കുട്ടിയെ ഇടിച്ചു തെറിപ്പിച്ച് മമ്മൂട്ടിയുടെ 369 കോണ്ടസ്സ; 40 വർഷം മുൻപത്തെ ഭീതിജനകമായ കാറപകടം ഓർത്തെടുത്ത് വി.കെ. ശ്രീരാമൻ

','

' ); } ?>

ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ മമ്മൂട്ടി ഓടിച്ച കാറിടിച്ച് പത്തുവയസ്സുകാരന് അപകടമുണ്ടായ സംഭവം പങ്കുവെച്ച് മുതിർന്ന നടൻ വി.കെ. ശ്രീരാമൻ. അന്തരിച്ച സംവിധായകൻ പവിത്രന്റെ ‘ഉത്തരം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ മമ്മൂട്ടിയുടെ വിഖ്യാതമായ 369-ാം നമ്പർ കോണ്ടസ്സ കാറിലായിരുന്നു ഇരുവരുടെയും യാത്ര.

ഊട്ടിയിലെ ഒരു കോൺവെന്റ് സ്കൂളിന് മുന്നിൽ വച്ച് ബസ്സിൽ കയറാൻ റോഡ് മുറിച്ചുകടന്ന പത്തുവയസ്സുകാരനെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ മുൻസീറ്റിലിരുന്ന വി.കെ. ശ്രീരാമന്റെ തല മുൻവശത്തെ ഗ്ലാസിൽ ചെന്നിടിക്കുകയോ ചെയ്തു. അപകടത്തിന് പിന്നാലെ അവിടെ തടിച്ചുകൂടിയ നാട്ടുകാർ പ്രകോപിതരായി തങ്ങളെ ആക്രമിക്കുമെന്നും വാഹനം തല്ലിത്തകർക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ചുവീണ കുട്ടി ചിരിച്ചുകൊണ്ടാണ് എഴുനേറ്റുവന്നത്. ട്രൗസറിന്റെ പോക്കറ്റിൽ കുട്ടി സൂക്ഷിച്ചിരുന്ന രണ്ടു ക്രിക്കറ്റ് ബോളുകളിലായിരുന്നു കാർ പ്രധാനമായും തട്ടിയത്. വള്ളിപ്പടർപ്പിലേക്ക് സർക്കസ് താരങ്ങളെപ്പോലെ കുട്ടി സുരക്ഷിതനായി വീഴുകയായിരുന്നു.

വൻ അപകടമെന്ന് തോന്നിച്ചെങ്കിലും സിനിമാറ്റിക്കായ രീതിയിൽ ആർക്കും പരിക്കേൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് സ്കൂളിലെ സെക്യൂരിറ്റി ചീഫ് വ്യക്തമാക്കുകയും മമ്മൂട്ടിക്ക് കൈകൊടുത്ത് അഭിനന്ദിക്കുകയും ചെയ്തു.

അപകടത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും കോയമ്പത്തൂർ വരെയുള്ള യാത്രയിലുടനീളം താൻ കടുത്ത ഭയത്തിലായിരുന്നുവെന്ന് വി.കെ. ശ്രീരാമൻ ഓർത്തെടുക്കുന്നു. വണ്ടിയോടിച്ച മമ്മൂട്ടിയെ ഒഴിവാക്കി, ഡ്രൈവറുടെ ലുക്കിലുള്ള തന്നോട് ഡ്രൈവിംഗിൽ ശ്രദ്ധിക്കാൻ ഉപദേശിക്കാത്തതിന് നാട്ടുകാർ തന്നെ കൈകാര്യം ചെയ്യുമോ എന്നായിരുന്നു അന്നത്തെ ഭയം. അപകടത്തിന് ഇരയായ കുട്ടിയുമായി നാട്ടുകാർ പിന്നാലെ വരുന്നുണ്ടോ എന്ന് കോയമ്പത്തൂരെത്തും വരെ നോക്കിക്കൊണ്ടാണ് താൻ യാത്ര ചെയ്തതെന്നും ശ്രീരാമൻ തമാശയോടെ കൂട്ടിച്ചേർത്തു.

ശ്രീരാമന്റെ വാക്കുകൾ

‘‘ഏതാണ്ടൊരു നാൽപതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്. പവിത്രന്റെ ‘ഉത്തരം’ സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തന്റെ വിഖ്യാതമായ 369 ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോൺവെന്റ് സ്‌കൂളിന്റെ മുന്നിൽ വച്ച് റോഡു മുറിച്ച് ബസ്സിൽ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എന്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു.

മമ്മൂട്ടി ചാടിയിറങ്ങുന്നു. പിന്നാലെ നെറ്റി തടവി ഞാനും. തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കുകൂട്ടിയത്.

പക്ഷേ, കണ്ടത് മറ്റൊന്നാണ്. കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു.

ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു. കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിന്റെ സാരം ഇതാണ്. മൂപ്പരാണ് സ്‌കൂളിന്റെ സെക്യുരിറ്റി ചീഫ് .

‘കാറിന്റെ ഇടി കൊണ്ടത് പയ്യന്റെ വലതുകാലിന്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്‌സിന്റെ പോക്കറ്റിൽ പയ്യൻ രണ്ടു കൃക്കറ്റ് ബോളുകൾ കുത്തി നിറച്ചു വച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യൻ സ്മൂത്തായി കാനയ്ക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ.

‘പാർത്താൽ എന്നമോ പെരിയ ആക്സിഡന്റ് ആനാ, യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ’’

മീശക്കാരൻ കൈ നീട്ടി. ഹീറോ ഹസ്തം ദാനം ചെയ്തു.

‘നീ പേടിച്ചു പോയോ?’

തിരിച്ചു വണ്ടിയിൽ കയറിയ ശേഷം മമ്മൂട്ടി എന്നോടു ചോദിച്ചു.

‘നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എന്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്. റോഡില് കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻട്ര് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല’’

‘ശരിയാ ഈ കോസ്റ്റ്യൂമിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്.’

കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.”