‘നിറം’ ചിത്രത്തിൽ ശാലിനിക്ക് പകരം അസിനെ പരിഗണിച്ചിരുന്നു; ഒഴിവാക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ

','

' ); } ?>

കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ‘നിറം’ എന്ന ചിത്രത്തിൽ ശാലിനിക്ക് പകരം നടി അസിനെ നായികയായി പരിഗണിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ. ശാലിനിക്ക് തുടക്കത്തിൽ തീയതികളിൽ തടസ്സമുണ്ടായിരുന്നതിനാലാണ് പുതിയ നായികമാർക്കായി ഓഡിഷൻ നടത്തിയത്. ഇതിൽ പങ്കെടുത്ത അസിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും, ഒരു പ്രത്യേക കാരണം കൊണ്ടാണ് താരത്തെ ഒഴിവാക്കേണ്ടി വന്നതെന്ന് കമൽ വ്യക്തമാക്കുന്നു.

സംഭാഷണങ്ങൾ പറയുമ്പോൾ കൺപോളകൾ അടിക്കടി ചിമ്മുന്ന സ്വഭാവം അസിനുണ്ടായിരുന്നു. പലതവണ ശ്രമിച്ചിട്ടും ഇത് നിയന്ത്രിക്കാൻ സാധിക്കാതിരുന്നതോടെയാണ്, കേന്ദ്രകഥാപാത്രമായതിനാൽ ഇത്തരമൊരു പരീക്ഷണത്തിന് മുതിരാതെ അസിനെ ഒഴിവാക്കാൻ നിർബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയപ്പോഴും ഈ പ്രശ്നം പ്രകടമായിരുന്നു. എന്നാൽ ഈ പോരായ്മ തിരിച്ചറിഞ്ഞ് പരിശീലനത്തിലൂടെ സ്വയം തിരുത്തിയ അസിൻ, പിൽക്കാലത്ത് തമിഴിലടക്കം വലിയ താരമായി വളരുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, അന്ന് നൽകിയ ഉപദേശത്തെക്കുറിച്ചും അതിനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചും അസിൻ നന്ദിയോടെ ഓർത്തെടുത്തതായും കമൽ കൂട്ടിച്ചേർത്തു.

കമലിന്റെ വാക്കുകൾ

“നിറ’ത്തിൽ ശാലിനിക്ക് പകരം നമ്മൾ ഒരുപാട് ഓപ്ഷനുകൾ നോക്കിയിരുന്നു. അസിനെ ഞാൻ ആ സിനിമയ്ക്കായി ഓഡിഷൻ ചെയ്തിരുന്നു. അതാണ് അതിന്റെയൊരു തമാശ.

കുറേ കുട്ടികളെ ഓഡിഷൻ ചെയ്തു. അസിൻ നന്നായി പെർഫോം ചെയ്തിരുന്നു. ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അസിന് ചെറിയൊരു പ്രശ്നമുണ്ടായിരുന്നു അന്ന് സത്യത്തിൽ. പിന്നീട് അസിൻ തന്നെ എന്നോട് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു കണ്ടപ്പോൾ. ഡയലോ​ഗ് പറയുമ്പോൾ അസിന്റെ കണ്ണ് ഇങ്ങനെ ചിമ്മി കൊണ്ടിരിക്കും.

ഫുൾ ടൈം കണ്ണ് ചിമ്മി കൊണ്ടിരിക്കും. അത് അസിന് കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ഡയലോ​ഗ് പറയിപ്പിക്കുമ്പോഴൊക്കെ കണ്ണിങ്ങനെ ചിമ്മി കൊണ്ടിരിക്കുകയാണ്. കണ്ണ് ചിമ്മുന്നത് ഒന്ന് കൺട്രോൾ ചെയ്യാൻ‌ പറ്റുമോ എന്ന് ഞാൻ അസിനോട് ചോദിച്ചു. പിന്നെ വീണ്ടും വേറൊരു ദിവസം അസിൻ വന്നു. വീണ്ടും ഓഡിഷൻ ചെയ്തു.

അപ്പോഴും ഇങ്ങനെ കണ്ണ് ചിമ്മി കൊണ്ടിരിക്കുകയാണ്. അവർ തന്നെ പറഞ്ഞു, ‘എനിക്കത് കൺ‍ട്രോൾ ചെയ്യാൻ പറ്റുന്നില്ല എന്ന്. ഞാൻ അത് പ്രാക്ടീസ് ചെയ്യാം’ എന്നൊക്കെ പറഞ്ഞു. പക്ഷേ എനിക്ക് സംശയമായി, കാരണം നമ്മുടെ കാരക്ടർ അത്രയും പ്രധാനപ്പെട്ടത് ആയതുകൊണ്ട് അങ്ങനെ ഒരു പരീക്ഷണം ചെയ്യാൻ പറ്റില്ല എന്ന് വച്ച് ഞാനത് ഒഴിവാക്കി.

അതിന് ശേഷമാണ് സത്യൻ അന്തിക്കാടിന്റെ വേറൊരു സിനിമയിൽ സഹനടിയായി എത്തിയത്. ആ സിനിമ കണ്ടാലും നിങ്ങൾക്ക് മനസിലാകും, അസിന്റെ കണ്ണ് ചിമ്മി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആളുകൾക്ക് അവരെ അങ്ങനെ ഇംപ്രസ്ഡ് ആയില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്. പിന്നെ അവരുടെ ആ പ്രശ്നം അവർക്കറിയാമല്ലോ.

അവർ അത് ട്രെയ്ൻ ചെയ്ത് മാറ്റി എടുത്തു എന്നുള്ളതാണ്. അസിൻ തമിഴിൽ വലിയ നായികയൊക്കെ ആയ ശേഷം ചെന്നൈ എയർപോർട്ടിൽ വച്ച് ഞാൻ അസിനെ കണ്ടു. അച്ഛനും ഉണ്ടായിരുന്നു. ഓടി വന്ന് എന്നോട് വർത്തമാനം ഒക്കെ പറഞ്ഞു. ‘കമൽ സാർ എന്നോട് കണ്ണ് ചിമ്മുന്നത് കുറയ്ക്കണം എന്ന് പറഞ്ഞ കാര്യം ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഞാൻ അതിനു വേണ്ടി ശ്രമിച്ചു’ എന്നൊക്കെ പറഞ്ഞ് എന്നോട് നന്ദിയൊക്കെ പറഞ്ഞു.”