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. വേദനയിൽ അവളുടെ കൈപിടിക്കുമ്പോൾ, ഇതിനുമുമ്പ് ഞാൻ അവളെ ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി. നിന്റെ കുഞ്ഞൻ തല പുറത്തേക്ക് വരുന്നതുകണ്ടപ്പോൾ ഞാൻ ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയി. ആ നിമിഷത്തിൽ മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിച്ചു. ആളുകൾ പറയും, നീ ഇന്നലെ രാത്രിയാണ് ജനിച്ചത് എന്ന്. എന്നാൽ, നീ ആദ്യശ്വാസമെടുത്തപ്പോൾ ഞാൻ പുനർജനിക്കുകയായിരുന്നു എന്നതാണ് സത്യം.