‘ആരെയെങ്കിലും തട്ടിക്കൊണ്ടുപോയാൽ രാമായണത്തെ കുറ്റം പറയുമോ?’ രാംഗോപാൽ വർമയുടെ പരാമർശത്തിൽ വിവാദം

','

' ); } ?>

ആന്ധ്രപ്രദേശിലെ സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നാലെ, സിനിമകളിലെ അക്രമ രംഗങ്ങളും സമൂഹത്തിലെ കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും രാജ്യത്ത് ചൂടുപിടിക്കുന്നു. അക്രമ സംഭവങ്ങളുടെ പേരിൽ സിനിമകളെ കുറ്റപ്പെടുത്തുന്നതിനെതിരെ സംവിധായകൻ രാംഗോപാൽ വർമ്മ രംഗത്തുവന്നതും ഇതിന്മേൽ ഉയരുന്ന വലിയ എതിർപ്പുകളുമാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.

അനന്തപുർ ജില്ലയിലെ രാപ്താട് ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറിയ 21-കാരനായ ഹേമന്ത് എന്ന യുവാവ്, പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ചെയിൻസോ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹപാഠിക്കും പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ അനന്തപൂർ സർക്കാർ ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, പെൺകുട്ടിയുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നേരിട്ട് ഇടപെടുന്നുണ്ടെന്ന് അറിയിച്ചു.

ഈ നടുക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമകളിലെ അക്രമ ദൃശ്യങ്ങളാണ് കുറ്റകൃത്യങ്ങൾക്ക് കാരണം എന്ന വാദത്തോട് രാംഗോപാൽ വർമ്മ വിയോജിച്ചത്. കുറ്റകൃത്യങ്ങൾക്ക് സിനിമകളെ പഴിചാരുന്നത് തട്ടിക്കൊണ്ടുപോകലുകൾ വർധിക്കുന്നതിന് രാമായണത്തെ കുറ്റപ്പെടുത്തുന്നത് പോലെയാണെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.

എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് അണപൊട്ടുന്നത്. രാമായണത്തിൽ തട്ടിക്കൊണ്ടുപോകലിനെ വില്ലത്തരമായി കാണിക്കുമ്പോൾ, ആധുനിക സിനിമകൾ അക്രമങ്ങളെയും കൊലപാതകങ്ങളെയും നായകത്വത്തിന്റെ ഭാഗമായി ആഘോഷിക്കുകയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സിനിമകൾ നേരിട്ട് കുറ്റകൃത്യം ചെയ്യാൻ പ്രേരണ നൽകുന്നില്ലെങ്കിലും, അക്രമങ്ങളെ സാധാരണവൽക്കരിക്കാനും കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ അത് ‘കൂൾ’ ആണെന്ന ചിന്ത വളർത്താനും ഇത്തരം ചിത്രീകരണങ്ങൾക്ക് കഴിയുമെന്നാണ് ജനവികാരം. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ സിനിമകൾക്ക് വലിയ ശക്തിയുണ്ടെന്നിരിക്കെ, മാധ്യമങ്ങളുടെ ഇത്തരം ഉത്തരവാദിത്തമില്ലായ്മയെ തള്ളിക്കളയാനാവില്ലെന്നും വിമർശകർ അടിവരയിടുന്നു.