
‘ജയിലർ 2’വിൽ നിന്ന് നടൻ മോഹൻലാലിന്റെ രംഗങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കിയതിൽ പ്രതികരണവുമായി നിർമാതാവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ആന്റണി പെരുമ്പാവൂർ. ചിത്രത്തിന്റെ ഫൈനൽ കട്ടിൽ നിന്ന് തന്റെ രംഗങ്ങൾ വെട്ടിമാറ്റിയ വിവരം മോഹൻലാലോ അദ്ദേഹത്തിന്റെ ടീമോ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ആന്റണിയുടെ വാക്കുകൾ.
‘ജയിലർ 2’വിൽ നിന്ന് മോഹൻലാലിന്റെ ചില സീനുകൾ ഒടുവിൽ നീക്കം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് മലയാളികൾക്കാകെ നിരാശയുണ്ടാക്കിയ സംഭവമാണെന്നും ആ സന്തോഷമില്ലായ്മ തങ്ങൾക്കുമുണ്ടെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. സിനിമയുടെ ട്രെയിലറിലും പ്രൊമോഷനുകളിലും കണ്ട രംഗങ്ങൾ തിയേറ്ററിൽ പ്രതീക്ഷിച്ച പ്രേക്ഷകരുടെ അതേ നിരാശ തന്നെയാണ് തങ്ങൾക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
രജനികാന്ത് കേന്ദ്രകഥാപാത്രമായെത്തിയ ‘ജയിലറി’ന്റെ ആദ്യഭാഗത്തിൽ ‘മാത്യു’ എന്ന എക്സ്റ്റൻഡഡ് കാമിയോ റോളിലൂടെ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച മോഹൻലാൽ, രണ്ടാം ഭാഗത്തിലും നിർണായക സാന്നിധ്യമാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അദ്ദേഹം ചിത്രീകരണത്തിൽ പങ്കെടുത്ത ഭാഗങ്ങൾ ഫൈനൽ എഡിറ്റിങ്ങിൽ പൂർണമായി ഒഴിവാക്കപ്പെട്ടത് ചിത്രം റിലീസായ ശേഷമാണ് അണിയറപ്രവർത്തകർ പോലുമറിയുന്നത്.
ഇത്രയും വലിയൊരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ നീക്കം ചെയ്യുമ്പോൾ നടനെയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരെയോ മുൻകൂട്ടി വിവരമറിയിക്കുന്ന പ്രാഥമിക മര്യാദ തമിഴ് സിനിമാ അണിയറപ്രവർത്തകർ കാണിച്ചില്ലെന്ന വിമർശനം ഇതിനോടകം ശക്തമായിട്ടുണ്ട്. ‘ജയിലർ 2’ റിലീസായിട്ടും ചിത്രത്തെക്കുറിച്ചുള്ള യാതൊരു പ്രൊമോഷനും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാതിരുന്നതും ഈ അമർഷം മൂലമാണെന്നാണ് സൂചന. സംഭവത്തിൽ നിർമാതാക്കൾക്കെതിരെ മോഹൻലാൽ ആരാധകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.